കൊച്ചി: കൊച്ചിയുടെ മനസും നിരത്തും കീഴടക്കി എറണാകുളത്തപ്പന്റെ മണ്ണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോ. മണിക്കൂറുകളോളം റോഡിന്റെ ഇരുവശത്തും കാത്തിരുന്ന പതിനായിരങ്ങളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുന്നതായിരുന്നു നരേന്ദ്രന്റെ സന്ധ്യായാത്ര. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അദ്ദേഹത്തിനൊപ്പം വാഹനത്തിലുണ്ടായി. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ആസന്നമായിരിക്കെ ‘ജയ് ശ്രീറാം’ വിളികളോടെയാണ് അദ്ദേഹത്തെ മഹാരാജാസ് ഗ്രൗണ്ട് ജങ്ഷനില്‍ പ്രവര്‍ത്തകര്‍ വരവേറ്റത്.
പൊരിവെയില് വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും പ്രായമായവരും ഭാരതത്തിന്റെ വികസന നായകനെ ഒരു നോക്ക് കാണാന്‍ ഉച്ചമുതലേ കൊച്ചിയുടെ നിരത്തുകള്‍ കീഴടക്കിയിരുന്നു. കേരളമനസ് മോദിയെ അംഗീകരിക്കുന്നതിന്റെ സാക്ഷ്യപത്രമായിരുന്നു ഈ ജനസാഗരം.
പുഷ്പാലംകൃതമായ തുറന്ന വാഹനത്തില്‍ വളരെ സാവധാനം സഞ്ചരിച്ച്, ഇരുവശവും കാത്തുനിന്നവര്‍ക്കെല്ലാം ദര്‍ശനഭാഗ്യം നല്കി, കൈവീശി അഭിവാദ്യം ചെയ്താണ് അദ്ദേഹം സഞ്ചരിച്ചത്. പ്രതീക്ഷയുടെ മഞ്ഞപ്പൂക്കള്‍ നിരന്തരം വര്‍ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തോടുള്ള ആദരവും ആവേശവും പ്രകടിപ്പിച്ചു. തനിക്കു ലഭിച്ച പൂക്കള്‍ തിരികെ പ്രവര്‍ത്തകരിലേക്ക് എറിഞ്ഞു നല്കി, താന്‍ ജനങ്ങളുടെ മുഖ്യസേവകന്‍ മാത്രമാണെന്ന സന്ദേശം അദ്ദേഹം പകര്‍ന്നു. ‘മോദി… മോദി… മോദി…’ വിളികളാല്‍ മുഖരിതമായിരുന്നു റോഡ് ഷോ ആദ്യന്തം.
മഹാരാജാസ് കോളജ് ഗ്രൗണ്ട് ജങ്ഷനില്‍ നിന്ന് സന്ധ്യക്ക് 7.45ന് ആരംഭിച്ച യാത്ര 8.15 ഓടെ ഗസ്റ്റ് ഹൗസില്‍ സമാപിച്ചു. 1.3 കിലോമീറ്റര്‍ താണ്ടിയത് അര മണിക്കൂറെടുത്ത്! എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് റോഡ് ഷോയിലേക്കു പ്രധാനമായി ഒഴുകിവന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതില്ക്കല് എത്തിനില്‍ക്കെ കേരളത്തില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ അനൗദ്യോഗിക ഉദ്ഘാടനമായി മോദിയുടെ ഇന്നലത്തെ റോഡ് ഷോ.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വൈകിട്ട് 6.45ന് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി വി. മുരളീധരന്, കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവദേക്കര്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അവിടെ നിന്നു ഹെലികോപ്റ്ററില്‍ 7.15ന് നേവല്‍ ബേസിലെത്തി. 7.37ന് വെണ്ടുരുത്തി പാലം കടന്ന് എറണാകുളത്തിന്റെ മണ്ണില്‍ത്തൊട്ടു.
ഗസ്റ്റ് ഹൗസില്‍ ഇന്നലെ വിശ്രമിച്ച പ്രധാനമന്ത്രി, ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഇന്നു പുലര്‍ച്ചെ ഗുരുവായൂരിലേക്ക് തിരിക്കും.
കഴിഞ്ഞ തവണ എറണാകുളത്തു നടന്ന റോഡ് ഷോയ്ക്കിടെ അര കിലോമീറ്ററോളം ‘സര്‍പ്രൈസ് വാക്ക്’ നടത്തി ആരാധകരെ ആഹ്ലാദത്തിലാറാടിച്ച മോദിയില്‍ നിന്ന് ഇത്തവണയും അതു പ്രതീക്ഷിച്ചിരുന്നെങ്കിലും, സമയം സന്ധ്യകഴിഞ്ഞതോടെ സുരക്ഷാ മുന്നറിയിപ്പുകള്‍ മാനിച്ച് അദ്ദേഹം അതിനു തുനിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: