ശ്രീലങ്കന്‍ തമിഴ്ജനതയുടെ സാംസ്‌ക്കാരിക പ്രതീകങ്ങളിലൊന്നാണ് ജാഫ്‌ന ജില്ലയിലെ നൈനത്തീവിലുള്ള നാഗപൂഷണി അമ്മന്‍ ക്ഷേത്രം. ഭുവനേശ്വരീ (പാര്‍വതീ ദേവി) ദേവിയാണ് നാഗപൂഷണിയെന്നാണ് വിശ്വാസം. പ്രപഞ്ചമാതാവാണ് ഭുവനേശ്വരി. ജീവജാലങ്ങളെല്ലാം ഭുവനേശ്വരിയുടെ ആടയാഭരണങ്ങളും. ഇവിടെ നാഗത്തെ ഭൂഷണമായണിഞ്ഞ ദേവി. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രതിദിനം ആയിരക്കണക്കിന് ഭക്തരാണ് ദേവീ സന്നിധിയിലെത്തുന്നത്.
10000 ത്തിലേറെ ശില്പങ്ങളുണ്ട് ക്ഷേത്രത്തിലെന്ന് പറയപ്പെടുന്നു. ദക്ഷയാഗകഥയും ഇന്ദ്രന് ഗൗതമമുനിയുടെ ശാപമേറ്റതും ക്ഷേത്ര ഐതിഹ്യത്തിന് നിദാനമാകുന്നു.
ദക്ഷയാഗത്തിനു പോയ ശിവപത്‌നിയായ സതീദേവി, പിതാവായ ദക്ഷന്റെ അവഗണനയില്‍ മനംനൊന്ത് ആത്മാഹുതി ചെയ്‌തെന്ന് പുരാണം. പത്‌നീവിയോഗം സഹിക്കാനാവാതെ കോപാന്ധനായി ശിവന്‍ സതിയുടെ ഭൗതിക ദേഹമെടുത്ത് താണ്ഡവമാടി. ഇത് സര്‍വനാശത്തിന് ഇടവരുത്തുമെന്നു മനസ്സിലാക്കിയ ഭഗവാന്‍ വിഷ്ണു, സതിയുടെ ദേഹം സുദര്‍ശനത്താല്‍ ഛിന്നഭിന്നമാക്കി. ശരീരഭാഗങ്ങള്‍ 64 ഇടങ്ങളില്‍ പതിച്ചതായും അവ കാലാന്തരത്തില്‍ ശക്തിപീഠങ്ങളായി അറിയപ്പെടുകയും ചെയ്തു. സതീദേവിയുടെ ചിലമ്പ് വീണ ഇടമത്രേ നൈനത്തീവ്. തമിഴില്‍ ശിവന്റെ അപരനാമങ്ങളിലൊന്നാണ് നയ്‌നാര്‍. ഈ ശിവനാമത്തില്‍ നിന്നാണ് നൈനത്തീവിന്റെ ഉല്‍പത്തി.
ഗൗതമമുനിയാല്‍ ശാപഗ്രസ്തനായ ദേവേന്ദ്രന്‍ പാര്‍വതീദേവിയെ പ്രതിഷ്ഠിച്ച് ആരാധിച്ചതും നൈനത്തീവിലാണ്. ശാപത്താല്‍ ഇന്ദ്രന്റെ ദേഹം മുഴുവന്‍ യോനീ സമാനമായ അടയാളങ്ങളുണ്ടായി. ആ അപമാനത്തില്‍ നിന്ന് രക്ഷനേടാനാണ് ഇന്ദ്രന്‍ ദേവിയെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തിയത്. ദേവിയുടെ അടയാളങ്ങളെല്ലാം പിന്നീട് അക്ഷിയുടെ (കണ്ണ്) രൂപമായി മാറിയെന്നാണ് കഥ. നാഗപൂഷണി അമ്മന്‍ പ്രതിഷ്ഠ നടത്തിയതും ഇന്ദ്രനെന്നാണ് പറയപ്പെടുന്നത്.
പരമ്പരാഗത ഹിന്ദുദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പണിതിരിക്കുന്നത്. നാല് അലങ്കാര ഗോപുരങ്ങളുണ്ട് ക്ഷേത്രത്തിന്. 33 മീറ്റര്‍ ഉയരത്തിലുള്ള രാജരാജ ഗോപുരമാണ് ഇതില്‍ പ്രധാനം. 2012 ല്‍ പണിപൂര്‍ത്തിയാക്കിയതാണ് കമനീയമായ ഈ ഗോപുരം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഗോപുരസമര്‍പ്പണ ദിനത്തില്‍ ക്ഷേത്രത്തിലെത്തിയത്.
ലങ്കാധിപനായിരുന്ന രാവണനുമുണ്ട് ക്ഷേത്രത്തില്‍ സ്ഥാനം. തികഞ്ഞ ശിവഭക്തനായിരുന്ന രാവണന്റെ പ്രതിമ ഇവിടെ പ്രത്യേകം ശ്രദ്ധക്കപ്പെടും. ശിവനെ (പ്രതീകമായി ശിവലിംഗം) യും പാര്‍വതിയെയും (നാഗപൂഷണി അമ്മന്‍) നെറുകയിലേറ്റിയ നിലയിലാണ് രാവണശില്പമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: