ചിങ്ങത്തിലെ തിരുവോണനാളില്‍ ശ്രീപത്മനാഭസ്വാമിക്ക് കാഴ്ച്ചവയ്ക്കുന്ന ചടങ്ങാണ് ഓണവില്ല് സമര്‍പ്പണം. അത്യപൂര്‍വ്വയൊരു കലാസൃഷ്ടിയാണ് ഓണവില്ല്. മതിലകം രേഖയില്‍ ഇരവി രാജവര്‍മ്മയുടെ കാലത്ത് ഈ ചടങ്ങ് പുനരാംഭിച്ചതായി പരാമര്‍ശിക്കുന്നുണ്ട്. ശ്രീ പത്മനാഭ പെരുമാളിന് സമര്‍പ്പിക്കുന്നതിന് വില്ലുകള്‍ ഉണ്ടാക്കണമെന്ന് കണ്ണാളന്‍ മാദേവര്‍ കുമാരനാശാരിക്ക് തൃപ്പാപ്പൂര്‍ മൂത്ത തിരുവടി കല്പന കൊടുത്തിട്ടുള്ളതായി ക്രിസ്തുവര്‍ഷം 1502 ലെ ക്ഷേത്രചുരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വില്ലിന്റെ ഉല്പത്തിയെക്കുറിച്ചുള്ള ഐതിഹ്യമിങ്ങനെ: വാമനന് മഹാബലിയെ പാതാളലോകത്തേക്ക് അയയ്ക്കുമ്പോള്‍ ബലി, ഭഗവാനോട് വിശ്വരൂപം കാട്ടിത്തരണമെന്ന് ആഗ്രഹമറിയിക്കുന്നു. ഭഗവാന് അത് നിറവേറ്റി കൊടുത്തപ്പോള്‍ ദശാവതാരം കാണണമെന്ന് ആഗ്രഹമായി. ഭഗവാന് വിശ്വകര്‍മ്മാവിനോട് ദശാവതാരകഥകള്‍ വരച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടു. ആ ആഗ്രഹം ഓരോ തിരുവോണനാളിലും മഹാബലി ഭഗവാനെ സന്ദര്‍ശിക്കുന്ന വേളയില്‍ വിശ്വകര്‍മ്മാവിന്റെ വംശജര്‍ ഓണവില്ലുകളില്‍ കൂടി വരച്ച് ബലിയുടെ ആഗ്രഹം സഫലീകരിക്കുന്നു എന്നാണ് വിശ്വാസം.
കടമ്പ് വൃക്ഷത്തിന്റെയോ, മഹാഗണി വൃക്ഷത്തിന്റെയോ തടിയിലാണ് ഓണവില്ല് അഥവാ പള്ളിവില്ല് നിര്‍മ്മിക്കുന്നത്. അനന്തശയനം വില്ല്, ദശാവതാരം വില്ല്, ശ്രീരാമപട്ടാഭിഷേകം വില്ല്, ശാസ്താവ് വില്ല്, കൃഷ്ണലീല വില്ല്, വിനായകന് വില്ല് എന്നിങ്ങനെ ആറുതരം വില്ലിന്റെ ജോടിയായി 12 വില്ലുകളാണ് സമര്‍പ്പിക്കുന്നത്.
വലിയവില്ല് എന്ന് അറിയപ്പെടുന്നത് അനന്തശയനം വില്ലാണ്. നാലര അടി നീളം, ആറിഞ്ച് വീതി മുക്കാല്‍ ഇഞ്ച് കനം ഉണ്ടാകുമ്പോള്‍ ദശാവതാരവില്ലിനും, ശ്രീരാമ പട്ടാഭിഷേകവില്ലിനും ശാസ്താവില്ലിനും നാലടിനീളവും അഞ്ചിഞ്ച് വീതിയും മൂക്കാല്‍ ഇഞ്ച് കനവും ആണ് ഉണ്ടായിരിക്കുക. കൃഷ്ണലീല വിനായകം വില്ലുകള്‍ക്ക് മൂന്നരയടി നീളം നാലിഞ്ച് വീതി മുക്കാല്‍ ഇഞ്ച് കനം ഉണ്ട്. വില്ലിന്റെ ഇരുവശവും വീതി കുറച്ച് വഞ്ചിയുടെ രൂപത്തില്‍ തയ്യാറാക്കി മിനുസപ്പെടുത്തി ചിത്രങ്ങള്‍ വരയ്ക്കുന്നു. ചിത്രം വരയ്ക്കുന്ന ഭാഗം ചുവപ്പു നിറവും പുറകിലത്തെ ഭാഗം മഞ്ഞനിറവും ആയിരിക്കും. മന്ത്രം ചൊല്ലി പ്രാര്‍ത്ഥനയോടെ കുഴച്ചെടുത്ത് പഞ്ചവര്‍ണ്ണങ്ങളാല്‍ തയ്യാറാക്കുന്ന നിറകൂട്ടുകളാണ് ചിത്രങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഭക്തിയോടെയും വ്രതശുദ്ധിയോടെയുമാണ് വില്ല് തയ്യാറാക്കുന്നതും ചിത്രങ്ങള്‍ വരയ്ക്കുന്നതും. പത്മനാഭസ്വാമി ക്ഷേത്രഗോപുരത്തിന്റെ താഴികകുടം ഇരിക്കുന്ന മുകള്ഭാഗം വള്ളത്തിന്റെ ആകൃതിയിലാണ്. ഈ ആകൃതിയിലാണ് വില്ലിന്റെ നിര്‍മ്മാണവും ഇത് വഞ്ചിനാടിന്റെ പ്രതീകമാണെന്ന സങ്കല്പവുമുണ്ട്.
അനന്തശയനം വില്ലില്‍ ശ്രീപത്മനാഭ സ്വാമിയുടെ ശിരസ്സിന്റെ ഭാഗത്ത് ലക്ഷ്മീദേവിയും പാദഭാഗത്ത് ഭൂമിദേവിയുമാണ്. അശ്വനീദേവന്മാര്, നാരദര്, ദിവാകരമുനി, കൗണ്ഡില്യമുനി, ഗരുഡന്, കാവല്‍ ഭൂതങ്ങള്‍, ശിവലിംഗം, ബ്രഹ്മാവ്, സൂര്യചന്ദ്രന്മാര്, ശംഖ്, ചക്രം, ഗദ, വാള്, പരിച, വില്ല്, ദീപങ്ങള്‍ എന്നിവയാണ് ഇതില്‍ വരയ്ക്കുന്നത്. ദശാവതാരം വില്ലില്‍ മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളാണ് വരയ്ക്കുന്നത്.
പട്ടാഭിഷേകം വില്ലില്‍ ശബരീമോക്ഷം, ശ്രീരാമപട്ടാഭിഷേകം, ഭരതന് ശ്രീരാമ മെതിയടി സിംഹാസനത്തില്‍ വച്ച് പൂജിക്കുന്ന ചിത്രം ഇവ ആലേഖനം ചെയ്യുന്നു. ശാസ്താവ് വില്ലില്‍ മോഹിനീവേഷം കെട്ടിയ മഹാവിഷ്ണുവിനേയും ശിവനേയും ഉണ്ണി അയ്യപ്പനേയും ചിന്മുദ്രയുള്ള അയ്യപ്പസ്വാമിയേയും വെളുത്ത കുതിരയുടെ പുറത്ത് വരുന്ന ശാസ്താവിന്റെ ചിത്രങ്ങളുമാണ് വരയ്ക്കുന്നത്. കൃഷ്ണലീല വില്ലില്‍ ഉണ്ണിക്കൃഷ്ണന് വെണ്ണ കക്കുന്നതും, കാളിയമര്‍ദ്ദനം, ഉരലില്‍ ബന്ധിച്ചകൃഷ്ണന്‍ എന്നീ ചിത്രങ്ങളും കാണും വിനായകവില്ലില്‍ ഗണപതിയേയും ദീപങ്ങളേയും വരയ്ക്കുന്നു.
തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ വാസ്തു ശില്പികളും മൂത്താചാരികളുമായ കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട് വിശ്വകര്‍മ്മ സമുദായത്തിലെ കുടുംബകാരണവര്‍ക്കാണ് ഇതിനുള്ള അവകാശം നല്‍കിയിട്ടുള്ളത്. തലമുറകള്‍ കൈമാറിവന്ന അവകാശം ഇപ്പോള്‍ എട്ടാമത്തെ തലമുറയിലെത്തി നില്ക്കുന്നു.
ചിങ്ങത്തിലെ ഉത്രാടം നാളില്‍ പണിതീര്‍ന്ന ആറുജോടി വില്ലുകളും കുടുംബപരദേവതയുടെ നടയില്‍ സമര്‍പ്പിക്കും. മൂന്നു മാസങ്ങള്‍ക്ക് മുമ്പേ തന്നെ വ്രതശുദ്ധിയോടെയാണ് വില്ലുകള്‍ക്ക് രൂപം നല്‍കുന്നത്. തിരുവോണ നാളില്‍ രാവിലെ അഞ്ചുമണിക്കും ആറുമണിക്കും ഇടയ്ക്ക് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ മേളവാദ്യത്തോടെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ കിഴക്കേകോട്ടയിലൂടെ തിരുനടയില്‍ എത്തിയ്ക്കുന്നു. പ്രധാനദേവനേയും ശ്രീരാമനേയും നരസിംഹമൂര്‍ത്തിയേയും ശ്രീകൃഷ്ണനേയും ഒരേ സങ്കേതത്തില്‍ പ്രതിഷ്ഠിച്ച് ആരാധന നടത്തണമെന്ന് വൈഷ്ണവ ക്ഷേത്രങ്ങള്‍ക്കു ലക്ഷണമായി വേദങ്ങളില്‍ പറയുന്നു. ശയന രൂപത്തിലുള്ള പത്മനാഭനെ ശ്രീരാമനായി സങ്കല്പിച്ചാണ് പ്രാണ പ്രതിഷ്ഠയ്ക്ക് ഓണവില്ല് സമര്‍പ്പിച്ചത്. ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ ജനുവരി 18 വൈകുന്നേരം ശ്രീരാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്ക് ഓണവില്ല് കൈമാറും. ഭക്തരുടെ നാമജപത്തിലാണ് ഈ ചടങ്ങുകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: