മുംബൈ::കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാലും കര്‍ണ്ണാടകയിലെ ഡി.കെ. ശിവകുമാറും പോലുള്ള പാരമ്പര്യമില്ലാത്തവര്‍ രാഹുലിനൊപ്പം ഹൈക്കമാന്‍ഡില്‍ പിടിമുറുക്കുമ്പോള്‍ കോണ്‍ഗ്രസുമായി അഗാധബന്ധം പുലര്‍ത്തിയവരും കുടുംബങ്ങളുമാണ് കോണ്‍ഗ്രസ് വിടുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മിലിന്ദ് ദേവ്റയുടെ കോണ്‍ഗ്രസില്‍ നിന്നുമുള്ള രാജി.
ഒരു കാലത്ത് മിലിന്ദ് ദേവ്റയുടെ അച്ഛന് മുരളി ദേവ്റ രാജീവ് ഗാന്ധിയുടെയും സോണിയയുടെയും അടുത്ത മനസാക്ഷിസൂക്ഷിപ്പുകാരനായിരുന്നു. തെക്കന്മുംബൈയെ കോണ്‍ഗ്രസിന് പിന്നില്‍ ഉറപ്പിച്ച് നിര്‍ത്തിയ നേതാവായിരുന്നു. മുകേഷ് അംബാനിയുടെ അച്ഛന് ധിരുഭായി അംബാനിയെ കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചതിന് പിന്നിലും മുരളി ദേവ്റയുടെ കയ്യുണ്ട്. ഗാന്ധി കുടുംബത്തോടുള്ള അകമഴിഞ്ഞ കൂറായിരുന്നു മുരളി ദേവ്റയുടെ കൈമുതല്‍.
അന്തരിച്ച മുരളി ദേവ്റ നാല് തവണ ലോക് സഭാ എംപിയും മൂന്ന് തവണ രാജ്യസഭാ എംപിയും ആയിരുന്നു. 22 വര്‍ഷം മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. മുരളി ദേവ്റ മന്മോഹന് സിങ്ങ് സര്‍ക്കാരില്‍ അഞ്ച് വര്‍ഷവും പെട്രോളിയം മന്ത്രിയായിരുന്നു. 1968ലാണ് മുരളി ദേവ്റ 25 പൈസ നല്കി കോണ്‍ഗ്രസില്‍ അംഗമായി ചേരുന്നത്. അവിടുന്നങ്ങോട്ട് അദ്ദേഹം കോണ്‍ഗ്രസിനോട് അന്ധമായ കൂറ് കാണിച്ച നേതാവാണ്. 1970ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തിലും സംസ്ഥാനതലത്തിലും തിരിച്ചടി നേരിട്ടപ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവന്ന നേതാവായിരുന്നു മുരളി ദേവ്റ. ശരത് പവാര്‍ കോണ്‍ഗ്രസിനെ പിളര്ത്തിയപ്പോള് കോണ്‍ഗ്രസിന് വേണ്ടി അടിയുറച്ച് മഹാരാഷ്ട്രയില്‍ പൊരുതിയ നേതാവായിരുന്നു മുരളി ദേവ്റ. ആ പാരമ്പര്യമെല്ലാം മറക്കുകയാണ് രാഹുല്‍. അതാണ് ബിജെപി പറഞ്ഞത് ‘ന്യായയാത്ര തുടങ്ങും മുമ്പ് രാഹുല്‍ ഗാന്ധഇ കോണ്‍ഗ്രസിലെ പഴയ നേതാക്കള്‍ക്ക് ന്യായം നല്‍കണം’ എന്ന്. രാഹുലിന്റെ ന്യായയാത്ര തുടങ്ങിയ ദിവസം തന്നെയാണ് ദേവ്റ കുടുംബം കോണ്‍ഗ്രസിനോട് വിടപറഞ്ഞത് എന്നതും ഒരു പ്രതീകാത്മക സംഭവം ആകാം.
മകന് മിലിന്ദ് ദേവ്റ ഇപ്പോള്‍ ദേവ് റ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ഏക് നാഥ് ഷിന്ഡേയൊടൊപ്പം ചേരുകയാണ്. മിലിന്ദ് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു 2004ലും 2009ലും തെക്കന്‍ മുംബൈയില്‍ നിന്നും ലോക് സഭയിലേക്ക് ജയിച്ച് എംപിയായിട്ടുണ്ട്. എത്രയോ വര്‍ഷമായി കോണ്‍ഗ്രസിന്റെ കോട്ടയായ ഈ സീറ്റ് ഇക്കുറി ശിവസേനയ്ക്ക് (താക്കറേ പക്ഷം) നല്‍കിയിരിക്കുകയാണ്. ഇതാണ് മുരളി ദേവ്റയെ കൂടുതല്‍ പ്രകോപിപ്പിച്ചത്.
കോണ്‍ഗ്രസില്‍ നിന്നും ഇതുപോലെ പടിയിറങ്ങിയവരില്‍ കോണ്‍ഗ്രസിലെ ചങ്കില് കൊണ്ടുനടന്ന ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കപില്‍ സിബല്‍…എന്നിങ്ങനെ നിരവധി നേതാക്കളുണ്ട്. സോണിയയില്‍ നിന്നും മകന് രാഹുലിലേക്ക് വരുമ്പോള്‍ ഒരു കൂട്ടം പുതിയ നേതാക്കളാണ് രാഹുലിന്റെ ചുറ്റി തിരിയുന്നത്. കെ.സി. വേണുഗോപാല്‍, ഡി.കെ. ശിവകുമാര്‍, രണ്‍ദീപ് സുര്‍ജേ വാല….ഈ പുതുമുഖങ്ങള്‍ക്ക് എത്രത്തോളം കൂറും വിശ്വസ്തതയും ഉണ്ടെന്ന് കോണ്‍ഗ്രസിലെ തന്നെ പഴയ തലമുറക്കാര്‍ക്ക് സംശയമുണ്ട്. ദേവ്റ കുടുംബത്തിന് തെക്കന്മുംബൈയില് നല്ല സ്വാധീനമുണ്ട്. ഒട്ടേറെ പഴയ കോണ്‍ഗ്രസ് കുടുംബങ്ങള്‍ ദേവ്റ കുടുംബത്തിന്റെ വിശ്വസ്തരായുണ്ട്. എന്തായാലും മുംബൈ കോര്പറേഷന് പിടിക്കുക, 2024ല്‍ കൂടുതല്‍ സീറ്റുകള്‍ മഹാരാഷ്ട്രയില്‍ നിന്നും നേടിയെടുക്കുക എന്നീ ബിജെപി ലക്ഷ്യങ്ങള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: