ന്യൂദല്‍ഹി: ഭീകരതയോട് ഒരു വിട്ടുവീഴചയും ഭാരതം സ്വീകരിക്കില്ല. ഇറാന് സ്വയരക്ഷയ്ക്കായി നടത്തിയ പ്രതിരോധത്തെ മനസ്സിലാക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍.
ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. രാജ്യങ്ങള്‍ അവരുടെ സ്വയരക്ഷയ്ക്കായി സ്വീകരിക്കുന്ന നടപടികള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇറാന് പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തിയത്. പ്രകോപനമില്ലാതെയാണ് ഇറാന് വ്യോമാതിര്‍ത്തി ലംഘിച്ചതെന്നും ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചെന്നും പാകിസ്ഥാന് വ്യക്തമാക്കി. ഭീകരവാദ സംഘമായ ജെയ്ഷ് അല്‍ അദ്ലിന്റെ രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന് പറഞ്ഞു.
രണ്ടു മിസൈലുകളാണ് ഇറാന് തൊടുത്തത്. പാകിസ്ഥാന് അതിര്‍ത്തിയില്‍ ഇറാന് സുരക്ഷാ സേനയ്ക്കെതിരെ ജെയ്ഷെ അല്‍ ആദ്ല്‍ നേരത്തെ ആക്രമണം നടത്തിയിരുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം എവിടെയാണ് നടത്തിയതെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയ താവളങ്ങളെന്ന ഇറാന് അനുകൂല മാധ്യമങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: