അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. കോടാനുകോടി രാമഭക്തര്‍ ആവേശത്തിരയിലാണ്. അവരിലൊരാള്‍ വൈപ്പിന്‍കരയില്‍ ചെറായിക്കടുത്തുള്ള അനന്തപുരം ഗ്രാമത്തിലെ ഒ.കെ. ശ്രീഹര്‍ഷനാണ്. അയോദ്ധ്യാ പ്രക്ഷോഭത്തില്‍ നിര്‍ണായകമായ കര്‍സേവയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നുപോയ ഏറ്റവും പ്രായംകുറഞ്ഞ ആളായിരുന്നു പത്തൊന്‍പതുകാരനായ ഹര്‍ഷന്‍.
1990 ആഗസ്ത് മാസം. ആലുവ കേശവ സ്മൃതിയില്‍ സംഘത്തിന്റെ ബൈഠക്കില്‍ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ അയോദ്ധ്യയില്‍ കര്‍സേവ നടക്കാന്‍ പോകുന്നതിനെക്കുറിച്ച് വിശദമായി അവതരിപ്പിച്ചു. കര്‍സേവകനാകാന്‍ ഹര്‍ഷന്റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു.
കര്‍സേവ പ്രഖ്യാപിച്ചപ്പോള്‍തന്നെ അന്നത്തെ യുപി മുഖ്യമന്ത്രി മുലായം സിങ് അയോദ്ധ്യയില്‍ കാലുകുത്തുന്ന ഒരു കര്‍സേവകനും ജീവനോടെ തിരിച്ചു പോകില്ലെന്ന് പ്രഖ്യാപിച്ചു. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചായിരുന്നു യാത്ര. കേരളത്തില്‍ നടന്ന ശ്രീരാമ ശിലാപൂജ വളരെ ഭംഗിയായും ഭക്തിനിര്‍ഭരമായും നടന്ന ഒരിടമായിരുന്നു അനന്തപുരം. ശിലാപൂജയുടെ സ്വാഗത സംഘം അദ്ധ്യക്ഷനായ ഹര്‍ഷന്റെ ഇളയച്ഛന്‍ എന്‍.എം. മാധവന്റെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി നന്നായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്നു. അതില്‍ എന്‍.സി. നാരായണന്‍. എ.കെ. ലക്ഷ്മണന്‍. ശിവദാസന്‍ തൈകൂട്ടത്തില്‍, എ.കെ. ചന്ദ്രന്‍, ഒ.ബി.മുരളി, കെ.ആര്‍.ശിശുപാലന്‍ എന്‍.ആര്‍.രാജീവ്, കെ.ബി.വേണു, മുട്ടിക്കല്‍ ഭാസ്‌ക്കരന്‍, ജി.ബി.പരമേശ്വരന്‍, എ.എസ്. ശിവന്‍, എ.വി.ലക്ഷ്മണന്‍ തുടങ്ങിയവര്‍ക്കൊപ്പം ഹര്‍ഷന്റെ അമ്മ ഉള്‍പ്പെടെ ചില അമ്മമാരും (സരസ്വതി കിട്ടന്‍പിള്ള, ഗംഗാപീതാബരന്‍) പങ്കെടുത്തു. അങ്ങനെ അനന്തപുരം എന്ന ഗ്രാമത്തിലെ ശ്രീരാമ ശിലാപൂജ പലനിലയ്‌ക്കും മാതൃകയായി.
ഗ്രാമത്തിലെ ശ്രീരാമഭക്തരുടെ പൂര്‍ണ്ണ പിന്തുണയോടെ ഹര്‍ഷന്‍ കര്‍സേവകനായി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ഹര്‍ഷനെ യാത്രയാക്കാന്‍ അമ്മമാരുള്‍പ്പെടുന്ന വലിയൊരു ജനക്കൂട്ടം വന്നിരുന്നു. ആലുവയില്‍ നിന്ന് ട്രെയിനില്‍ കയറി. ശ്രീരാമ മന്ത്രമുഖരിതമായ അന്തരീക്ഷത്തിലെ യാത്ര വി.രാധാകൃഷ്ണ ഭട്ജിയുടെ നേതൃത്വത്തിലായിരുന്നു. കേരളം കടന്ന് ട്രെയിന്‍ മുന്നോട്ട് പോകുന്തോറും അയോദ്ധ്യയിലെ വിവരങ്ങള്‍ പല സ്റ്റേഷനില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നു. ഉത്തര്‍പ്രദേശിലേക്ക് കടന്നപ്പോഴേക്കും വലിയ ആവേശമായി.
ഭട്ജി ധീരരക്തസാക്ഷികളുടെ ആവേശജ്വലമായ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങള്‍ക്കു മുന്നേയുള്ള വടക്കന്‍ ജില്ലകളിലെ പ്രവര്‍ത്തകര്‍ ഝാന്‍സിയില്‍ അറസ്റ്റിലായ വിവരം കടന്നുപോന്ന സ്റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഝാന്‍സി സ്റ്റേഷനു മുന്‍പേ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി ഇറങ്ങിയ ഹര്‍ഷനേയും മറ്റും മുന്നോട്ടു പോകുന്നതിനു മുന്നേ അറസ്റ്റ് ചെയ്തു. വലിയ വാഹനങ്ങളിലാണ് താത്ക്കാലിക ജയിയിലേക്ക് മാറ്റിയത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ സംഘര്‍ഷങ്ങളുടെ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. പോലീസ് പല കര്‍സേവകരേയും വെടിവച്ച് കൊന്നുവെന്ന വിവരം അറിഞ്ഞു. ജയിലില്‍ റിപ്പോര്‍ട്ട് കിട്ടിയതിനാല്‍ അന്തരീക്ഷം ശോകമൂകമായി. പ്രതീകാത്മകമായ കര്‍സേവ നടന്ന വിവരം കിട്ടി. പിറ്റേന്ന് ജില്ലാ മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ആള്‍ വന്ന് ജയിലില്‍ നിന്നും വിടുന്ന വിവരം അറിയിച്ചു. തൊട്ടടുത്തുള്ള ഝാന്‍സി റാണിയുടെ കോട്ടയില്‍ വിവിധ ജയിലിലുള്ള കര്‍സേവകര്‍ ഒത്തുകൂടി ഭജനയും പ്രഭാഷണവും നടത്തി. തിരിച്ച് കേരളത്തിലേക്ക് വരുംവഴി നാഗപ്പൂര്‍ കാര്യാലയത്തില്‍ കയറി അന്നത്തെ സര്‍സംഘചാലക് പരംപൂജനീയ ബാളാ സാഹേബ് ദേവറസ്ജിയെ കണ്ടു.
വീണ്ടും അയോദ്ധ്യയിലേക്ക് പോകുവാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ നാട്ടിലേക്ക് പോകാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അയോദ്ധ്യയിലെ സംഭവങ്ങള്‍ നാട്ടില്‍ അറിഞ്ഞിട്ടുണ്ടാകും. വീട്ടില്‍ എല്ലാവരും വിഷമിച്ചിരിക്കുകയായിരിക്കും. അതിനാല്‍ ഉടന്‍ നാട്ടിലേക്ക് തിരിക്കണം എന്ന ദേവറസ്ജിയുടെ നിര്‍ദേശം സ്വീകരിച്ചു. നാഗപ്പൂര്‍ കാര്യാലയത്തില്‍ നിന്ന് ആഹാരവും കഴിച്ച് നാട്ടിലേക്ക് തിരിച്ചു.
ഡി.എല്‍. സുബ്രഹ്മണ്യന്‍ (7012632594)
പ്രതികരിക്കാൻ ഇവിടെ എഴുതുക: