വ്യക്തിസ്വാതന്ത്ര്യത്തിലും വ്യക്തിസാധനകളിലുമാണ് ഹൈന്ദവപാരമ്പര്യം ഊന്നല്‍ നല്‍കുന്നത്. കാരണം വ്യക്തി എപ്പോഴും തനിച്ചാണെന്നതാണ്. അതുകൊണ്ടുതന്നെ ‘ഉദ്ധരേദാത്മനാത്മാനം’ എന്നതാണ് ഹിന്ദുവിന്റെ ആപ്തവാക്യം. ഇതല്ലാതെ സമൂഹപ്രാര്‍ത്ഥനകള്‍ക്കു വലിയ പ്രാധാന്യമൊന്നും കല്പിക്കപ്പെടുന്നില്ല. (ഋഗ്വേദത്തിന്റെ അവസാനമുള്ള ‘സംഗച്ഛദ്ധ്വം സംവദദ്ധ്വം’ എന്നു തുടങ്ങുന്ന സംവാദസൂക്തത്തിലും ‘സഹനാവവതു, സഹനൗ ഭുനക്തു’ എന്നു തുടങ്ങുന്ന ഉപനിഷത് ശാന്തിമന്ത്രത്തിലും മറ്റും ഉപദേശിക്കുന്നതു ഐകമത്യം എന്ന ജീവിതമൂല്യമാണെന്നോര്‍ക്കുക. ഈ ഐക്യദാര്‍ഢ്യം ആണ് ഓരോ വ്യക്തിയും സാധനവഴി നേടേണ്ടത്, സാമൂഹ്യപ്രാര്‍ത്ഥനവഴി വ്യക്തിയുടെ ഉന്നമനം അല്ല. വ്യക്തിയുടെ സാധനകൊണ്ട് മഹാപുരുഷത്വവും അവതാരപദവി വരെ ഉയരാവുന്ന വ്യക്തിവികാസത്തിന്റെ അനന്തസാദ്ധ്യതയു മാണ് ഹിന്ദുധര്‍മ്മം ലക്ഷ്യമായി കാട്ടിത്തരുന്നത്.
ഇവിടെ എത്രയോ മഹാത്മാക്കളുടെ ജീവിതം ഉദാഹരിക്കപ്പെട്ടിരിക്കുന്നു. ഈ സാധനകള്‍ സുപരീക്ഷിതങ്ങളായ വിശ്വാസങ്ങളേയും അവധാരണകളേയും അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. അതു കൊണ്ടു തന്നെയാണ് നിരന്തരം പ്രലോഭനങ്ങള്‍ കാട്ടിയും ഭീഷണിപ്പെടുത്തിയും ഒളിഞ്ഞും തെളിഞ്ഞും നൂറ്റാണ്ടുകളായി നടന്നുവരുന്ന മതപരിവര്‍ത്തന കൊടുങ്കാറ്റുകളില്‍ അല്പവും ഉലയാതെ ഹിമാലയം പോലെ ഹൈന്ദവധര്‍മ്മം സജീവപാരമ്പര്യമായി ഇന്നും തുടരുന്നത്. പല പ്രാചീന സംസക്കാരങ്ങളും ഭൂമുഖത്തുനിന്ന് മാഞ്ഞുപോയപ്പോഴും ഹിന്ദുധര്‍മ്മവും സംസ്കൃതിയും അനശ്വരമായി സ്ഥിതിചെയ്യുന്നത് അതിന്റെ ആന്തരിക സന്ദേശങ്ങളുടെ സത്യാത്മകതകൊണ്ടും മറ്റു സംസ്കാരധാരകളെ അവിരോധമായി തന്നില്‍ വിലയിപ്പിക്കാനുള്ള അസാധാരണായ കരുത്തുകൊണ്ടും ദാര്‍ശനികമായി ബലിഷ്ഠമായ അടിത്തറ സ്ഥാപിതമായതു കൊണ്ടും ആണ്. വാസ്തവത്തില്‍ ദാര്‍ശനികമായ അടിത്തറ എന്നല്ല പറയേണ്ടത്, ദര്‍ശനത്തിന്റെ തത്ത്വങ്ങള്‍ തന്നയാണ് മത തത്ത്വങ്ങളായി സ്വീകരിക്കപ്പെട്ടിരിക്കുന്നത്, എന്നാണ്. ഗ്രീസ്സിലും മറ്റും മതം ദാര്‍ശനികതയുടെ അഥവാ തത്ത്വജ്ഞാനത്തിന്റെ പ്രത്യേകതകള്‍ ആവഹിക്കുന്നു എന്നു പറയാറുണ്ട്. നമുക്ക് ഇവ തമ്മില്‍, മതതത്ത്വങ്ങളും തത്ത്വജ്ഞാനവും തമ്മില്‍ അന്തരമേ ഇല്ല. സയന്‍സുമായിപ്പോലും നമ്മുടെ മതതത്ത്വങ്ങള്‍ക്ക് യാതൊരു പൊരുത്തക്കേടും ഇല്ല. ഇത്ര സത്യനിഷ്ഠവും സാര്‍വകാലികവുമായതിനാലാണ് നമ്മുടെ ധര്മ്മത്തിന് അഥവാ മതത്തിന് യുക്തിവാദത്തില്‍ ഊന്നിനില്ക്കുന്ന ആധുനിക കാലത്തും തികഞ്ഞ അധൃഷ്യത അവകാശപ്പെടാനാവുന്നത്. ഈ ഭാരതഭൂമിയില്‍ വന്നു പിറന്നതുകൊണ്ട് നമുക്ക് അഭിമാനം തോന്നേണ്ടത് ഈ ധര്‍മ്മസംസ്കൃതിയുടെ, സമൃദ്ധമായ പൈതൃകത്തിന്റെ അനന്തരാവകാശികളായതുകൊണ്ടാണ്. അതു നാം തിരിച്ചറിയാതിരുന്നുകൂടാ. അപ്പോള്‍ മാത്രമേ അതിനെ പാലിക്കാനും പോഷിപ്പിക്കാനും നമുക്ക് കഴിയുകയുള്ളൂ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: