ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍ 5000 കാബിന് ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. പുതുതായി ഓര്‍ഡര്‍ ചെയ്ത എ350 വിമാനം ലഭിക്കുന്നതിനോട് അനുബന്ധിച്ചാണ് റിക്രൂട്മെന്റ്. ബോയിങ് 777എക്സ് വിമാനം 2025ലും ലഭ്യമാകും.6 ഉപഭൂഖണ്ഡങ്ങളിലെ 460 നഗരങ്ങളിലായി അഭിമുഖത്തിന് അവസരമൊരുക്കി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ തൊഴില്‍ പരിചയമുള്ളവരേക്കാള്‍ പുതുതായി ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം ലഭിക്കുക. ഇന്റേണ്‍ഷിപ്പോ പാര്‍ട്ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവര്‍ക്കാണ് മുന്‍ഗണന. പ്രധാനമായി ഒരു വര്‍ഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വിസ് രംഗങ്ങളില്‍ ജോലിചെയ്തവരെയാണ് റിക്രൂട്ട്മെന്റില്‍ പരിഗണിക്കുക. എമിറേറ്റ്സ് ഗ്രൂപ്പ് കരിയേഴ്സ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
യോഗ്യത മാനദണ്ഡങ്ങള്‍
ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം(നല്ല രീതിയില്‍ സംസാരിക്കാനും എഴുതാനുമുള്ള കഴിവുണ്ടാകണം)
ടീമിനൊപ്പം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ല വ്യക്തിത്വം,കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരമുണ്ടാകണം. 212 സെന്റീമീറ്റര്‍ ഉയരത്തില്‍ കൈയെത്താനും സാധിക്കണം
യു.എ.ഇയിലെ തൊഴില്‍ വിസ നടപടികള്‍ക്ക് തടസ്സമില്ലാതിരിക്കുക
ഒരു വര്‍ഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വിസ് രംഗങ്ങളില്‍ തൊഴില്‍ പരിചയം,
കുറഞ്ഞത് 12ാം ക്ലാസ് വിദ്യാഭ്യാസം
കാബിന് ക്രൂ യൂനിഫോമില്‍ കാണാവുന്ന ടാറ്റൂ ഇല്ലാതിരിക്കുക
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലായാണ് കമ്പനി റിക്രൂട്ട്മെന്റ് നടപടികള്‍ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും റിക്രൂട്ട്മെന്റ് പ്രതീക്ഷിക്കാം. 2023ല്‍ എമിറേറ്റ്സ് 8,000 കാബിന് ക്രൂവിനെ നിയമിക്കുകയും 353 നഗരങ്ങളില്‍ റിക്രൂട്ട്മെന്റ് ഇവന്റുകള്‍ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റിലെ കണക്കുപ്രകാരം കമ്പനിയുടെ കാബിന് ക്രൂ അംഗങ്ങളുടെ എണ്ണം 20,000 കടന്നു. നിലവിലിത് 21,500 പിന്നിട്ടു.
മികച്ച ശമ്പളം മാത്രമല്ല ലാഭവിഹിതവും കമ്പനി തൊഴിലാളികള്‍ക്ക് നല്‍കാറുണ്ട്. ഹോട്ടല്‍ താമസം, വാര്‍ഷിക ലീവ്, വാര്‍ഷിക ലീവ് ടിക്കറ്റ്, ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗതം, മികച്ച മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയും കാബിന് ക്രൂ അംഗങ്ങള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവില്‍ 140ലധികം രാജ്യങ്ങളില്‍നിന്നുള്ള 130 ഭാഷകള്‍ സംസാരിക്കുന്ന അംഗങ്ങളാണ് ടീമിലുള്ളത്. ലോകത്തെ പ്രധാന രാജ്യങ്ങളിലേക്കെല്ലാം സര്‍വിസ് നടത്തുന്ന എമിറേറ്റ്സിന്റെ ലാഭം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പുതിയ കാബിന് ക്രൂ അംഗങ്ങള്‍ക്കും കമ്പനി എട്ട് ആഴ്ചത്തെ തീവ്രപരിശീലനം നല്‍കാറുണ്ട്. എമിറേറ്റ്സിന്റെ ദുബൈയിലെ അത്യാധുനിക സൗകര്യങ്ങളില്‍ പരിശീലനം നേടിയാല്‍ മികച്ച ആശയവിനിമയ ശേഷിയും നേതൃഗുണങ്ങളും കൈവരിക്കാനുമാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കിയാണ് കമ്പനിയുടെ സര്‍വിസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: