അഭിഷേക് ചൗധരി എഴുതിയ വാജ്പേയി എന്ന ജീവചരിത്ര ഗ്രന്ഥം വായിച്ചു തീര്‍ന്നപ്പോള്‍ അതാകട്ടെ ഇക്കുറി സംഘപഥത്തിന്റെ വിഷയം എന്ന ആശയം മനസിലുദിച്ചു. ഭാരതത്തിലെ ഏറ്റവും മുന്‍നിര നേതാക്കന്‍മാരില്‍പ്പെടുന്ന ആളായിരുന്നു അടല്‍ ബിഹാരി വാജ്പേയി എന്ന് ആരാധകരും അനുകൂലികളും എതിരാളികളും സമ്മതിക്കാതിരിക്കില്ല. 1957 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ പൊതു ജീവിത രംഗത്തെ മിന്നുന്ന നക്ഷത്രമായി അദ്ദേഹം ശോഭിച്ചു. വാസനാസമ്പന്നനായ കവി, നിഷ്ഠാവാനായ സംഘകാര്യകര്‍ത്താവ്, ദൂരദര്‍ശിയായ രാജ്യനീതിജ്ഞന്‍ എന്നീ നിലയിലെല്ലാം അന്നു മുതല്‍ അദ്ദേഹം വിളങ്ങി നിന്നു.
1957 ല്‍ വിദ്യാഭ്യാസം കഴിഞ്ഞ് സംഘപ്രചാരകനായ അവസരത്തിലാണ് ഉത്തര്‍പ്രദേശുകാരനായ വാജ്പേയി എന്ന യുവ സ്വയംസേവകന്റെ കവിതകളുടെ പാരായണം ഞാന്‍ ചില മുതിര്‍ന്ന സ്വയംസേവകരില്‍ നിന്ന് കേട്ടത്. അതിനിടെ ഒരു സംഘശിബിരത്തില്‍ ‘ഹിന്ദു ദേഹം ഹിന്ദു മനസ് അണു അണു തോറും ഹിന്ദു ഞാന്‍’ എന്നാരംഭിക്കുന്ന ഒരു പാരായണം കേള്‍ക്കാന്‍ സാധിച്ചു. അത് വാജ്പേയിയുടെ കവിതയുടെ അനുകരണമാണെന്ന് ചിലര്‍ പറയുന്നത് കേട്ടു. സംഘശിക്ഷാ വര്‍ഗ്ഗില്‍ 1956 ല്‍ മദിരാശിയില്‍ പോയപ്പോള്‍ ‘ഹിന്ദു തനമന ഹിന്ദു ജീവന് രഗ് രഗ് ഹിന്ദു മേരാ പരിചയ്’ എന്നു തുടങ്ങുന്ന പാരായണം ആദ്യമായി കേട്ടു. അവസാനം വരെ ശ്വാസം പിടിച്ചുകൊണ്ടാണത് കേട്ടത്. അത് വാജ്പേയിയുടെതാണെന്നും മനസിലായി. കണ്ണൂരില്‍ പ്രചാരകനായിരുന്ന വി. പി. ജനാര്‍ദ്ദനനൊപ്പം വാജ്പേയി തൃതീയ വര്‍ഷത്തിനുണ്ടായിരുന്നുവെന്നും ഒരു സന്ധ്യയ്ക്ക് അദ്ദേഹം അത് ചൊല്ലിക്കേട്ടുവെന്നും പറഞ്ഞു. പൂര്‍ണമായ വികാരവായ്പോടെ സുദര്‍ശന്‍ജി അത് ചൊല്ലുന്നതും ഒരിക്കലല്ല പലപ്പോഴും കേള്‍ക്കാന്‍ അവസരമുണ്ടായി.
അതിനിടെ 1958 ല്‍ കണ്ണൂരില്‍ പ്രചാരകനായി പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ഉണ്ടായി. അപ്പോഴേക്കും വാജ്പേയി ലോകസഭാംഗമായി. ഭാരതീയ ജനസംഘത്തിന്റെ നാല് ദേശീയ കാര്യദര്‍ശിമാരില്‍ ഒരാളായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. പരമേശ്വര്‍ജി കേരള സംഘടന കാര്യദര്‍ശിയായും നിയോഗിക്കപ്പെട്ടു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായി മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ നടന്നുവന്ന വിമോചന സമരം സംസ്ഥാനത്തെയാകെ സ്തംഭിപ്പിച്ച മട്ടിലാക്കി. ഇവിടുത്തെ സ്ഥിതിയെപ്പറ്റി പഠനം നടത്താന്‍ ജനസംഘത്തിന്റെ കേന്ദ്ര നേതൃത്വം അടല്‍ജിയെ നിയോഗിച്ചു. പരമേശ്വര്‍ജിയാണ് സംസ്ഥാനമൊട്ടാകെ അദ്ദേഹത്തെ അനുഗമിച്ചത്. തിരുവനന്തപുരത്തും കോട്ടയത്തും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. മലയാള മനോരമ പത്രാധിപര്‍ കെ. സി. മാമന് മാപ്പിളയാണ് അവിടെ യോഗം സംഘടിപ്പിച്ചതത്രെ.
പ്രക്ഷോഭത്തിന്റെ ഫലമായി ഭൂരിപക്ഷം നഷ്ടപ്പെടാത്ത സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനെ എതിര്‍ത്ത രണ്ട് ദേശീയ നേതാക്കള്‍ ഉണ്ടായിരുന്നു. അത് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് ദോഷകരമാകുമെന്ന് വിനായക ദാമോദര സാവര്‍ക്കറും, ഭരണഘടനാ വിരുദ്ധമാകയാല്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന ഗുരുജി ഗോള്‍വല്‍ക്കറും അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റുകാര്‍ ഇന്നും അത് പറയാന്‍ തയ്യാറല്ല. കണ്ണൂരില്‍ പ്രചാരകനായിരിക്കെ ഞാന്‍ പാഞ്ചജന്യ വാരികയുടെ വരിക്കാരനായി. അവിടുത്തെ ഒരനുഭാവിയുടെ സൗജന്യമായിരുന്നു അത്. അതിന്റെ 1957 ലെ ഗുരുപൂജ പതിപ്പില്‍ വന്ന ഒരു കവിത ശ്രദ്ധിച്ചു. ഗുരുപൂജ ചെയ്യാന്‍ ഒരുങ്ങുന്ന സ്വയംസേവകന്റെ മനോഭാവമാണ് വിഷയം
ജാഗ് ഉഷാ കെ പ്രഥമ് പ്രഹര് മേം
പ്രാദര്‍വിധി സെ നിവൃത്ത് ഹോക്കര്‍
ശീതള ജല മേം നിര്‍മ്മല്‍ കര് തന്
ജഗദീശ്വര്‍ കാ ധ്യാന്‍ ലഗാ കുച്ഛ്
ചലാ ഖീഞ്ചാ സാ മന്ത്ര് മുക്ത് സാ
ചപല് ചരണ്‍ കോ ത്വരിത ഉഠാ താ
ഇങ്ങനെ അയാളുടെ ചലനത്തെയും മനോനിലയെയും വിവരിക്കുന്ന വാക്കുകള്‍ അതിമനോഹരവും ഹൃദയസ്പര്‍ശിയുമായി കോര്‍ത്തിണക്കുന്നതായിരുന്നു കവിത. അവസാനം അടല്‍ എന്ന് ചേര്‍ത്തത് കൊണ്ട് അതാരാണ് രചിച്ചതെന്ന് തിരിഞ്ഞു.
1967 ല്‍ എനിക്ക് ജനസംഘത്തിന്റെ ചുമതല ഏല്‍പ്പിക്കപ്പെട്ട ശേഷം അദ്ദേഹത്തെ അടുത്തറിയാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായി. കേരള സന്ദര്‍ശന വേളകളിലെല്ലാം തന്നെ പരിഭാഷകനായി അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. ആതിഥേയ സ്ഥലത്ത് സൗകര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നവരോട് എന്നെപ്പോലെ കൂടെയുള്ളവര്‍ക്ക് ചെയ്യുന്ന ഏര്‍പ്പാടുകള്‍ അദ്ദേഹം അന്വേഷിച്ചറിയുമായിരുന്നു. വയനാട് സന്ദര്‍ശനത്തില്‍ മുട്ടില്‍ മെഡിക്കല്‍ മിഷന് സന്ദര്‍ശിച്ചതിന്റെ ആഹ്ലാദം യാത്രയില്‍ മുഴുവനുമുണ്ടായിരുന്നു. അവിടുത്തെ ഡോ. സച്ച്ദേവിന്റെ കാര്യം പ്രത്യേകം പറയുമായിരുന്നു. വയനാട്ടിലെ ആദിവാസി ഗോത്രത്തിന്റെ പള്ളിയറ വനം സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ജില്ലാ കളക്ടറും പോലീസ് മേധാവിയും അതില്‍ പങ്ക് ചേര്‍ന്നു. ഗോത്ര വര്‍ഗകുട്ടികള്‍ക്കായി നടത്തുന്ന വനവാസി വികാസ കേന്ദ്രത്തില്‍ സന്ദര്‍ശിച്ചപ്പോള്‍ ഓരോ കുട്ടിയെയും പരിചയപ്പെട്ട് സമ്മാനം നല്കി.
ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്നാരംഭിച്ച കാര്‍യാത്രയില്‍ ഷോര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനിലേക്ക് മാറേണ്ടിയിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഉത്കണ്ഠയോടെ കാത്തിരുന്നു മടുത്തു. വിശ്രമമുറിയില്‍ ചെന്ന് അല്പാഹാരം കഴിച്ച് ഒന്നു കണ്ണടച്ചപ്പോഴേക്കും വണ്ടിയെത്തി. ഒരു മണിക്കൂറേ ഉറങ്ങാനുള്ളൂ. അപ്പോഴേക്കും കോഴിക്കോടെത്തും. കോഴിക്കോട്ട് നേരെ ഹോട്ടല്‍ അളകാപുരിയിലെത്തി. ഒരു കോട്ടേജില്‍ സ്ഥലം ഒരുക്കിയിരുന്നു. രാവിലെ ഒമ്പത് മണിക്ക് ചായക്ക് ചിലരെ ക്ഷണിച്ചിട്ടുണ്ട്. അതിനു മുമ്പ് പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തീകരിക്കണമല്ലോ. എല്ലാം കഴിഞ്ഞ് പത്രവായനയും തലേന്ന് നടന്ന ഇറാന്-ഇറാഖ് യുദ്ധത്തെപ്പറ്റി പത്രക്കാരോട് പറയാനുള്ളത് തയ്യാറാക്കുകയും കഴിഞ്ഞ് അടുത്ത പരിപാടിയിലേക്ക് പുറപ്പെട്ടു.
അഭിഷേക് ചൗധരിയുടെ പുസ്തകത്തില്‍ വാജ്പേയിയുടെ ജീവിതത്തെ സത്യസന്ധമായി വിവരിക്കുകയാണെന്ന നാട്യത്തില്‍ ചില കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഗ്വാളിയാറില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴത്തെ ഒരു സഹപാഠിനിയുടെ കുടുംബവുമായി, ദല്‍ഹിയില്‍ പ്രതിപക്ഷ നേതാവും അതുപോലത്തെ ചുമതലകളിലുമായിരുന്നപ്പോഴും നിലനിറുത്തിപ്പോന്ന ബന്ധവും ദുസ്സൂചനകളോടെ വിവരിക്കുന്നതാണ് അതിലൊന്ന്. ആ ദമ്പതിമാര്‍ അദ്ദേഹത്തിന്റെ വസതിയുടെ ഭാഗത്ത് തന്നെ താമസിച്ചത് അക്കാലത്ത് പത്രങ്ങള്‍ ആഘോഷിച്ച വസ്തുതകളായിരുന്നു.
സഹപ്രവര്‍ത്തകരോടുള്ള പരിഗണനയില്‍ വാജ്പേയി മാതൃകയാണ്. അദ്ദേഹത്തോടൊപ്പം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലും ഗുരുവായൂരിലും ദര്‍ശനത്തിന് സാധിച്ചു. ക്ഷേത്രഭാരവാഹികള്‍ക്ക് നമ്മെ പരിചയപ്പെടുത്തിയ രീതി അദ്ദേഹത്തിന്റെ നേതൃത്വമഹിമ ബോധ്യപ്പെടുത്തുന്നതായിരുന്നു. ഓരോ സ്ഥലത്തും എന്താണ് പ്രധാനമെന്ന് പറഞ്ഞു തരുന്നയാളിനോടും ബഹുമാനത്തോടെ പെരുമാറി. ആയിരം കാല് മണ്ഡപത്തിലെ സംഗീത സമ്പത്തില്‍ സപ്തസ്വരതാളങ്ങള്‍ അദ്ദേഹവും മുട്ടി നോക്കി. അന്ന് ക്ഷേത്രത്തിലെ നിധി വാര്‍ത്തയായിട്ടില്ല.
ആ യാത്രയില്‍ അദ്ദേഹം ജന്മഭൂമി സന്ദര്‍ശിച്ചു. ജീവനക്കാരുമായി സല്ലപിക്കെ താനും ദീന്‍ദയാല്‍ജിയും മറ്റും ചേര്‍ന്ന് പത്രവും വാരിയുമൊക്കെ നടത്തിയ കാലം അനുസ്മരിച്ചു. പാഞ്ചജന്യയുടെ തുടക്കത്തില്‍ വാരിക തയ്യാറായാല്‍ അതിന്റെ കെട്ടുകളുമായി സൈക്കിളില്‍ റെയില്‍വേ സ്റ്റേഷനില്‍ പോയതും ഓരോ സ്ഥലങ്ങളിലേക്കും അയക്കേണ്ട കെട്ട് ഗാര്‍ഡിനെ ഏല്‍പ്പിക്കുന്നതും ഒക്കെ പറഞ്ഞു.
ബാല്യം മുതലുള്ള അടല്‍ജിയുടെ ചിത്രീകരണം ചരിത്രബോധം കൈവിടാതെ വിവരിക്കുന്നതാണ് ‘വാജ്പേയി എന്ന ജീവചരിത്രം-1924 മുതല്‍ 77 വരെ ഹിന്ദു വലതുപക്ഷത്തിന്റെ ഉയര്‍ച്ചയുടെ കഥ.’ അത് വായനാസുഖമുള്ളതാണ്. പക്ഷേ അതെഴുതിയ അഭിഷേക് ചൗധരി മുന്‍വിധികളെ കൈവിടേണ്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: