Categories: Kerala

45,127 പേര്‍ക്കു കൂടി മുന്‍ഗണനാ റേഷന്‍ കാര്‍ഡ്

Published by

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയവരില്‍ 45,127 പേര്‍ക്കു കൂടി മുന്‍ഗണനാ കാര്‍ഡ് നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2023 ഒക്ടോ. 10 മുതല്‍ 30 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസില്‍ ലഭിച്ച അപേക്ഷകളും പരിഗണിച്ചാണ് കാര്‍ഡുകള്‍ നല്‍കുന്നത്.

രാവിലെ 11ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും.

ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം 39,611 മഞ്ഞ കാര്‍ഡുകളും(എഎവൈ) 3,28,175 പിങ്ക് കാര്‍ഡുകളും(പിഎച്ച്എച്ച്) ഉള്‍പ്പെടെ 3,67,786 മുന്‍ഗണനാ കാര്‍ഡുകള്‍ തരംമാറ്റി വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.

ഇന്ന് വിതരണം ആരംഭിക്കുന്ന കാര്‍ഡുകള്‍ കൂടി ചേരുന്നതോടെ വിതരണം ചെയ്ത ആകെ മുന്‍ഗണനാ കാര്‍ഡുകളുടെ എണ്ണം 4,12,913 ആകും. ഭക്ഷ്യധാന്യങ്ങളുടെ വില, റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍, ഗതാഗത കൈകാര്യ ചെലവ്, ഗോഡൗണ്‍ വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് അനുബന്ധ ചിലവുകള്‍ എന്നീ ഇനങ്ങളില്‍ വലിയ തുകയാണു സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു നല്‍കേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിലയിനത്തില്‍ പ്രതിമാസം ശരാശരി 28 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്നു. 2023 മുതല്‍ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള റേഷന്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ സൗജന്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by