തൃശ്ശൂര്‍: കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നുവെന്ന അവകാശവാദം തെറ്റ്. ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപത്തട്ടിപ്പിനിരയായയാള് മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു.
ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ജോഷി ആന്റണിയാണ് കത്തെഴുതിയത്. കരുവന്നൂര്‍ ബാങ്കില്‍ 84 ലക്ഷം രൂപ നിക്ഷേപമുണ്ട്. ചികിത്സിക്കാന്‍ പണമില്ല. കഠിനാധ്വാനം ചെയ്തും കുടുംബസ്വത്ത് വിറ്റും കിട്ടിയ പണമാണ് നിക്ഷേപിച്ചത്. ജോഷി ആന്റണി കത്തില്‍ പറയുന്നു. പണം ചോദിച്ചപ്പോള്‍ അത് തരാതിരിക്കാന്‍ ഹൈക്കോടതിയില്‍ ബാങ്കിന്റെ വക്കീലും സര്‍ക്കാര്‍ വക്കീലും കേസ് നടത്തുകയാണ്.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ ചികിത്സയിലായിരുന്നു ജോഷി. ഒരു ചെവിയുടെ ശേഷി നഷ്ടപ്പെട്ടു. കണ്ണിന് കാഴ്ച കുറഞ്ഞു. ഇതിനിടയില്‍ കഴുത്തില്‍ ട്യൂമര്‍ ബാധ കണ്ടെത്തി. ഇപ്പോള്‍ ക്യാന്‍സര്‍ ചികിത്സയിലാണ്.
തന്റെയും സഹോദരങ്ങളുടേയും പേരില്‍ ഉണ്ടായിരുന്ന ഭൂമി വിറ്റ് പണം നിക്ഷേപിച്ചു. സഹോദരങ്ങള്‍ക്കും പണം ലഭിക്കാത്ത അവസ്ഥയായി. ചികിത്സിക്കാന്‍ പോലും പണമില്ല. ദയാവധത്തിന് അനുമതി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
16 വയസു മുതല്‍ സിപിഎമ്മിന് വേണ്ടി കൊടി പിടിക്കുകയും തല്ലുകൊള്ളുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും ജോഷി പറയുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നുണ്ടെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ജോഷിയുടെ കത്ത്.
സിപിഎം പ്രവര്‍ത്തകനായ ജോഷിയുടെ നിര്‍ദേശപ്രകാരമാണ് സഹോദരങ്ങളും കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചത്. നേരത്തെ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജോഷി നിരാഹാര സമരം നടത്തുകയും കരുവന്നൂരില്‍ നിന്ന് കളക്ടറേറ്റിലേക്ക് ഏകനായി പദയാത്ര നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: