ഒരു തികഞ്ഞ യാഥാസ്ഥിതിക അന്തര്‍ജനത്തില്‍ നിന്നും കാല്പനികതയുടെ കഥാലോകത്തേക്ക് കടന്നുവന്നതാണ് വെള്ളയ്ക്കാട്ട് മനയില്‍ നിന്നും കെ.ബി. ശ്രീദേവി എന്ന നമ്മുടെ സ്വന്തം ഓപ്പോള്. ലാളിത്യം എന്നത് അവരുടെ സ്ഥായിഭാവമായിരുന്നു. ആ ലാളിത്യം എഴുത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍, അവിടെ ഒരു സ്ത്രീയുടെ വിലാപങ്ങളും വേദനകളുമെല്ലാമെല്ലാം നിറയും. എഴുത്തിന്റെ ലോകം തീവ്രമായി ഉള്ളില്‍ നിറയുമ്പോള്‍ പരിസര ജീവിതങ്ങളെ പകര്‍ന്നു വയ്ക്കാന്‍ തെല്ല് ആശങ്കകള്‍ ഒരു സ്ത്രീ എന്ന നിലയില്‍ കെ.ബി. ശ്രീദേവിക്ക് ഉണ്ടായിരിക്കണം. അതുകൊണ്ടാണ് മനസ്സില്‍ സ്വരുക്കൂട്ടിയ കഥകളും കഥാപാത്രങ്ങളും എഴുത്തു താളുകളിലേക്ക് രൂപപ്പെടാന്‍ വൈകിയതെന്നു തോന്നുന്നു.
കെ.ബി.ശ്രീദേവി എന്ന മലയാളത്തിന്റെ കുലീനയായ എഴുത്തുകാരി രൂപപ്പെടുന്നത് അവരുടെ വിവാഹത്തിനു ശേഷമാണ്. അതുവരെ ഉള്ളില്‍ സ്വരുക്കൂട്ടിയ എല്ലാ അനുഭവങ്ങളും കഥകളിലേക്ക് പകര്‍ന്നു വയ്ക്കുകയായിരുന്നു. അങ്ങനെയാണ് മലപ്പുറം വണ്ടൂരിനടുത്ത് വാണിയമ്പലത്തെ വെള്ളയ്ക്കാട്ട് മനയില്‍ നിന്നും പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്ത് നാഗലശ്ശേരിയിലെ കൂടല്ലൂര്‍ മനയിലേയ്ക്ക്; മഹാപണ്ഡിതരുടെ പതിനാറ് കെട്ടിലേക്കായിരുന്നു മലയാളത്തിലെ പ്രിയകഥാകാരി കടന്നുവരുന്നത്; ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിന്റെ പത്നിയായി.
സംസ്കൃത-വേദ പണ്ഡിതനായ വി.എം.സി. നാരായണന് ഭട്ടതിരിപ്പാടിന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകളായി പിറന്ന ‘മലയാള ഭാഷയുടെ ശ്രീദേവി’ പതിനാറാം വയസ്സില്‍ കയറിവന്നത് അതിപ്രശസ്തര്‍ ജീവിച്ച കൂടല്ലൂരിലേക്കാണ്. പണ്ഡിതരുടെ ഇടയില്‍ വളര്‍ന്നുവന്ന ശ്രീദേവിക്ക്, പക്ഷേ എഴുത്തിന്റെ നടുമുറ്റം അത്ര സ്വാതന്ത്ര്യമുള്ളതായിരുന്നില്ല. അന്തര്‍ജനങ്ങള്‍ അരങ്ങത്തേക്ക് വരുന്ന കാലം അന്ന് തുടങ്ങിയിരുന്നില്ലല്ലോ. എങ്കിലും എഴുത്തിന്റെ ലോകത്തേക്ക് വളരെ ശ്രദ്ധയോടെയാണ് ശ്രീദേവിയുടെ ‘യജ്ഞം’ ആരംഭിക്കുന്നത്. അങ്ങനെയാണ് 1940ല്‍ ജനിച്ച അവര്‍ 1973-74 ല്‍ പരിചിതമായ പരിസരങ്ങളെ കോര്‍ത്തിണക്കി ‘യജ്ഞം’ എന്ന നോവല്‍ എഴുതുന്നത്. അന്നുകാലത്ത് സ്ത്രീ രചനകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നോവല്‍ ആയിരുന്നു. ഒട്ടേറെ അംഗീകാരങ്ങളും അതിനു ലഭിച്ചു. (ആ കൃതി പിന്നീട്, കൊച്ചുമകള്‍ രഞ്ജന.കെ. ഹ്രസ്വ ചിത്രമാക്കുകയും ചെയ്തു.)
പ്രത്യേകിച്ച് നമ്പൂതിരി ജീവിതപരിസരങ്ങളുടെ കഥ പറയുന്നു എന്ന സവിശേഷതയും ‘യജ്ഞം’ എന്ന കൃതിക്കുണ്ടായിരുന്നു. അന്നവര്‍ക്ക് ലഭിച്ച സ്വീകാര്യതയും അഭിനന്ദനങ്ങളും തുടര്‍ന്നുള്ള എഴുത്തിന്റെ ഊര്‍ജമായിത്തീര്‍ന്നു. യൗവനകാലത്തു കൂട്ടിവെച്ച കഥാപാത്രങ്ങള്‍, കഥകള്‍, നമ്പൂതിരി ഗൃഹങ്ങളിലെ അറിയപ്പെടാത്ത ഉള്‍ത്തളങ്ങള്‍ എല്ലാം ഒരു അമ്മ എന്ന നിലയില്‍ വിരാജിച്ചുകൊണ്ട് അവരെഴുതിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ അവരുടെ എഴുത്തു വാക്കുകളില്‍ എല്ലാം ഒരമ്മയുടെ നിര്‍മ്മലത നിറഞ്ഞുനിന്നു. യജ്ഞകാരി എന്ന നിലയില്‍, ‘യജ്ഞം’ എന്ന നോവലിന്റെ എഴുത്തുകാരി എന്ന നിലയില്‍ അറിയപ്പെട്ടതോടെ പിന്നീടുള്ള എഴുത്തു ജീവിതം സുഗമമായിരുന്നു. തുടങ്ങിവച്ച ‘യജ്ഞം’ ‘അഗ്നിഹോത്ര’ത്തിലൂടെ കടന്ന് ലക്ഷണമൊത്ത നോവലുകളിലൂടെ അവര്‍ മലയാളത്തിന്റെ അക്ഷരമുറ്റത്ത് നിറദീപമായി ജ്വലിക്കുകയായിരുന്നു..
‘യജ്ഞ’മെന്ന നോവല്‍ വായിച്ചു വളര്‍ന്ന മലയാള ലോകം പിന്നീട് അടുത്ത തലമുറകളിലേക്കും അതു പകര്‍ന്നു നല്കി. അങ്ങനെയാണ് ചാണക്കല്ല്, തിരിയുഴിച്ചില്‍, മുഖത്തോടു മുഖം, മൂന്നാം തലമുറ, ദശരഥം, കൃഷ്ണകഥ, ബോധിസത്വന് തുടങ്ങിയ ശ്രദ്ധേയമായ നോവലുകള്‍ കെ.ബി.ശ്രീദേവിയില്‍ നിന്നും ഉണ്ടാകുന്നത്. 1974ല്‍ നിറമാല എന്ന ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതാനും അവര്‍ക്ക് സാധിച്ചു. കൂടാതെ ഒട്ടേറെ ചെറുകഥകളും ചെറുകഥാസമാഹാരങ്ങളും കെ.ബി.ശ്രീദേവി മലയാളത്തിനു സമ്മാനിച്ചു. കുട്ടി തിരുമേനി, കൃഷ്ണാനുരാഗം, ചിരഞ്ജീവി, പടുമുള, കോമണ്‍വെല്‍ത്ത് തുടങ്ങിയവയായിരുന്നു ചെറുകഥാ ലോകം.
‘ഭാഗവത പര്യടനം’ ആയിരുന്നു കെ.ബി.ശ്രീദേവിയുടെ ആധ്യാത്മിക രംഗത്തെ കൃതി. ഏറെ പണിപ്പെട്ട്, സമയമെടുത്ത് ചെയ്തൊരു എഴുത്തായിരുന്നു ഭാഗവത പര്യടനം. നാടകരചനാ രംഗത്തും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചതിന്റെ തെളിവാണ് കുറൂരമ്മ എന്ന നാടകം. സുമംഗലയെപ്പോലെ ബാലസാഹിത്യ രംഗത്തും കെ.ബി.ശ്രീദേവി ചില തിരനോട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ പ്രാചീന ഗുരുകുലങ്ങള്‍ നമ്മുടെ സംസ്കാരത്തിന് നല്കിയ സംഭാവനകളെ കോര്‍ത്തിണക്കി തയ്യാറാക്കിയ ഗവേഷണ ഗ്രന്ഥവും അവരുടേതായിട്ടുണ്ട്. അങ്ങനെ സാഹിത്യ ലോകത്തേക്ക് കടന്നുവന്ന സ്ത്രീരത്നങ്ങളില്‍ യജ്ഞശുദ്ധിയുടെ നിറവില്‍ നിന്ന കെ.ബി.ശ്രീദേവി ഓര്‍മ്മയായി. എങ്കിലും അവര്‍ പകര്‍ന്നുവെച്ച എഴുത്തിന്റെ അഗ്നിഹോത്രം ഏറ്റെടുക്കാന്‍ മലയാളക്കര ഇന്നും സജ്ജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: