Categories: Varadyam

അന്ന് ഞങ്ങള്‍ക്ക് ലഭിച്ച അസുലഭ ദര്‍ശനം

Published by

യോദ്ധ്യയിലെങ്ങും ഇപ്പോള്‍ രാമമന്ത്രധ്വനികള്‍ മുഴങ്ങുകയാണ്. കുറേനാള്‍ മുമ്പ് ഒരു ദിവസം പുലര്‍ച്ചെ അയോദ്ധ്യയില്‍ എത്തി ദ്രുതഗതിയില്‍ നടന്നുവരുന്ന ശ്രീരാമ ക്ഷേത്രനിര്‍മാണത്തിന്റെ പുരോഗതി നേരില്‍ കാണുകയും കുറേനേരം രാമക്ഷേത്ര ശില്‍പ്പങ്ങളില്‍ അവസാനവട്ട മിനുക്കുപണികള്‍ ചെയ്യുന്ന ശില്‍പ്പികളുടെ സഹായിയായി അല്‍പ്പം ചില ജോലികളും ചെയ്തതിനു ശേഷം അവിടെ നിന്നും 25 കി.മീ.അകലെയുള്ള നന്ദിഗ്രാമത്തിലേക്ക് പുറപ്പെട്ടു. മാര്‍ഗമദ്ധ്യേയുള്ള വിവിധ ആശ്രമങ്ങളില്‍ കയറിയിറങ്ങുമ്പോഴായിരുന്നു 1992 മുതല്‍ ശ്രീരാമഭക്തന്മാര്‍ക്ക് സുപരിചിതനായ മഹന്ത് നൃത്യഗോപാല്‍ ദാസ്ജി മഹരാജിന്റെ പേര് എഴുതിവച്ചിട്ടുള്ള ബോര്‍ഡു കാണാനിടയായത്. അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ സാധിക്കുമോ എന്നന്വേഷിച്ചപ്പോള്‍ മുകളിലത്തെ നിലയിലുണ്ടെന്ന് വിവരം ലഭിച്ചു. അവിടെ ചെന്നപ്പോഴാണ് മഹന്തിന്റെ അടുത്തുചെല്ലുന്നത് അത്ര എളുപ്പമല്ലെന്നു ബോധ്യമായത്. കാരണം പ്രായാധിക്യത്താല്‍ ക്ഷീണിതനായ അദ്ദേഹം വിശ്രമിക്കുന്ന ഗ്ലാസ്സുകൊണ്ടു നിര്‍മ്മിച്ച വിശാലമായ മുറിയുടെ മുന്‍പില്‍ യന്ത്രത്തോക്കുധാരികളായ കമാന്റോകള്‍ കാവല്‍ നില്‍ക്കുന്നു. അവരെ ബോദ്ധ്യപ്പെടുത്തി അകത്തു കടന്നപ്പോള്‍ അദ്ദേഹത്തെ പരിചരിക്കുന്നവരും ഭക്ഷണം പാകം ചെയ്യുന്നവരും ഡോക്ടറുമൊക്കെയുണ്ട്.

കേരളത്തില്‍ നിന്നാണെന്നു പരിചയപ്പെടുത്തിയപ്പോള്‍ മഹന്ത് മയക്കത്തിലാണെന്നും പുറത്തുനിന്നു നമസ്‌ക്കരിച്ചാല്‍ മതിയെന്നും സഹായികള്‍ നിര്‍ദ്ദേശിച്ചു. ഭാഗ്യവശാല്‍ ഈ സമയത്ത് അദ്ദേഹം ഒന്നുണര്‍ന്നു. ഈയവസരത്തില്‍ എനിക്കും അമ്മയ്‌ക്കും ഭാര്യയ്‌ക്കും അകത്തേക്ക് കയറുന്നതിനുള്ള അനുമതി ലഭിച്ചു. നൃത്യഗോപാല്‍ ദാസ്ജി മഹരാജ് കട്ടിലില്‍ കുറച്ചുനേരം എഴുന്നേറ്റിരുന്നപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ ദക്ഷിണയര്‍പ്പിച്ച് നമസ്‌ക്കരിച്ചു. വിടര്‍ന്ന കണ്ണുകളോടെ പുഞ്ചിരി തൂകിക്കൊണ്ട് അദ്ദേഹം ഞങ്ങളെ അനുഗ്രഹിച്ചു.ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിന്റെ അടക്കം നേതൃത്വം വഹിക്കുന്ന തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റേയും, ശ്രീരാമ ജന്മഭൂമി ന്യാസിന്റേയും അദ്ധ്യക്ഷന്‍ കൂടിയാണ് മഹന്ത് നൃത്യഗോപാല്‍ ദാസ്ജി മഹരാജ്.

1938 ജൂണ്‍ 11 നു ജനിച്ച മഹന്ത് കാശിയിലെ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്തു. 1965 ല്‍ 27 കാരനായ അദ്ദേഹം അയോദ്ധ്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ മണിറാം ദാസ് കി ഛവാനിയുടെ പീഠാധീശ്വരനായി (മഹന്തായി) അവരോധിക്കപ്പെട്ടു. ഈ സ്ഥാനാരോഹണച്ചടങ്ങ് വലിയ ആഘോഷത്തോടെയാണ് അയോദ്ധ്യയില്‍ നടത്തപ്പെട്ടത്. 1992 ല്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ട കേസ്സില്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്ജി മഹരാജ് പ്രതിയാക്കപ്പെട്ടുവെങ്കിലും പിന്നീട് കോടതി അദ്ദേഹം അടക്കമുള്ള പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു.

ശ്രീരാമ ജന്മഭൂമിയുടെ മോചനത്തിനും രാമക്ഷേത്രനിര്‍മാണത്തിനു വേണ്ടി അക്ഷീണം പരിശ്രമിച്ച ആ മഹാത്മാവിനെ നേരില്‍ ദര്‍ശിക്കാന്‍ ഇടയായത് ഞങ്ങള്‍ ജന്മസുകൃതമായി കരുതുന്നു.

പിന്നീട് പോയത് അയോദ്ധ്യാ പട്ടണത്തില്‍ നിന്നും 25 കി.മി. അകലെയുള്ള നന്ദിഗ്രാമത്തിലായിരുന്നു. ഇവിടെയാണ് കൈകേയിയുടെ ദുഷ്‌പ്രേരണയാല്‍ ശ്രീരാമനും സീതാദേവിയും ലക്ഷ്മണനുമെല്ലാം 14 വര്‍ഷക്കാലത്തെ വനവാസത്തിനു പോയപ്പോള്‍ അയോദ്ധ്യാധിപതിയായി അവരോധിക്കപ്പെട്ട ഭരതന്‍ ശ്രീരാമന്റെ മെതിയടിയുമായി രാജ്യഭാരം നടത്തിയത്. വഴിയോരങ്ങളിലെ ഗ്രാമങ്ങളെല്ലാം കൃഷിയിടങ്ങളാണ്. ഗോതമ്പും ചോളവും കരിമ്പുമെല്ലാം വന്‍തോതില്‍ കൃഷി ചെയ്തുവരുന്ന ഈ പ്രദേശങ്ങളില്‍ രാമായണ കഥാസന്ദര്‍ഭവുമയി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളുണ്ട്.

നന്ദിഗ്രാമത്തിലെ പേരാല്‍ച്ചുവട്ടിലിരുന്നാണ് ഭരതന്‍ 14 വര്‍ഷം രാജ്യഭാരം നടത്തിയതെന്നു അവിടുത്തെ ജനങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു. നന്ദിഗ്രാമത്തിലെ രാം ജാനകി മന്ദിറിലെ ഇപ്പോഴത്തെ പുരോഹിതന്‍ സ്വാമി രാമനാരായണ ദാസ്ജിയുമായി വളരെ നേരം സംസാരിക്കാന്‍ സാധിച്ചതും അയോദ്ധ്യാ സന്ദര്‍ശനത്തിലെ ഭാഗ്യമായി കരുതുന്നു. അദ്ദേഹം നന്ദിഗ്രാമത്തില്‍ തന്നെയുള്ളയാളാണ്. അധികമൊന്നും പുറത്തു പോകാറില്ലെന്നു പറഞ്ഞു. വളരെ സ്‌നേഹത്തോടെയാണ് മഹന്തും ഒപ്പമുള്ളവരും ഞങ്ങളെ സ്വീകരിച്ചത്. എന്തായാലും അയോദ്ധ്യാ സന്ദര്‍ശനം ഹൃദ്യമായ അനുഭവമായിരുന്നു.

(ലേഖകന്‍ ശബരിമല യുവതി പ്രവേശന കേസിലെ ആദ്യ പരാതിക്കാരനും ബിജെപി മുന്‍ സംസ്ഥാന സമിതി അംഗവുമാണ്)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക