ആലപ്പുഴ: സ്വന്തം കല്യാണക്കുറി കുളവാഴയില്‍ തയാറാക്കിയ കല്യാണിയുടെ വിവാഹം 21ന്. കുട്ടനാട്ടിലെ ജലാശയങ്ങളെ മൂടി നാട്ടുകാരെ ദുരിതത്തിലാഴ്ത്തിയ കുളവാഴയോട് കുട്ടനാട്ടുകാരിയായ കല്യാണിയുടെ ‘മധുര പ്രതികാര’ മായിരുന്നു സ്വന്തം കല്യാണക്കുറി കുളവാഴയില്‍ നിന്ന് നിര്‍മിച്ച പേപ്പറില്‍ തയാറാക്കിയത്.
കൈനകരി കുട്ടമംഗലം സ്വദേശി സി. അനില്‍ – ബിന്ദു ദമ്പതികളുടെ മകളായ കല്യാണി ഇപ്പോള്‍ എറണാകുളം ‘കുഫോസില്‍’ (ഫിഷറീസ് സര്‍വകലാശാല) എംഎസ്സി വിദ്യാര്‍ത്ഥിനിയാണ്. ആലപ്പുഴ എസ്ഡി കോളജില്‍ സുവോളജി ബിരുദ പഠന സമയത്ത് പ്രോജക്ട് ചെയ്തത് വകുപ്പ് തലവനും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ പ്രൊഫസര്‍ ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ കീഴിലായിരുന്നു. കോളജിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്-അപ്പ് ആയ ‘ഐക്കോടെക്ക്’ സിഇഒ അനൂപ് കുമാര്‍. വി യുടെയും സംഘത്തിന്റെയും മേല്‍നോട്ടത്തിലാണ് കുളവാഴയില്‍ നിന്നുള്ള വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നേടിയത്. അന്നു ലഭിച്ച ശിക്ഷണം ഇപ്പോള്‍ സ്വന്തം വിവാഹ സമയത്ത് ഉപയോഗിക്കുകയായിരുന്നു കല്യാണി.
പ്രതിശ്രുത വരന് തിരുവനന്തപുരം കാട്ടാക്കട സ്വദേശി അഭയ് സുജനും വീട്ടുകാരും കല്യാണിയെ പിന്തുണച്ചപ്പോള്‍ കുളവാഴയില്‍ നിന്നും നിര്‍മിച്ച കല്യാണക്കുറി പിറന്നു. കല്യാണിയും കൂട്ടുകാരും കോളജിലെ സാമൂഹ്യ പരിശീലന കേന്ദ്രത്തില്‍ കുളവാഴ പള്‍പ്പും, ഉപയോഗിച്ച പേപ്പറും നിശ്ഛിത അനുപാതത്തില്‍ ചേര്‍ത്ത് നിര്‍മിച്ച് കടലാസ് തയാറാക്കി.
കുളവാഴപ്പൂവിന്റെ ചിത്രം കൂടി ചേര്‍ത്ത് കല്യാണക്കുറി മനോഹരമായി ഡിസൈന്‍ ചെയ്ത് അനൂപ് കുമാര്‍ രംഗത്തെത്തിയപ്പോള്‍ പിറന്നത് വൈറലായ കല്യാണക്കുറി. ഇന്റര്‍നെറ്റില്‍ എട്ടു ലക്ഷത്തിലധികം പേര് ഇതിനകം ‘കല്യാണിയുടെ കല്യാണക്കുറി’ കണ്ടു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: