ഗംഗ പോലെ പരിശുദ്ധം, പവിത്രം, പുണ്യം.. അയോധ്യയെ തഴുകിയൊഴുകുന്ന സരയുവിലെ ഓളങ്ങളും ഉരുവിടുന്നത് രാമനാമങ്ങളാണ്, അതിലലയടിക്കുന്നത് രാമകഥകളാണ്. അവളുടെ ഉള്‍ത്തുടിപ്പുകള്‍ രാമഗീതികളാണ്. അയോധ്യയില്‍ നിന്ന് ഒരിക്കലും വേറിട്ടുകാണാനാവില്ല സരയു നദിയേയും. കാശിക്ക് ഗംഗ എന്ന പോലെയാണ് സപ്തമോക്ഷ പുരിയായ അയോധ്യക്ക് സരയുവും. വിഷ്ണുവിന്റെ വലതു പാദത്തിങ്കല്‍ നിന്ന് സരയുവും ഇടതു പാദത്തിങ്കല്‍ നിന്ന് സരയുവും ഉല്‍ഭവിക്കുന്നുവെന്നാണ് വിശ്വാസം.
ഭഗവാന്‍ ശ്രീരാമചന്ദ്രന് ഏറെ പ്രിയപ്പെട്ടവളാണ് സരയൂ നദിയും. മഹര്‍ഷിമാരുടെ പര്‍ണ്ണശാലകള്‍ പ്രഭ പരത്തിയ സരയുവിന്റെ തീരങ്ങളും സുന്ദരമാണ്. ഹിമാലയത്തിലെ മാനസരോവറില്‍ നിന്നാണ് ഉല്‍ഭവം. യുപിയിലെ ബഹ്‌റിച്ചില്‍ വച്ച്ഘഗാര, കാളി കര്‍ണാലി നദികള്‍ കൂടി ചേരുന്നതോടെ സരയൂ കരുത്താര്‍ജ്ജിക്കുന്നു. യുപിയിലൂടെ ഒഴുകിയൊഴുകി ബീഹാറില്‍ വച്ച് ഗംഗയില്‍ ലയിക്കുന്നു. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ നിത്യേന സ്‌നാനം ചെയ്തിരുന്നത് സരയുവിലായിരുന്നു, യാഗങ്ങളും പൂജകളും നടത്തിരുന്നതും അതിന്റെ മനോഹരമായ തീരഭൂവിലായിരുന്നു. ദശരഥന്റെ പുത്രനായ ഭഗവാന്‍ ശ്രീ രാമചന്ദ്രന്‍ പിറന്നത് സൂര്യവംശത്തിലാണ്.
സരയുവിന്റെ ഉല്‍ഭവം സംബന്ധിച്ച് ഐതിഹ്യം ഇങ്ങനെയാണ്. വിഷ്ണുവിനെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു സാക്ഷാല്‍ ബ്രഹ്മാവ്. അദ്ദേഹത്തിന്റെ തപസില്‍ പ്രീതനായ വിഷ്ണുവിന്റെ മനസലിഞ്ഞുവെന്നും മിഴിനീര്‍ത്തുള്ളി ഒഴുകിയിറങ്ങിയെന്നുമാണ് കഥ. ഇതു കണ്ട് ബ്രഹ്മാവ് ആ കണ്ണുനീര്‍ത്തുള്ളി പാഴാകാതിരിക്കാന്‍ അത് കമണ്ഡലുവിലാക്കി സംരക്ഷിച്ചു. പിന്നീട് അത് കൈലാസത്തിലെ മാനസരോവറില്‍ അത് സൂക്ഷിച്ചു. തന്റെ തപശക്തിയാല്‍ മനസില്‍ നിന്ന് സൃഷ്ടിച്ചതാണ് മാനസരോവര്‍. സൂര്യവംശം ഭരിക്കുമ്പോള്‍, അയോധ്യ അതിസമ്പന്നമായ രാജ്യമായി. പക്ഷെ അവിടൊരു പുണ്യ നദിയില്ലായിരുന്നു. സ്‌നാനത്തിനും സന്ധ്യാ വന്ദനത്തിനും ഹോമങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കും എല്ലാം ആവശ്യമായിരുന്നു പുണ്യനദി.
സൂര്യവംശത്തിന്റെ കുലഗുരുവായ വസിഷ്ഠ മഹര്‍ഷി ഈ പോരായ്മ ചൂണ്ടിക്കാട്ടി. അയോധ്യയിലേക്ക് ഒരു പുണ്യനദിയെ കൊണ്ടുവരാനും അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശം ലഭിച്ച രാജാവ് ആവനാഴിയില്‍ നിന്ന് അമ്പെടുത്ത് കുലച്ചു, വടക്കു ദിശ ലക്ഷ്യമാക്കി എയ്തു. മാനസരോവറിന്റെ മണ്‍ഭിത്തിയിലാണ് അത് തുളച്ചു കയറിയത്. ഭഗവാന്‍ വിഷ്ണുവിന്റെ കണ്ണീരില്‍നിന്ന് രൂപം കൊണ്ട തടാകത്തില്‍ നിന്ന് ആ ദ്വാരം വഴി വെള്ളം ഒഴുകിത്തുടങ്ങി. അത് നദിയുടെ രൂപത്തിലായി അയോധ്യയിലേക്ക് പ്രയാണമാരംഭിച്ചു. അതാണ് സരയൂ. രാമനെയും സൂര്യ വംശത്തെയും സേവിച്ചുകൊണ്ട് അങ്ങനെ അവള്‍ ഒഴുകുകയാണ്.
ബാലക രാമനെ സരയൂ നദി പരിചയപ്പെടുത്തി നല്‍കിയത് വിശ്വാമിത്ര മഹര്‍ഷിയാണ്. ഇക്കാര്യം രാമായണത്തിലെ ബാല കാണ്ഡത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. രാമന്റെ ജനനം, കാനന വാസം, അയോധ്യയിലേക്കുള്ള മടങ്ങിവരവ് തുടങ്ങിയ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ക്കെല്ലാം സാക്ഷിയാണ് ഈ പുണ്യനദി.
കോസലത്തിന്റെ പ്രധാന നദിയായ സരയൂവിലെ പിതൃബലിക്ക് പ്രത്യേക പ്രാധാന്യമാണ്. മഹാഭാരതത്തിലെ ഭീഷ്മപര്‍വ്വത്തിലും സരയൂ നദിയെപ്പറ്റി പറയുന്നുണ്ട്. പദ്മപുരാണം. പാണിനി മഹര്‍ഷിയുടെ അഷ്ടാധ്യായി മത്സ്യ പുരാണം എന്നിവയിലും സരയുവിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ഋഗ്വേദത്തിലും സരയൂ കടന്നുവരുന്നുണ്ട്. വാല്മീകി രാമായണത്തിന്റെ 24ാം സര്‍ഗത്തിലും സരയൂവുണ്ട്. ശ്രീരാമന്‍ വാണ ത്രേതാ യുഗത്തിനും മുന്‍പേയാണ് സരയൂ ജന്മമെടുത്തത്. ചുരുക്കത്തില്‍ സരയൂ ഇല്ലാതെ അയോധ്യയുടെ, ശ്രീരാമചന്ദ്രന്റെ കഥ പൂര്‍ണ്ണമല്ല. ഗംഗയുടെ ഏഴ് പോഷക നദികളില്‍ സുപ്രധാനമാണ് സരയൂ.
ദശരഥന്റെ പുത്രകാമേഷ്ടി നടന്നത് സരയുവിന്റെ വടക്കേതീരത്തായിരുന്നുവെന്നാണ് രാമായണത്തില്‍ പറയുന്നത്. വിശ്വാമിത്രനില്‍ നിന്ന് രാമന് രഹസ്യമന്ത്രോപദേശം ലഭിച്ചതും പുണ്യനദിയുടെ തീരങ്ങളില്‍ വച്ചായിരുന്നുവത്രേ. ജന്മലക്ഷ്യങ്ങള്‍ സമ്പൂര്‍ണ്ണമാക്കിയ ശേഷം, രാമന്‍ സരയുവിന്റെ ആഴങ്ങളിലേക്കാണ് മറഞ്ഞതും. നദിയിലേക്ക് നടന്നു നടന്ന് മറയുകയായിരുന്നു. അവിടെയാണ് അനന്തശായിയായ വിഷ്ണു പ്രത്യക്ഷപ്പെട്ടതും. ഗംഗാ ആരതി പോലെ വിശിഷ്ടമാണ് സരയൂ ആരതിയും. നിരവധി സ്‌നാന ഘട്ടങ്ങളാണ് സരയൂ നദിക്കരയില്‍. അതില്‍ രാമഘട്ടാണ് ഏറ്റവും പ്രധാനം. അവിടെവച്ചാണത്രേ ശ്രീരാമന്റെ സിംഹാസനാരോഹണം നടന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: