ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തുള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. അതിശൈത്യവും മൂടല്‍മഞ്ഞും കാരണം കാലാവസ്ഥാ വകുപ്പ് ദല്‍ഹിയില്‍ ശീതതരംഗം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ദല്‍ഹിയില്‍ റെഡ് അലര്‍ട്ടും ഞായറാഴ്ച ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ചില ട്രെയിനുകളുടെയും വിമാനങ്ങളുടെയും സര്‍വീസ് റദ്ദാക്കുകയും സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ 3.5 ഡിഗ്രിയാണ് ദല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. മിക്ക പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞുള്ള തിനാല്‍ ദൃശ്യപരത പൂജ്യമായി കുറഞ്ഞു. ജനുവരി 16 വരെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞിനും നിലവിലുള്ള തണുത്ത കാലാവസ്ഥയ്ക്കും ശമനമുണ്ടാകാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിശൈത്യത്തെ പ്രതിരോധിക്കാന്‍ മുറിക്കുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് തീ കാഞ്ഞതിനെത്തുടര്ന്ന് ഉണ്ടായ അപകടങ്ങളില്‍ ആറ് പേര് ശ്വാസംമുട്ടി മരിച്ചു. ചൂടുലഭിക്കുന്നതിനായി ഒരുക്കിയ കനലില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ആറ് പേര് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. അലിപ്പുരിന് സമീപമുള്ള ഖേര കലനിലുണ്ടായ അപകടത്തില്‍ ഡ്രൈവറായ രാകേഷ് സിങ് (40), ഭാര്യ ലളിതസിങ് (38), ഒമ്പതും ഏഴും വയസുള്ള മക്കളായ പിയൂഷ് സിങ്, സണ്ണി സിങ് എന്നിവരാണ് മരിച്ചത്. പോലീസ് വീടിന്റെ ജനാലച്ചില്ല് പൊട്ടിച്ച് മുറിക്കുള്ളില്‍ കടന്ന് നാലുപേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പശ്ചിമദല്ഹിയിലെ ഇന്ദര്പുരിയിലുണ്ടായ സമാനരീതിയിലുള്ള സംഭവത്തില്‍ നേപ്പാള്‍ സ്വദേശിയും ഡ്രൈവറുമായ റാം ബഹാദൂര്‍(57), അഭിഷേക് (22) എന്നിവരും മരിച്ചു.
അതിശൈത്യത്തെതുടര്‍ന്ന് അടച്ചിട്ടിരുന്ന ദല്‍ഹിയിലെ സ്കൂളുകള്‍ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ രണ്ട് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഉള്‍പ്പെടെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന അറിയിപ്പ് ദല്‍ഹി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: