‘അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നത് ഈശ്വരന്റെ ഇച്ഛയാലാണ്. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയാണ്. അന്ന് സംഭവിച്ചതിലൊന്നും എനിക്ക് ഖേദമില്ല. പശ്ചാത്തപിക്കേണ്ട ആവശ്യം ഇല്ലേയില്ല. ഒരു തരി പോലും ദുഃഖമില്ല. ചരിത്രകാരന്മാര്‍ അത് സത്യസന്ധമായി രേഖപ്പെടുത്തും. അടിമത്തത്തിന്റെയും കളങ്കത്തിന്റെയും പ്രതീകമായ ആ കെട്ടിടം രാമഭക്തരും ദേശസ്നേഹികളും ചേര്‍ന്ന് തകര്‍ത്തു. അത് രാമക്ഷേത്രമായിരുന്നു, എല്ലായ്‌പ്പോഴും അത് അങ്ങനെതന്നെയായിരിക്കുകയും ചെയ്യും’, 2004 ഡിസംബര്‍ രണ്ടിന് ലിബര്‍ഹാന്‍ കമ്മിഷന് മുന്നില്‍ കല്യാണ്‍സിങ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള വാക്കുകളാണിത്.
ലളിതവും കൃത്യവും വ്യക്തവുമായ ഭാഷയില്‍ കല്യാണ്‍സിങ് തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിസ്ഫോടനാത്മകമായ വഴിത്തിരിവിന് ചുക്കാന്‍ പിടിച്ച ഭരണാധികാരിയെന്ന് നിലയില്‍ കല്യാണ്‍സിങ് ചരിത്രത്തിന്റെ ഭാഗമാകുന്നു. എല്ലാ അര്‍ത്ഥത്തിലും കല്യാണ്‍സിങ്ങിന്റെ നിയോഗങ്ങള്‍ കാലത്തിന്റെ തിരുത്തായിരുന്നു. മുലായം സിങ് യാദവിന്റെ അധികാരാര്‍ത്തിയും മുസ്ലീം പ്രീണനവും മൂലം രക്തക്കളമായി മാറിയ അയോദ്ധ്യാപുരിയുടെ മോചനം കല്യാണ്‍സിങ്ങിലൂടെയായിരുന്നു. തര്‍ക്കമന്ദിരം നീക്കി ബാലകരാമന് താത്കാലികക്ഷേത്രം നിര്‍മ്മിക്കും വരെ അദ്ദേഹം ഉത്തര്‍പ്രദേശിന്റെ അധികാരത്തില്‍ തുടര്‍ന്നു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ പീഠമുയര്‍ത്തി രാംലല്ലയുടെ പ്രതിഷ്ഠാകര്‍മ്മം നടന്നതിന് പിന്നാലെ കല്യാണ്‍സിങ് രാജിവച്ചു. വോട്ടുബാങ്കിന് മുന്നില്‍ മുട്ടിലിഴയുന്ന പി.വി. നരസിംഹറാവുവിന്റെ കേന്ദ്രസര്‍ക്കാര്‍ കല്യാണ്‍സിങ് സര്‍ക്കാരിനെ പിരിച്ചുവിടുന്നു എന്ന ഉത്തരവിറക്കും മുമ്പ് അദ്ദേഹം രാജിവച്ചു. ഞാന്‍ രാമഭക്തരെ വെടിവയ്‌ക്കാന്‍ ഉത്തരവിടുമെന്ന് നിങ്ങള്‍ കരുതിയോ എന്ന് ചോദ്യശരങ്ങളുമായെത്തിയ മാധ്യമപ്രവര്‍ത്തകരോട് കല്യാണ്‍സിങ് ചോദിച്ചു. ഞാനും കര്‍സേവകനാണ് എന്ന് അദ്ദേഹം അഭിമാനത്തോടെ ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരമായി ആവര്‍ത്തിച്ചു.
അലിഗഡിലെ ആര്‍എസ്എസ് ശാഖയില്‍നിന്നാണ് കല്യാണ്‍സിങ്ങിന്റെ വരവ്. ശാഖയ്‌ക്കു ശേഷം അഖാഡയില്‍ ഗുസ്തി പരിശീലനം. മനസും ശരീരവും കരുത്തുള്ളതാക്കിയ ചെറുപ്പം. ആര്‍എസ്എസ് പകര്‍ന്ന ആദര്‍ശം ദേശത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കാനുള്ള പ്രേരണയായി. പഠിത്തം കഴിഞ്ഞപ്പോള്‍ അദ്ധ്യാപകനായി. സാമൂഹികമായി പിന്നാക്കാവസ്ഥയില്‍പ്പെട്ട ജനങ്ങളെ മുതലാക്കി രാഷ്‌ട്രീയക്കാര്‍ കൊഴുത്തപ്പോള്‍ അവരെ സഹായിക്കാന്‍ അവരില്‍ നിന്നൊരുവനെന്ന നിലയില്‍ രംഗത്തിറങ്ങി. 1967ല്‍ അത്രോളിയില്‍ നിന്ന് എംഎല്‍എ ആയി തുടക്കം. അടിയന്തരാവസ്ഥയായിരുന്നു ആദ്യ പോര്‍മുഖം. 21 മാസം ജയിലില്‍. ശേഷം ഉത്തര്‍പ്രദേശ് ജനതാസര്‍ക്കാരില്‍ മന്ത്രി.
1989ല്‍ മുലായം സിങ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഉത്തര്‍പ്രദേശില്‍ രാവണരാജ് നടപ്പായി. രാമക്ഷേത്രത്തിനെതിരെ നിലകൊണ്ട സര്‍ക്കാരിനെതിരെ രാഷ്‌ട്രീയമായി കല്യാണ്‍സിങ് നയിച്ച പ്രക്ഷോഭം ശക്തമായി. ബിജെപി ആരംഭിച്ച ഏകാത്മയാത്രയുമായി സിങ് ഉത്തര്‍പ്രദേശിന്റെ മുക്കിലും മൂലയിലും കടന്നു ചെന്നു. മുലായം ജനങ്ങളെ ഭിന്നിപ്പിച്ചപ്പോള്‍ കല്യാണ്‍സിങ് ഒന്നിപ്പിച്ചു. കര്‍സേവകരെ വെടിവച്ചുവീഴ്‌ത്തി മുലായം രാവണരാജ് എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കി. 91ല്‍ 221 സീറ്റുമായി കല്യാണ്‍സിങ് അധികാരത്തിലേറിയതായിരുന്നു അതിന്റെ ഫലം. നാലരനൂറ്റാണ്ടിലേറെയായി നിലനിന്ന അപമാനഗോപുരം നീക്കുന്നതിനുള്ള കര്‍സേവകരുടെ പ്രക്ഷോഭം വിജയത്തിലെത്തിയത് അക്കാലത്താണ്. കല്യാണ്‍സിങ് ആ വിജയത്തിന് കാവല്‍ക്കാരനായി.
ശരിയായ സമയത്ത് ശരിയായ നായകന്‍ എന്ന് ദേശീയമാധ്യമങ്ങളില്‍ ചിലത് അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തിന്റെ ദിശ മാറ്റുകയായിരുന്നു അദ്ദേഹം. ജാതിവെറിയും മതവിദ്വേഷവും സമാസമം ചേര്‍ത്ത് മുതലെടുപ്പ് രാഷ്‌ട്രീയം കൊണ്ടുനടന്നവരെയെല്ലാം എല്ലാവരുടെയും രാമന്‍ എന്ന ഒറ്റ മുദ്രാവാക്യത്തിലൂടെ കല്യാണ്‍സിങ് മറികടന്നു. രണ്ട് തവണം മുഖ്യമന്ത്രിയായി. എതിരാളികള്‍ ഒത്തുചേര്‍ന്ന് പാലം വലിച്ചിട്ടും രാഷ്‌ട്രീയവിജയത്തിന്റെ എന്‍ജിനീയറിങ് ഫലപ്രദമായി കാട്ടിക്കൊടുത്തു. ആ വഴിയേ നടന്നാണ് പിന്നിട്ട കാലം ബിജെപി അസാധ്യമായത് പലതും സാധ്യമാക്കിയത്. രാജസ്ഥാനിലും ഹിമാചലിലും ഗവര്‍ണറായും കുറച്ചുകാലം കല്യാണ്‍സിങ് സേവനമനുഷ്ഠിച്ചു. 2021ല്‍ എണ്‍പത്തൊമ്പതാം വയസില്‍ കല്യാണ്‍സിങ് രാമകാര്യാര്‍ത്ഥമായുള്ള ജീവിതം പൂര്‍ത്തിയാക്കി രാമപാദം ചേര്‍ന്നു. സാര്‍ത്ഥകമായ ഒരു പൊരുതലായിരുന്നു ആ ജിവിതം. നയവും വിജയവും ആയിരുന്നു മുഖമുദ്രകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: