Categories: Kerala

കമ്പനി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് പുറത്ത്: വീണാ വിജയന്റെ കമ്പനിയില്‍ അടിമുടി ദുരൂഹത

Published by

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ബെംഗളൂരുവിലെ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ അടിമുടി ദുരൂഹമാണെന്ന് കര്‍ണാടക രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) റിപ്പോര്‍ട്ട്. കമ്പനിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളിലും ദുരൂഹതയാണ്. സിഎംആര്‍എല്ലില്‍ നിന്നു പണം കൈപ്പറ്റിയതു സംബന്ധിച്ച് കൃത്യമായ രേഖ കമ്പനി ഹാജരാക്കിയിട്ടില്ല. പിഴയും തടവും ലഭിക്കാവുന്ന ഗുരുതര വകുപ്പുകള്‍ പ്രകാരം എക്‌സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍. എക്‌സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

തുക വാങ്ങിയത് എന്തിനെന്നു തെളിയിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്, അതില്‍ കമ്പനി പരാജയപ്പെട്ടു. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്നു മാത്രമാണ് എക്‌സാലോജിക് പറയുന്നത്. ഇരുകമ്പനികളും തമ്മിലുള്ള കരാര്‍പത്രം പോലും ഹാജരാക്കാന്‍ എക്സാലോജിക്കിനായിട്ടില്ല. കമ്പനീസ് ആക്ട് 2013ന്റെ വകുപ്പ് 447, 488 പ്രകാരം എക്സാലോജിക്കിന്റെ പേരില്‍ നടപടിയാകാം. ദുരൂഹത നീക്കാന്‍ ഇരുകമ്പനികളുടെയും അക്കൗണ്ടുകള്‍ പരിശോധിക്കണം. സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനിയാണ് സിഎംആര്‍എല്‍. ഇടപാടുകള്‍ നടത്തുമ്പോള്‍ കമ്പനിയുടെ ബോര്‍ഡിനെ അറിയിക്കണം. എക്സാലോജിക്കുമായുള്ള കരാറിനെപ്പറ്റി ബോര്‍ഡിനെ അറിയിച്ചിരുന്നില്ല. കമ്പനീസ് ആക്ട് 188-ാം വകുപ്പ് ലംഘനമാണിത്.

ആര്‍ഒസിയുടെ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടു കണ്ടതിനാലാണ് കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്നതാണ് ആര്‍ഒസി റിപ്പോര്‍ട്ടും.

വീണയുടെ കമ്പനി കൈപ്പറ്റിയ തുകയെക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നാലു മാസം അനുവദിച്ചിട്ടുണ്ട്. ക്രമക്കേടുകളെ കുറിച്ച് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം നിയോഗിച്ച മൂന്നംഗ ഉന്നതതല സംഘം പരിശോധിക്കുകയാണ്. ഈ സമിതിയും സിബിഐ, ഇ ഡി അന്വേഷണത്തിനു ശിപാര്‍ശ ചെയ്‌തേക്കാം. റിപ്പോര്‍ട്ട് പരിഗണിക്കുന്ന ഹൈക്കോടതിയും ഇത്തരം അന്വേഷണത്തിന് നിര്‍ദേശിച്ചേക്കാമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക