ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ 77-ാം പതിപ്പ് അടുത്ത മാസം 21ന് ആരംഭിക്കും. മാര്‍ച്ച് ഒമ്പതിന് ഫൈനലോടെ സമാപിക്കും. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലാണ് മത്സരങ്ങള്‍. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്) ആണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.
12 ടീമുകളാണ് ഇക്കുറി ഫൈനല്‍സിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി ടീമിനെ തിരിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള ആറ് ടീമുകള്‍ ഗ്രൂപ്പ് എയിലും മറ്റ് ആറ് ടീമുകള്‍ ഗ്രൂപ്പ് ബിയിലും ആണ്.
അടുത്ത മാസം 21ന് ഗ്രൂപ്പ് എയില്‍ മേഘാലയ-സര്‍വീസസ് മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. അന്നു തന്നെ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പോരാട്ടത്തില്‍ കേരളം ആദ്യ മത്സരത്തിനിറങ്ങും. ഗ്രൂപ്പ് എയിലെ അസം ആണ് കേരളത്തിന്റെ ആദ്യ മത്സര എതിരാളികള്‍. 23 ഗോവയ്ക്കെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന കേരളത്തിന്റെ മൂന്നാം മത്സരം 25ന് മേഘാലയയ്ക്കെതിരെയാണ്. 28ന് ആതിഥേയരായ അരുണാചല്‍ പ്രദേശിനെ നേരിടുന്ന കേരളം മാര്‍ച്ച് ഒന്നിന് സര്‍വീസസുമായി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കളിക്കും.
പട്ടികയില്‍ മുന്നിലെത്തുന്ന നാല് വീതം ടീമുകല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. മാര്ച് നാല്, അഞ്ച് തീയതികളില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കും. മാര്‍ച്ച് ഏഴിന് സെമി ഫൈനലുകള്‍ രണ്ടും തുടര്‍ന്ന് ഒമ്പതിന് ഫൈനല്‍ എന്നിങ്ങനെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഗ്രൂപ്പ് നിര്‍ണയം യോഗ്യതാ മത്സരത്തിന് പിന്നാലെ കഴിഞ്ഞ നവംബര്‍ 30ന് പൂര്‍ത്തിയായതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: