ശങ്കരന് വിവേകചൂഡാമണിയില്‍ക്കൂടി, ജീവനും സകല ജഗത്തും ബ്രഹ്മം തന്നെയാണെന്നും ആത്മാവിന്റെ അഖണ്ഡവും അദ്വിതീയവുമായ ബ്രഹ്മത്തിലെ സ്ഥിതിതന്നെയാണ് മോക്ഷമെന്നും ശ്രുതികളെ സാക്ഷിനിര്‍ത്തി ലോകത്തോട് പ്രഖ്യാപിക്കുന്നു.
ഇതിനു വേണ്ടിയുള്ള സാധനയാണ് ബ്രഹ്മചര്യാദ്യാശ്രമങ്ങളില്കൂടി ചതുഷ്ടയത്തിന്റെ പ്രത്യേകിച്ചും സംന്യാസത്തില്‍ കൂടി (സാധനാ ചതുഷ്ഠയത്തിന്റെ അനുഷ്ഠാനത്തില്ക്കൂടി) വ്യക്തികള്‍ ചെയ്യേണ്ടത്.
‘വേദാന്ത സിദ്ധാന്ത നിരുക്തിരേഷാ
ബ്രഹ്മൈവ ജീവഃ സകലം ജഗച്ച
അഖണ്ഡരൂപസ്ഥിതിരേവ മോക്ഷോ
ബ്രഹ്മാദ്വിതീയേ ശ്രുതയഃ പ്രമാണം’
അങ്ങനെയുള്ള വ്യക്തി (മുക്തനായ വ്യക്തി) കര്‍ത്തവ്യാകര്‍ത്തവ്യങ്ങളില്‍ നിന്നും സ്വയംമുക്തനാവുന്നു. ഗൗഡപാദരുടെ മാണ്ഡൂക്യകാരികയില് പറയുന്നതുപോലെ ആരേയും സ്തുതി ക്കാനും നമസ്ക്കരിക്കാനും മുതിരാതെയും അതുപോലെ ബലി തര്‍പ്പണങ്ങള്‍ അനുഷ്ഠിക്കാതെയും ചലിക്കുന്ന ദേഹവും നിശ്ചലമായ ആത്മാവുമായി യദൃച്ഛയാ വരുന്നതു സ്വീകരിച്ച് യതിയായി കാലം കഴിക്കുന്നു.
‘നിസ്തുതിര്നിര്നമസ്ക്കാരോ
നിസ്വധാകാര ഏവം!
ചലാചലനികേതശ്ച
യതിര്യാദൃച്ഛികോ ഭവേത്’
അഷ്ടാവക്രമഹര്ഷീശ്വരന് =ജനക മഹാരാജാവിനോട് മുക്തനായ വ്യക്തിയുടെ പ്രവൃത്തികള്‍ എങ്ങനെയായിരിക്കുമെന്ന് പറയുന്നതും ശ്രദ്ധേയമാണ്:
‘യദാ യത് കര്ത്തുമായാതി
തദാ തത്കുരുതേ ഋജുഃ
ശുഭം വാപ്യശുഭം വാപി തസ്യ
ചേഷ്ടാനി ബാലവത്’
(ഓരോരോ സമയത്ത് എന്തെന്തു ചെയ്യേണ്ടി വരുന്നുവോ അവയെല്ലാം ശുഭാശുഭചിന്ത കൂടാതെ കുട്ടിയെപ്പോലെ ചെയ്തുകൊണ്ടിരിക്കും).
ഏതൊരാള്‍ സജ്ജനങ്ങളാല്‍ ആദരിക്കപ്പെടുമ്പോഴോ ദുര്ജനങ്ങള് പീഡിപ്പിക്കുമ്പോഴോ യാതൊരു ഭാവഭേദവും കൂടാതെ സമഭാവനയില്‍ വര്‍ത്തിക്കുന്നു, അയാളെയാണ് ജീവന്മുക്തനെന്നു വിളിക്കുന്നതെന്ന് ശ്രീശങ്കരാചാര്യരും പറയുന്നു.
‘സാധുഭിഃ പൂജ്യമാനേളസ്മിന്
പീഡ്യമാനേളപി ദുര്ജനെഃ
സമഭാവോഭവേദ് യസ്യസ
ജീവന്മുക്ത ഇഷ്യതേ’
(വിവേകചൂഡാമണി)
കര്‍മ്മഫല സിദ്ധാന്തവും പുനര്ജന്മ വിശ്വാസവും ഒരു വ്യക്തിക്കും യാതൊരു കര്‍മ്മവും ചെയ്യാതെ ഒരു ക്ഷണം പോലും ജീവിച്ചിരിക്കാന്‍ കഴിയുകയില്ല (നഹി കശ്ചിത് ക്ഷണമ
പി ജാതുതിഷ്ഠത്യകര്മ്മകൃത്). ഓരോരുത്തരും ചെയ്യുന്ന എല്ലാ കര്‍മ്മങ്ങള്‍ക്കും ഫലം ഉണ്ട് എന്നു മാത്രമല്ല ആ കര്‍മ്മഫലങ്ങള്‍ അവയുടെ കര്‍ത്താവിനെ നിഴല്‍പോലെ എന്നെന്നും പിന്തുടരുകയും ചെയ്യുന്നു. ഇതാണ് കര്‍മ്മഫല സിദ്ധാന്തം. തുഞ്ച ത്താചാര്യന് പറയുന്നതു നോക്കൂ:
‘താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താന് അനുഭവിച്ചീടുകെന്നേ വരൂ’
(ഇവിടെ ‘കര്‍മ്മങ്ങള്‍’ എന്നാല്‍ കര്‍മ്മഫലങ്ങള്‍ എന്നു താത്പര്യം)
ആത്യന്തികമായി മനുഷ്യപ്രവൃത്തികളെ സത്പ്രവൃത്തികളെന്നും ദുഷ്പ്രവൃത്തികളെന്നും രണ്ടായി തരംതിരിക്കാം. അവയ്ക്ക് യഥാക്രമം പുണ്യഫലങ്ങളും പാപഫലങ്ങളും അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ ഒരു ജന്മത്തില് ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലങ്ങള്‍ ആ ജന്മത്തില്ത്തന്നെ അനുഭവവേദ്യമാകണമെന്നില്ല. അങ്ങനെ വരുമ്പോള്‍ കര്‍മ്മഫലങ്ങളുടെ ഉപഭോഗത്തിനുവേണ്ടി പുനര്ജന്മം സ്വീകരിക്കേണ്ടി വരുന്നു. ഇങ്ങനെ കര്‍മ്മഫലങ്ങളുടേയും പുനര്‍ജന്മങ്ങളുടേയും ആവര്‍ത്തനം തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു ജീവിക്ക് പുനര്‍ജന്മത്തിനായി സ്വീകരിക്കേണ്ടിവരുന്ന പുതിയ ജീവിതം തന്റെ കര്‍മ്മങ്ങളുടെ പുണ്യഫലങ്ങളുടേയും പാപഫലങ്ങളുടേയും ഏറ്റക്കുറച്ചിലനുസരിച്ച് സുഖപ്രദമോ ദുഃഖപ്രദമോ ആയിരിക്കും.
സ്വന്തം പുണ്യപാപങ്ങള്‍ക്ക് അനുഗുണമായ ഫലങ്ങള്‍ ലഭ്യമാകാന്‍ പറ്റിയവിധത്തിലുള്ള ഏതെങ്കിലും വസ്തുവിനെ സ്മരിച്ചുകൊണ്ടായിരിക്കും ദേഹി ദേഹം വെടിയാന്‍ ഇടവരിക എന്നാണ് വിശ്വാസം. പുനര്ജന്മത്തില് ആ അന്ത്യസ്മരണത്തിനനുസൃതമായ ഒരു പ്രാണിയുടെ ഭാവത്തില്‍ പിറവിയെടുക്കുകയും ചെയ്യുന്നു. അതായത് പുനര്ജന്മം മനുഷ്യയോനിയില്‍ തന്നെയാവണമെന്നില്ല.
ഇപ്പറഞ്ഞ പ്രകാരമാണ് ജന്മാന്തര കര്മ്മഫലഭോഗത്തെപ്പറ്റി ഭാരതീയര്‍ക്കുള്ള യുക്തിയുക്തമായ കാഴ്ചപ്പാട്. ഇത് ഹിന്ദുധര്‍മ്മത്തിലും അതില്‍നിന്നുതന്നെ അങ്കുരിച്ചു വളര്‍ന്ന ജൈന,ബൗദ്ധ ധര്‍മ്മങ്ങളിലും മാത്രമേ സ്വീകരിക്കപ്പെട്ടിട്ടുള്ളൂ. (മറ്റുള്ള മതങ്ങളിലൊന്നും മരണത്തിനുശേഷം എന്തു സംഭവിക്കുന്നു എന്നുള്ളതിനെപ്പറ്റി യുക്തിഭദ്രമായ ഒരു കാഴ്ചപ്പാടും അവതരിപ്പിക്കപ്പെടുന്നില്ല) സ്വര്‍ഗ്ഗത്തേയും നരകത്തേയും പറ്റിയുള്ള പുരാണങ്ങളിലെ അതിശയോക്തി കലര്‍ന്ന വര്‍ണ്ണനകള്‍ സൂക്ഷ്മവിശകലനത്തില്‍ ഈ ലോകജീവിതവുമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നവയാണ് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: