ദാദര്‍(മുംബൈ): അവര്‍ ബജരംഗബലികളായിരുന്നു… രാമകാര്യം നിര്‍വഹിക്കാന്‍ കടല്‍ ചാടിക്കടന്ന ബജരംഗബലി… പറയുമ്പോള്‍ ദാബീര്‍ മുത്തശ്ശിയുടെ കണ്ണുകളില്‍ തിളക്കം. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് അറുപത്തിമൂന്നാം വയസില്‍ ദാദറില്‍ നിന്ന് അയോദ്ധ്യയിലേക്ക് പോയ അതേ ഊര്‍ജ്ജം. ഇപ്പോള്‍ കാത് അല്പം പിറകിലേക്കാണ്. നടക്കാനും പ്രയാസമുണ്ട്. എങ്കിലും മനസ് അയോദ്ധ്യയിലാണ്… പ്രാണപ്രതിഷ്ഠയുടെ ക്ഷണപത്രം ഏറ്റുവാങ്ങുമ്പോള്‍ വിതുമ്പിക്കരയുകയായിരുന്നു തൊണ്ണൂറ്റിആറുകാരി ശാലിനി ദാബീര്‍… മക്കളേ… രാമന്‍ വന്നോ… അയോദ്ധ്യയില്‍ രാമക്ഷേത്രം ആയോ… എന്തൊരു ഭാഗ്യമാണിത്… കണ്ണടയും മുമ്പ് എനിക്കിത് അറിയാന്‍ അവന്‍ ജീവിതം തന്നല്ലോ…. ശാലിനി ദാബീര്‍ കരഞ്ഞു. മകന്‍ വികാസ് അടുത്തിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു, ചേര്‍ത്തുപിടിച്ചു.
ശാലിനി ദാബീറിന്റെ പോരാട്ടവീര്യം അനുപമമാണ്. ദാദറില്‍ നിന്ന് വനിതകളായ ഒരു കൂട്ടം കര്‍സവകരുമായാണ് ശാലിനി 1990 ഒക്‌ടോബറില്‍ അയോദ്ധ്യയിലേക്ക് പോയത്. രാജ്യമൊട്ടാകെ അന്ന് ഒരേ മന്ത്രമായിരുന്നു. മന്ദിര്‍ വഹിം ബനായേംഗെ…. ആവേശമായിരുന്നു അക്കാലം. വഴിയില്‍ പോലീസ് തടഞ്ഞു. അറസ്റ്റ് ചെയ്തു. പാര്‍പ്പിക്കാന്‍ ജയിലുകള്‍ പോരാതെ വന്നു അധികാരികള്‍ക്ക്. പള്ളിക്കൂടങ്ങളും കോളജുകളും ജയിലറകളായി.
എന്നാല്‍ ശാലിനി ദാബീര്‍ ജയിലില്‍ രാംലല്ലയുടെ പോരാട്ടത്തിനിറങ്ങിയതായിരുന്നു. പോലീസിന്റെ തടവറയില്‍ നിന്ന് അവര്‍ പുറത്തിറങ്ങി. അയോദ്ധ്യയിലേക്ക് ഇനിയും അറുപത് കിലോമീറ്ററുണ്ടെന്നറിഞ്ഞു. നൂറ് യോജന കടല്‍ ചാടിക്കടന്ന ബജരംഗബലിയുടെ വീര്യമാണ് ഓരോ രാമഭക്തനിലും. ശാലിനി ദാബീര്‍ നടന്നു. വിശപ്പ് അറിഞ്ഞില്ല, ദാഹം അറിഞ്ഞില്ല… ഒക്‌ടോബര്‍ 30ന് അയോദ്ധ്യയിലെത്തി…. ദൂരെ നിന്നെ കണ്ട കാഴ്ച മനസ് കുളിര്‍പ്പിച്ചു… തര്‍ക്കമന്ദിരത്തിന് മുകളില്‍ കാവിക്കൊടി പാറുന്നു.
പോലീസ് അക്രമാസക്തരായിരുന്നു. വെടിവച്ചും കണ്ണീര്‍വാതകം പ്രയോഗിച്ചും അവര്‍ കര്‍സേവകരെ തുരത്താന്‍ പരിശ്രമിച്ചു. എന്നാല്‍ എല്ലാവരും മുന്നോട്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കുന്നത് രാമന്റെ വാനരസേന തന്നെയാണെന്ന് ശാലിനി ദാബീര്‍ പറയുന്നു. ഞാനത് കണ്ണുകൊണ്ടു കണ്ടു.. അവരാരും മനുഷ്യരായിരുന്നില്ല. രാമഭക്തിയില്‍ എല്ലാം മറന്ന രാമസേനയായിരുന്നു. ചുറ്റും വെടിയൊച്ചകള്‍… എന്നാല്‍ എല്ലാറ്റിനും മീതെ ഉയര്‍ന്നത് രാമസങ്കീര്‍ത്തനങ്ങള്‍….
ഓര്‍മ്മകള്‍ ചികഞ്ഞ് ദാബീര്‍ മുത്തശ്ശി ആ കഥകള്‍ തിളക്കത്തോടെ പറയുമ്പോള്‍ ക്ഷണപത്രം നല്കാനെത്തിയവരുടെ കണ്ണുകളും നിറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: