വീട് എന്നത് നിവാസസ്ഥാനവും കുടുംബം എന്നത് വികാസസ്ഥാനവുമാണെന്ന് മുമ്പ് പറഞ്ഞു വെച്ചതാണ്. വീടിനെ എങ്ങനെ കുടുംബമാക്കാം എന്നതാണ് ഇനി ചിന്തിക്കാനുള്ളത്. അതിന് ‘ഭ’ കാരത്തില്‍ ആരംഭിക്കുന്ന ആറ് ഘടകങ്ങളുണ്ട്. അവ ഭവനം, ഭജനം, ഭോജനം, ഭാഷ, ഭൂഷ, ഭ്രമണ്‍ (ഭ്രമണം) എന്നിവയാണ്. വീട് എന്ന സ്ഥാപനത്തില്‍ നിന്നുവേണം ‘സദ്സന്താനം’ എന്ന ‘ഉല്‍പ്പന്നം’ വികസിച്ചു വരേണ്ടത്. അതിന് കുടുംബാംഗങ്ങള്‍ എല്ലാവരും കൈകോര്‍ത്ത് പരിശ്രമിക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ ‘ഭ’ കാരങ്ങളില്‍ ആദ്യത്തേത്.
ഭവനം: നാം നിവസിക്കുന്ന വീടിന് സ്ഥൂലവും സൂക്ഷ്മവുമായ രണ്ടു ഭാവങ്ങളുണ്ട്. സ്ഥൂലഭാവം പ്രത്യക്ഷത്തില്‍ കാണുന്നതും സൂക്ഷ്മമായത് പരോക്ഷത്തില്‍ അനുഭവിക്കേണ്ടതുമാണ്. രണ്ടും നമ്മുടെ സംസ്കാരരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. വീട് എന്ന കെട്ടിടത്തിന്റെ വലിപ്പം, ആകൃതി, വീടിന്റെ ചുറ്റുമുള്ള പരിസരഘടന എന്നതെല്ലാം വീടിന്റെ സ്ഥൂല ഭാവത്തില്‍ വരുന്നു. ഇന്നൊരു വീടുവയ്ക്കാന്‍ ആരംഭിക്കുന്നത് തന്നെ പരിസരം ജെസിബി കൊണ്ട് ‘നിരപ്പാക്കിയ’ ശേഷമാണ്. വീടിനെക്കുറിച്ചുള്ള നമ്മുടെ വിശാലമായ സങ്കല്പമാണ് ഇതിനുകാരണം. വീടിനു ചുറ്റും മരങ്ങളും ഫലവൃക്ഷങ്ങളും ഉണ്ടാകുമ്പോഴാണ് വീടുകളില്‍ സുഖശീതളിമ വിളയാടുന്നത്. വൃക്ഷനശീകരണം, വീടുകളില്‍ എസി യുടെ ഉപയോഗം അനിവാര്യമാക്കി തീര്‍ക്കുന്നു. വിഷം പുരണ്ട പച്ചക്കറികളും പഴങ്ങളും നമ്മുടെ ഫ്രിഡ്ജിനുള്ളില് നിറയ്ക്കപ്പെടുന്നു. നാട്ടില്‍ സാര്‍വത്രികമായിരുന്ന കറിവേപ്പില കൂടി ഇന്ന് അതിര്‍ത്തി കടന്നു വരേണ്ട ദുര്‍ഗതിയും നാം കാണുന്നു. അതിനാല്‍ പ്രകൃതിയോടിണങ്ങിയ പാര്‍പ്പിടങ്ങളാണ് നാം വരുംതലമുറയ്ക്കായി ‘സ്ഥിരനിക്ഷേപം’ ചെയ്യേണ്ടത്. നമ്മുടെ ധനസ്ഥിതി പ്രകടിപ്പിക്കാനുള്ള ഒരു ഇനമായി വീടിനെ കാണുന്നത് വളരുന്ന കുട്ടികളോടുള്ള വഞ്ചനയാണ്. പലപ്പോഴും ഇത്തരം ‘കടംവാങ്ങിയ’ പ്രകടനങ്ങള്‍, മക്കള്‍ അനാഥമാക്കപ്പെടുന്നതിലേക്കും നയിക്കുന്നതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.
വീട് സുരക്ഷിതവും സുഖപ്രദവുമാകണമെന്നത് തര്‍ക്കമറ്റ സത്യമാണ്. അതോടൊപ്പം സദ്സന്താന തലമുറയെ വളര്‍ത്തിയെടുക്കാനുള്ള സംസ്കാര കേന്ദ്രം കൂടിയായി ഭവനം സജ്ജമാക്കണം. അതിന് വീടിന്റെ ‘അകവും പുറവും’ സംസ്കാരജന്യമാക്കി ക്രമീകരിക്കണം. വീടിനുള്ളില്‍ സന്ധ്യാവേളയില്‍ വിളക്ക് വെക്കുന്ന പൂജാമുറിയും വീടിനുമുന്നില്‍ തുളസിത്തറയും വേണം. പൂജാപുഷ്പങ്ങള്‍ സുലഭമായ പൂന്തോട്ടവും വീട്ടാവശ്യത്തിന് പച്ചക്കറികള്‍ കിട്ടുന്ന അടുക്കളത്തോട്ടവും ആവശ്യമാണ.് ഒറ്റമൂലികളായ ഔഷധച്ചെടികളും നമ്മുടെ വീടുകളില്‍ ലഭ്യമാക്കണം. ഗോമാതാവും മറ്റു വളര്‍ത്തുമൃഗങ്ങളും വീട്ടില്‍ ഉണ്ടാകുന്നത് കുട്ടികളില്‍ ജീവിസ്നേഹം വളര്‍ത്താന്‍ ഉതകുന്നതാണ്.
്വീട്ടിലെ സ്വീകരണമുറിയും നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായി ക്രമീകരിക്കണം. വീടുകളിലെ ‘ഷോക്കേസു’കള്‍ ഇന്ന് ശവകുടീരങ്ങളും ശവക്കല്ലറകളുമായി അധഃപതിക്കുന്നു. വേട്ടയാടിയ ജീവികളുടെ ശരീരഭാഗങ്ങളും കക്കത്തോടുകളും കൊണ്ട് മൃത്യുദേവന്റെ ആവാസകേന്ദ്രമായി സ്വീകരണമുറിയെ മാറ്റിമറിക്കുന്നത് നാം കാണുന്നു. ഇവിടെ അതിനുപകരം ദേശീയ, സാമൂഹ്യ നേതാക്കളുടെയും തറവാട്ടിലെ തന്നെ ശ്രേഷ്ഠ പൂര്‍വ്വികരുടെയും ഓര്‍മ്മ നിറഞ്ഞുനില്ക്കുന്ന ‘പ്രദര്‍ശനികള്‍’ ഒരുക്കേണ്ടതുണ്ട.് അത് കണ്ടു വളരുന്ന നമ്മുടെ മക്കള്‍ക്ക് നമ്മുടെ വീടിനെ കുറിച്ചും അതോടൊപ്പം നാടിനെ കുറിച്ചും അഭിമാനമുണ്ടാകണം.
ഭവനത്തിന്റെ സ്ഥൂല ഭാഗത്തേക്കാള്‍ പ്രാധാന്യം സൂക്ഷ്മഭാവത്തിനാണ് ഉള്ളത്. അതു നമുക്ക് കാണാനോ തൊട്ടുനോക്കാനോ കഴിയുന്നതല്ല. ഉദാഹരണത്തിന് നമ്മുടെ ദിനചര്യ എടുക്കാം.
‘കൊച്ചുവെളുപ്പാന്‍കാലത്ത്’ ഉണരുന്നവരും ‘ഉറങ്ങുന്നവരും’ ഇന്ന് വീടുകളില്‍ കാണുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അഥവാ സരസ്വതീ യാമത്തില്‍ (രാത്രിയുടെ അവസാനത്തെ മൂന്നു മണിക്കൂര്‍) ഉണര്‍ന്നു നിത്യകര്‍മ്മങ്ങളില്‍ വ്യാപരിക്കുന്നവരുള്ള വീടാണ് ഐശ്വര്യപൂര്ണമാവുന്നത.് രാവിലെ സൂര്യോദയത്തിനു ശേഷവും കിടക്കയെ കെട്ടിപ്പുണരുന്നവരുടെ കാര്യം മഹാ അപകടം തന്നെയെന്ന് മഹത്തുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വീട്ടുകാര്‍ തമ്മില്‍ ഉള്ള സ്നേഹം, സഹകരണം, സമര്‍പ്പണം, പരസ്പര ആദരവ് എന്നത് വീടിനെ സ്വര്ഗ്ഗതുല്യമാക്കുമ്പോള് കലഹം, മത്സരം, വഞ്ചന എന്നീ ഭാവങ്ങള്‍ വീടിനെ നരകതുല്യവുമാക്കുന്നു.
വീടിന്റെ അകവും പുറവും പാരമ്പര്യവും സംസ്കാരവും ഉത്തമമാക്കി അടുത്ത തലമുറയ്ക്ക് കാഴ്ച വെക്കുമ്പോഴാണ് ഭവനം സുശോഭനമാകുന്നത.് അത്തരം വീടുകളില്‍ നിന്ന് ദേവതുല്യരായ മക്കള്‍ വളര്‍ന്നു വരുന്നു. അവര്‍ കുടുംബത്തിനും കുലത്തിനും ഉലകത്തിനും ഐശ്വര്യം പകരുന്നു. ഉത്തമ പൗരന്മാരെ നാടിനു സംഭാവന ചെയ്യുക എന്നതാണ് ഓരോ കുടുംബത്തിന്റെയും ലക്ഷ്യമായിത്തീരേണ്ടത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: