പാലക്കാട്: വനം വകുപ്പ് സംഭരണശാലകളിലെ സ്ട്രോംഗ് റൂമുകളില്‍ സുക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകള്‍ തീയിട്ട് നശിപ്പിക്കും. ഏതാണ്ട് 100 കിലോയോളം കൊമ്പുകളാണ് തീയിടുകയെന്നാണ് റിപ്പോര്‍ട്ട്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകള്‍ ലേലം ചെയ്യാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത്.
വന്യജീവികള്‍ ചത്ത ശേഷം അവയുടെ കൊമ്പ്, തോല് തുടങ്ങിയവ വനംവകുപ്പിന്റെ സ്ട്രോംഗ് റൂമിലേക്ക് മാറ്റും. ആനക്കൊമ്പിന് അന്താരാഷ്ട്ര വിപണയില്‍ വന്‍ ഡിമാന്‍ഡായതിനാല്‍ ശക്തമായ സുരക്ഷയിലാണ് ഇവ സൂക്ഷിക്കേണ്ടത്. ഇങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ വന്‍ ചിലവും ആള്‍ബലവും ആവശ്യമാണ്.ഇതെല്ലാം കണക്കിലെടുത്താണ് നശിപ്പിക്കാനുളള തീരുമാനം.
അതേസമയം ഇരുപത്തിമൂന്ന് ജോഡി ആനക്കൊമ്പുകള്‍, ഇരുപത്തിമൂന്ന് ജോഡി മാന്‍കൊമ്പുകള്‍, ഇരുപത് ജോഡി കാട്ടുപോത്തിന്റെ കൊമ്പുകള്‍ എന്നിവ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിന് നല്‍കും. സൈന്യത്തിന്റെ അപേക്ഷ പ്രകാരം പ്രദര്‍ശനം, രൂപമാറ്റം, കൈമാറ്റം എന്നിവ ഉണ്ടാകരുതെന്ന കര്‍ശന ഉപാധിയോടെയാണ് ഇവ കൈമാറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: