‘എന്റെ രാജ്യം എന്റെ ജീവിതം’, എന്ന ആത്മകഥയില്‍ എല്‍.കെ. അദ്വാനി അയോദ്ധ്യാ സമരത്തെക്കുറിച്ചും 1990ല്‍ നടത്തിയ ശ്രീരാമരഥയാത്രയെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്. അതില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍
1990 സപ്തംബര്‍ 25ന് രാവിലെ ഞാന്‍ സോമനാഥ ക്ഷേത്രത്തിലെ ജ്യോതിര്‍ലിംഗത്തില്‍ പ്രാര്‍ത്ഥന നടത്തി. നരേന്ദ്ര മോദി, പ്രമോദ് മഹാജന്, ഗുജറാത്തിലെ പാര്‍ട്ടിയിലെ മുതിര്‍ന്ന ഭാരവാഹികള്‍, എന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ഒപ്പമുണ്ടായിരുന്നു.
എല്ലാവരും ക്ഷേത്രത്തിന് പുറത്ത് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ശംഖുവിളികളുടെയും ‘ജയ് ശ്രീറാം’, ‘സൗഗന്ധ് രാം കി ഖാതേ ഹേ മന്ദിര്‍ വാഹിന് ബനായേംഗേ’ (രാമന്റ പേരില്‍ ഞങ്ങള്‍ തീരുമാനിക്കുന്നു: ഞങ്ങള്‍ രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയും) എന്നീ മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ രഥം ഉരുണ്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ മുദ്രാവാക്യങ്ങള്‍ എന്റെ യാത്രയുമായി താദാത്മ്യം പ്രാപിച്ചു. ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കര്‍ ആലപിച്ച ‘രാം നാം മേ ജാദൂ ഐസ, രാം നാം മന് ഭായെ, മന് കി അയോധ്യ തബ് തക് സൂനി, ജബ് തക് റാം നാ ആയേന്…’ ഗാനം യാത്രയുടെ മുദ്രാസ്വരമായി.
ഓരോ ദിവസം കഴിയുമ്പോഴും ജനങ്ങളാണ് യഥാര്‍ത്ഥ പ്രചാരകരെന്നും ഞാന്‍ രണ്ടാമനാണെന്നുമുളള യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. ഞാന്‍ സാരഥി മാത്രം; രഥം തന്നെയായിരുന്നു പ്രധാന സന്ദേശവാഹകന്. രാത്രിയില്‍ ഏതുസ്ഥലത്താണോ തങ്ങുന്നത് അവിടുത്തെ പ്രവര്‍ത്തകരുടെ വീട്ടില്‍നിന്നാണ് ഭക്ഷണം കൊണ്ടുവന്നത്. പലപ്പോഴും പൊതുസമ്മേളനം അവസാനിക്കുക പാതിരാത്രിക്ക് ശേഷമാകും. അതിനാല്‍ സാധാരണ ഒരു ഗ്ലാസ് പാല് മാത്രേ കഴിച്ചിരുന്നുള്ളൂ.
രാമനെക്കുറിച്ചുള്ള ശുദ്ധവും അഗാധവുമായ ഭക്തി ഗ്രാമീണ ജനതയുടെ മുഖത്ത് നിഴലിക്കുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാനായി. നിശബ്ദരായി വന്ന്, മുദ്രാവാക്യം വിളിക്കാതെ, രഥത്തിനുമുന്നില്‍ പൂജ നടത്തി, എന്നെ അഭിവാദ്യം ചെയ്ത് മടങ്ങുന്ന ഗ്രാമീണരെ പലയിടത്തും കണ്ടു. ധാര്‍മ്മികബോധം ഭാരതീയരുടെ ജീവിതത്തില്‍ എത്ര ആഴത്തില്‍ വേരൂന്നിയതാണെന്ന് നേരിട്ട് കണ്ട് ഞാന്‍ വിനയാന്വിതനായി. വിശ്വാസത്തിന്റെ ഭാഷയിലൂടെ ദേശീയതയുടെ സന്ദേശം കൂടുതല്‍ ഫലപ്രദമായും വിശാലമായും സമാജത്തിലേക്ക് കൈമാറാന്‍ കഴിയും എന്ന് യാത്ര എന്നെ ബോധ്യപ്പെടുത്തി.
എന്റെ പ്രസംഗങ്ങള്‍ കൂടുതലും വാഹനത്തില്‍ ഉയര്‍ത്തിയ പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ട് ഏകദേശം 5 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു. ദിവസവും 20 മുതല്‍ 25 വരെ വഴിയോര സ്വീകരണങ്ങളെ അഭിസംബോധന ചെയ്തു. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളിലും പ്രസംഗിക്കേണ്ടി വന്നു. പ്രസംഗങ്ങളുടെ കേന്ദ്രബിന്ദു ദേശീയതയായിരുന്നു. ഞാന്‍ എപ്പോഴും വിശ്വസിക്കുന്നതുപോലെ, ശ്രീരാമ ക്ഷേത്രപ്രശ്നം നമ്മുടെ ദേശീയബോധവുമായി അന്തര്‍ലീനമായിരിക്കുന്ന ഭാരതീയത തന്നെയായിരുന്നു.
സ്വതന്ത്രഭാരതത്തില്‍ നമ്മുടെ മുസ്ലീം സഹോദരങ്ങള്‍ അനുഭവിക്കുന്ന തുല്യ പദവിയെക്കുറിച്ചും മതനിരപേക്ഷ രാജ്യമായി തുടരാന്‍ തീരുമാനിച്ചതിനെക്കുറിച്ചും പറഞ്ഞു. അയോദ്ധ്യയോടുള്ള ഹിന്ദുവികാരങ്ങളെ മാനിക്കണമെന്ന് മുസ്ലീം മത നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
യാത്ര 1990 ഒക്ടോബര്‍ 24ന് ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ പ്രവേശിക്കണമായിരുന്നു. എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാര്‍ ഒക്ടോബര്‍ 23ന് ബിഹാറിലെ സമസ്തിപൂരില്‍ വെച്ച് എന്നെ അറസ്റ്റ് ചെയ്തു. ബീഹാര്‍-ബംഗാള്‍ അതിര്‍ത്തിയില്‍ ദുംകയ്ക്കടുത്തുള്ള മസാഞ്ചൂരില്‍ ജലസേചന വകുപ്പിന്റെ ഇന്സ്പെക്ഷന് ബംഗ്ലാവിലേക്ക് കൊണ്ടുപോയി. ഈ നടപടി രാജ്യത്താകെ രൂക്ഷമായ പ്രതിഷേധമിരമ്പി.
കൊല്‍ക്കത്തയിലായിരുന്ന മകള്‍ പ്രതിഭ അറസ്റ്റ് വാര്‍ത്ത അറിഞ്ഞത് കൗതുകകരമായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കായി അവള് ടാക്സി പിടിച്ചു. അസാധാരണ ധൃതി കാണിച്ച ഡ്രൈവറോട് കാരണം തിരക്കി. അദ്വാന്‍ജി അറസ്റ്റിലായെന്ന് ആ ഡ്രൈവറാണ് മകളോടു പറഞ്ഞത്. ലാലു പ്രസാദ് യാദവുമായി പ്രതിഭ സംസാരിച്ചു. തടങ്കലില്‍ കഴിയുന്ന എന്നെ രണ്ടു ദിവസത്തിനുശേഷം കാണാന്‍ അനുമതി നല്കി. അഞ്ചാഴ്ച ഞാന്‍ തടങ്കലില്‍ കഴിഞ്ഞു.
എന്റെ രാഷ്ട്രീയ ജീവിതത്തിലെ ആവേശകരമായ അദ്ധ്യായം രചിച്ച് ശ്രീരാമ രഥയാത്ര അവസാനിച്ചു. എണ്ണമറ്റ ആളുകളുടെ പങ്കാളിത്തവും അഭിലാഷങ്ങളും യാത്രയെ ഊര്‍ജസ്വലമാക്കാന്‍ സഹായിച്ചതില്‍ ഞാന്‍ എക്കാലവും ആഹ്ലാദഭരിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: