എ.പി. അബ്ദുള്ളകുട്ടി
(ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍)
അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാചടങ്ങ് ബഹിഷ്ക്കരിക്കാന്‍ അവസാനം കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ആഴ്ചകളും ദിവസങ്ങളും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, കോണ്‍ഗ്രസ്സ് എടുത്തതാകട്ടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെറ്റായ തീരുമാനവും. വിനാശകാലേ വിപരീതബുദ്ധി എന്നല്ലാതെ എന്തു പറയാന്‍. കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ പലരും കരുതുന്നത് ഈ തീരുമാനം ഭാരതത്തിലെ മുസ്ലീം ജനവിഭാഗത്തെ ആവേശം കൊള്ളിക്കും എന്നാണ്. എന്നാല്‍ അത് ഒരു തെറ്റായ വിലയിരുത്തലാണ്. ഒരു ചെറുസംഘം ഇസ്ലാമിക തീവ്രവാദികളൊഴിച്ച്, സാമാന്യ മുസ്ലീം ജനതയുടെ നിശബ്ദമായ പിന്തുണ പവിത്രമായ പ്രാണപ്രതിഷ്ഠാ ചടങ്ങിനുണ്ട്. അത് അയോദ്ധ്യയില്‍ മാത്രമല്ല, രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും കാണാനുമുണ്ട്.
ഇന്ന് ഭാരതത്തിലുള്ള മഹാഭൂരിപക്ഷം മുസ്ലീങ്ങളും ഈ രാജ്യത്തിന്റെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ജീവിക്കുന്നവരാണ്, വിശേഷിച്ചും വിഭജനത്തിനുശേഷം. ഇസ്ലാമികരാജ്യത്തിലേക്കുള്ള മുഹമ്മദലി ജിന്നയുടെ ക്ഷണം തൃണവല്‍ഗണിച്ച് പിറന്ന മണ്ണില്‍ ജീവിച്ചുമരിക്കും എന്ന് ശപഥം ചെയ്ത ഒരു തലമുറയുടെ ഭാഗമാണ് ഇന്നത്തെ മുസ്ലീംങ്ങള്‍. അവര്‍ക്കിടയില്‍ ഒരു ചെറുന്യൂനപക്ഷം ജിഹാദി ഗ്രൂപ്പുകള്‍ സമീപകാലത്ത് ഉടലെടുത്തിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ്. അവരുടെ കയ്യടി വാങ്ങാന്‍ മാത്രമേ കോണ്‍ഗ്രസിന്റെ ഈ ശ്രീരാമവിരുദ്ധ തീരുമാനം ഉപകരിക്കൂ.
സിപിഎം പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കുന്നതില്‍ ആര്‍ക്കും അത്ഭുതമില്ല. കാരണം അവര്‍ ദൈവനിന്ദയുടെ പാര്‍ട്ടിയാണ്. പക്ഷേ കോണ്‍ഗ്രസ് അങ്ങനെയല്ല, മഹാഭൂരിപക്ഷം വിശ്വാസികളുടെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്റെ ജീവാത്മാവും പരമാത്മാവുമായ മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരഘട്ടത്തില്‍ തന്നെ തന്റെ സ്വപ്നം രാമരാജ്യമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. നീതിമാനായ, സത്യസന്ധനായ, ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിതം നയിച്ച ഭരണാധികാരിക്ക് ഉത്തമമാതൃകയാണ് ശ്രീരാമന് എന്ന പാഠം ഒരു ജനതയെ പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗാന്ധിജി. ബഹിഷ്കരണാഹ്വാനത്തിലൂടെ ശ്രീരാമനിന്ദയ്ക്കൊപ്പം ഗാന്ധിനിന്ദയും നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ഭാരതത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തിന്റെ വികാര-വിചാരങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു വിലയും കല്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ തെറ്റായ തീരുമാനം പാര്‍ട്ടിക്കകത്തുള്ള മഹാഭൂരിപക്ഷം ഹിന്ദുക്കളെയും വലിയതോതില്‍ വേദനിപ്പിച്ചിട്ടുണ്ടെന്ന സത്യം നേതാക്കള്‍ മനസ്സിലാക്കണം. അതുകൊണ്ടാണ് ഹിമാചല്‍പ്രദേശിലെയും ഗുജറാത്തിലെയും കര്‍ണാടകത്തിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ഈ തീരുമാനത്തെ, മുസ്ലീം പ്രീണന തീരുമാനത്തെ പരസ്യമായി തള്ളിപ്പറ ഞ്ഞത്. കോണ്‍ഗ്രസിന്റെ ഭാവി കട്ടപ്പൊകയാകുന്ന തീരുമാനമാണ് ദേശീയനേതൃത്വം എടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരത രാഷ്ട്രീയത്തില്‍ ഗതി പിടിക്കാത്തതിനുകാരണം ഗാന്ധിയെ തള്ളി പറഞ്ഞതാണ്, ആത്മീയതയെ തള്ളിപ്പറഞ്ഞതാണ്. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗതി വരും എന്നാണ് തോന്നുന്നത്.
കേരളത്തിലെ മുസ്ലീംങ്ങള്‍ക്കിടയില്‍, വിശേഷിച്ച് വടക്കന്‍ മലബാറില്‍ ഉമ്മമാര് തങ്ങളുടെ മക്കള്‍ക്ക് ബദര്‍ യുദ്ധ കഥകള്‍ പറഞ്ഞു കൊടുക്കുന്നതുപോലെ രാമ-രാവണയുദ്ധ കഥകള്‍ പറഞ്ഞുകൊടുത്തിരുന്നു. രാമായണ കഥ, മാപ്പിള രാമായണമായി പാടിനടന്ന നാടാണ് കേരളം. ഹിന്ദു-മുസ്ലീം സൗഹൃദത്തിന്റെ, ബഹുസ്വരതയുടെ മണ്ണില്‍ അയോധ്യയെ ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും തമ്മിലടിപ്പിക്കാനുള്ള വഴിയാക്കി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയവും ശ്രമിക്കുന്നത്. എന്നാല്‍ വിവരവും വിദ്യാഭ്യാസവുമുള്ള മുസ്ലീംങ്ങളിലെ പുതിയ തലമുറയെ അതിന് കിട്ടുമെന്ന് തോന്നുന്നില്ല.
ചരിത്രത്തെ വിലയിരുത്തുകയാണെങ്കില്‍ മുഗളന്മാരെ മുസ്ലീംങ്ങള്‍ എന്നുപോലും പറയാന്‍ പറ്റില്ല. അവര്‍ പുതിയ ഖുര്‍ആന്‍, ഉണ്ടാക്കിയവരാണ്. പുതിയ മതം ഉണ്ടാക്കിയവരാണ്. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ അക്രമിച്ചവരും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവരുമാണ് മുഗളന്മാര്. അവര്‍ സിക്കുകാരെയും കൂട്ടക്കൊല ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടന്നത് മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്താണ്. പക്ഷേ ബ്രിട്ടീഷുകാര്‍ എഴുതി ഉണ്ടാക്കിയ, തെറ്റായ ചരിത്രരചനയിലൂടെ അവരില്‍ ചിലരെല്ലാം മഹാന്മാരായി. അതുനമ്മള്‍ പഠിപ്പിക്കുകയും ചെയ്തു. അതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായത്.
ജനുവരി 22ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുന്നതോടെ അയോദ്ധ്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാകും. മുസ്ലീംങ്ങള്‍ക്ക് മക്ക പോലെ ജൂതന്മാര്ക്കും ക്രിസ്ത്യാനികള്‍ക്കും ജെറുസലേം പോലെ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായി മാറും. രാമജന്മഭൂമി വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ സമസ്താപരാധങ്ങളും ഏറ്റുപറയാനുള്ള ഒരു അസുലഭ അവസരമാണ് അവര്‍ പാഴാക്കുന്നത്. ഭാരതത്തിന്റെ ആത്മീയ സാംസ്കാരിക പൈതൃകത്തിന്റെ ഉദാഹരണമായി മാറുന്ന, രാജ്യപുരോഗതിക്ക് പ്രചോദനമാകുന്ന ചടങ്ങ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതൃത്വം നാളെ ദുഃഖിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: