ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. കാനനക്ഷേത്രത്തില്‍ ദീപാരാധന നടക്കവെ സന്ധ്യക്ക് 6.47ഓടെയാണ് ആദ്യ തവണ മകരജ്യോതി തെളിഞ്ഞത്. തുടര്‍ന്ന് ആല്‍പ സമയത്തിനകം രണ്ട് തവണ കൂടി ജ്യോതി തെളിഞ്ഞു.
മകരജ്യോതി തെളിഞ്ഞപ്പോള്‍ പതിനായിരകണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ നിന്നാണ് ഒരുമിച്ച് ശരണം വിളികളുയര്‍ന്നത്.പിന്നാലെ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദര്‍ശനത്തിനുളള ഒരുക്കങ്ങളായിരുന്നു.
നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ തുടങ്ങിയത്. തിരുവാഭരണമടങ്ങിയ പേടകം ശ്രീകോവിലിലെത്തിച്ചപ്പള്‍ സന്ധ്യാ സമയം 6.36 ആയി. തുടര്‍ന്ന് ദീപാരാധനയക്കായി നട അടച്ചു.
പന്തളത്തുനിന്നെത്തിയ തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ ശരംകുത്തിയിലെത്തി. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങളോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.
തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ന് രാവിലെ 11:30 മുതല്‍ പമ്പയില്‍ നിന്ന് ആരെയും സന്നിധാനത്തേക്ക് കയറ്റി വിട്ടില്ല. 40000 ആയി വെര്‍ച്വല്‍ ക്യൂ നിജപ്പെടുത്തിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കു മുന്നേതന്നെ സന്നിധാനത്ത് എത്തിയവര്‍ പര്‍ണശാലകള്‍ കെട്ടി ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി തമ്പടിച്ചിരരുന്നു.
മകരജ്യോതി ദര്‍ശനത്തിന് 10 വ്യൂ പോയിന്റുകളാണാണ് ഒരുക്കിയിരുന്നത്. പുല്ലുമേട്ടിലും പതിനായിരങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങള്‍ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്‌ക്ക് 2 വരെ മാത്രമാണ് ആളുകളെ കടത്തി വിട്ടത്. ഈ മാസം 19വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: