ഗ്രഹണകാലത്തെ ചെറുക്കാന്‍ ദേവന്മാര്‍ക്കുപോലുമാവില്ല. കര്‍മശേഷി നാടുനീങ്ങുമ്പോള്‍, ഭയം ഭരണമാകുമ്പോള്‍ വിധിയെ വിഹിതമായി ജനങ്ങള്‍ കരുതുമ്പോള്‍, ഗ്രഹണകാലം തുടങ്ങുകയായി. ശാപശിലയായി മാറിയ അഹല്യ ശ്രീരാമപാദ സ്പര്‍ശത്തിനുവേണ്ടി കണ്ണുംനട്ട് കാതോര്‍ത്ത് ചിരകാലം ഭൂമിയുടെ ഗര്ഭഗൃഹത്തില് കിടന്നു. ത്രേതായുഗം കഴിഞ്ഞ് കലിയുഗമായതോടെ അയോദ്ധ്യയിലെ ബലരാമക്ഷേത്രത്തിന്റെ കൊടിമരവും ഗോപുരവും ശ്രീകോവിലും കരിങ്കല്‍ പ്രതിമകളും ബാബറുടെ പടയോട്ടത്തില്‍ നിലംപൊത്തി. തല്‍സ്ഥാനത്ത് പുതിയ വിശ്വാസത്തിന്റെ താഴികക്കുടങ്ങള്‍ ഉയര്‍ന്നുവന്നു. മഹാക്ഷേത്രത്തിന്റെ തീര്ത്ഥനാളിയും തൂണും ആധാരശിലയും ചരിത്രത്തിന്റെ ആവര്‍ത്തനമെന്നോണം അഹല്യയെപ്പോലെ രാമപാദത്തെ ധ്യാനിച്ച് മണ്ണ് പുതച്ച് ഇരുട്ടറയില്‍ കിടന്നു.
അയോദ്ധ്യയില്ലാതെ, ആലംബമില്ലാതെ ഭാരതത്തിന്റെ ഓര്‍മയില്‍നിന്ന് ഗുണവാനും വീര്യവാനും ആദര്‍ശവാനുമായ രാമന് അപ്രത്യക്ഷനായി എന്നല്ല പറയുന്നത്. തൃപ്രയാറിലെയും തിരുവങ്ങാട്ടിലെയും നിറസന്ധ്യയായി, രാമചരിതമായി, രാമചരിതമാനസമായി, കിളിപ്പാട്ടായി, പാരായണ മാസമായി, ത്യാഗരാഗമായി, രാമരസമായി, ശ്മശാന യാത്രയിലെ അന്തിമമന്ത്രമായി ധര്‍മത്തിന്റെ ഈ രാമസേതു ഭാരതവര്‍ഷത്തിലെ മനുഷ്യരെ പരസ്പരം ബന്ധിപ്പിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ടല്ലോ.
തലമുറകളിലേക്ക് സംക്രമിക്കുന്ന ഓര്മ ചിരംജീവിയാണ്. ബാബര്‍ക്ക് ആ രാമബാണത്തെ തകര്‍ക്കാനായില്ല. ദക്ഷിണാപഥത്തിലെ മറാഠകളും പഞ്ചാബിലെ നിഹംഗ് സിക്കുകാരും അയോദ്ധ്യയെ വീണ്ടെടുക്കാന്‍ കനല്‍വഴി താണ്ടിയെത്തിയപ്പോള്‍ സ്ഥലകാലങ്ങളുടെ അകലം വഴിമാറി നിന്നു. അയോദ്ധ്യയിലോ മിഥിലയിലോ ഉള്ളവരേക്കാള്‍ അവര്‍ക്കായിരുന്നു ആവേശം. സ്വന്തം രാജ്യത്തെ തിരിച്ചുപിടിക്കാന്‍ നൂറ്റാണ്ടുകള്‍ തപസ്സിരുന്ന യഹൂദന്മാരെ അനുസ്മരിപ്പിക്കും വിധം നാമാവശേഷമായ രാമക്ഷേത്രത്തെ ഭക്തന്മാര് പുനര്‍നിര്‍മിച്ചു.
ധര്‍മസംസ്ഥാപനത്തിനായി പിറന്ന ശ്രീരാമചന്ദ്രന്, സ്വന്തം ജന്മസ്ഥാനം നഷ്ടപ്പെട്ടത് വിചിത്രമായി തോന്നാം. സ്ഥാന നഷ്ടം അവിടെ അവസാനിക്കുന്നില്ല. നമ്മുടെ ധര്‍മികതയും രാഷ്ട്രീയവുമായ സദാചാരമാണ് അതോടൊപ്പം തകര്‍ന്നത്. ഇന്ന് ബീഹാറില്‍ ചെല്ലുന്ന ഒരാള്‍, ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാല അവിടെയുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? നളന്ദ വിശ്വവിദ്യാലയം തകര്‍ന്നപ്പോള്‍, ഒരു നാട് മുഴുവനായും ഇരുട്ടിലായി. ‘ബീമാരു’വിലെ ആദ്യാക്ഷരം തുടങ്ങുന്നത് ബീഹാറില്‍നിന്നാണ്.
പാമരനായ ഭാരതീയനുപോലും രാമരാജ്യമെന്ന രാജനീതി മനസ്സിലാകും. രാമായണത്തെ വെറും പുസ്തകമായും വരുമാനമായും റോയല്‍റ്റിയായും കരുതുന്നവരേക്കാള്‍ ഇവര്‍ എന്തുകൊണ്ടും മാന്യന്മാരാണ്. നിഷ്കളങ്കരായ ഇക്കൂട്ടര്‍ പോലും വര്‍ത്തമാനകാല ജീര്‍ണതയ്ക്ക് വളമായി മാറി. Darkest house is just before the റമംി എന്ന് പറയാറുണ്ടല്ലോ. രഘുവംശ രാജാക്കന്മാരെക്കുറിച്ചുള്ള സ്മരണയുമായി അയോദ്ധ്യയില്‍ തീവണ്ടിയിറങ്ങി പുറത്തുകടന്ന എസ്.കെ.പൊറ്റെക്കാടിന്റെ കണ്ണില്‍ ആദ്യമായി പതിഞ്ഞത് ഒരു റേഷന്‍കടയായിരുന്നു. അതെത്രയോ നിസ്സാരം. ഇതേ മണ്ണില്‍, ഏഴു തവണ നിയമസഭാ സാമാജികനായും, മൂന്നുതവണ ലോക്സഭാംഗമായും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ബാഹുബലിയുണ്ടായിരുന്നു. മിത്രസെന്‍ യാദവ് എന്ന കമ്യൂണിസ്റ്റുകാരനായിരുന്നു ആ മഹാന്. പില്ക്കാലത്ത് സമാജ്വാദിയായും ബഹുജന്‍ സമാജ് വാദിയായും ഇദ്ദേഹം അരങ്ങ് തകര്‍ത്തു. ലോക്സഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വേളയില്‍ ഈ യാദവന്, തന്റെ പേരില്‍ 16 ക്രിമിനല്‍ കുറ്റമുണ്ടെന്ന് സത്യപ്രസ്താവന നടത്തിയിട്ടുണ്ട്. ആറ് വധശ്രമം, മൂന്ന് കവര്‍ച്ച, പണാപഹരണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കൊലക്കുറ്റത്തിന് കോടതി ഈ ജനനായകന് വധശിക്ഷ വിധിച്ചുവെങ്കിലും ദയാഹര്‍ജിയില്‍ തൂക്കുദണ്ഡന ഒഴിവായി.
വിനയ് കട്യാര്‍ എന്ന രാമസേവകനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്പ്പിച്ചിട്ടാണ് യമ യാദവനെ അയോദ്ധ്യാവാസികള്‍ വരിച്ചത് എന്നോര്‍ക്കണം. നാടുഭരിക്കേണ്ട ധര്‍മരാജാവ് തങ്ങളെ ഉപേക്ഷിച്ച് വനവാസത്തിന് പോകുന്നല്ലോ എന്ന് വിലപിച്ച് ജനപദസീമ വരെ നഗരവാസികള്‍ രാമനെ അനുഗമിച്ചുവെന്നാണ് കഥ. രാമക്ഷേത്രം തകര്‍ന്നപ്പോള്‍ ജനഹൃദയങ്ങളിലെ മേല്‍പ്പറഞ്ഞ ധര്മക്ഷേത്രവും രാഷ്ട്രീയ കര്‍മശുദ്ധിയുടെ ശ്രീകോവിലും മണ്ണടിഞ്ഞു. ആയോധന വിദ്യയില്‍ വമ്പനായ മിത്രസെന്‍ യാദവന്റെ അയോദ്ധ്യാകാണ്ഡത്തില്‍, ഉപജാപ രാഷ്ട്രീയത്തിന്റെ ‘മന്ഥരവാദ’മല്ലാതെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുശീലനത്തിന്റെയും സനാതന വിശുദ്ധിയില്ല. സരയൂതീരത്തുയരുന്ന ദേവാലയം ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുമോ?
ഈ ക്ഷേത്രത്തിന്റെ ചുറ്റുമായി ഒരു വന്‍നഗരം ഭാവിയില്‍ ഉയര്‍ന്നുവരും. അര്ത്ഥഭേദമില്ലെങ്കിലും, മഹാനഗരങ്ങളല്ല, മഹത്തായ നഗരങ്ങളാണ് നമുക്കു വേണ്ടത്. ‘അയോദ്ധ്യാ മധുരാമായാ’ എന്ന് തുടങ്ങുന്ന പ്രാതസ്മരണയിലെ ആദ്യത്തെ മോക്ഷനഗരിക്ക് ശാപമോക്ഷം കിട്ടുമ്പോള്‍ നമ്മുടെ മനസ്സില്‍ ചില പ്രതീക്ഷകളൊക്കെയുണ്ടാവും. ദക്ഷിണേന്ത്യയിലെ തിരുപ്പതിയേക്കാള്‍ ഭക്തജനങ്ങളുടെ മന്ത്രഘോഷം ഈ ക്ഷേത്രത്തില്‍ മുഴങ്ങും. നടവരവും കൂടും.
ചോദ്യം മറ്റൊന്നാണ്. ഇതൊരു മാതൃകാക്ഷേത്രമായി മാറുമോ? നമ്മുടെ നാട്ടില്‍ ക്ഷേത്രങ്ങള്‍ക്ക് ക്ഷാമമില്ല. ഇല്ലാത്തത് ‘ഹിന്ദുക്ഷേത്ര’ങ്ങളാണ്. പെരുവഴിയില്‍ കായ്ച്ച തേന്മാവുപോലെ ആര്‍ക്കും എറിഞ്ഞ് വീഴ്ത്തി കൊണ്ടുപോകാനും ആരോടും കണക്കുബോധിപ്പിക്കാതിരിക്കാനും വേണ്ടി പിറന്നവയാണ് അമ്പലങ്ങള്‍. ഉടമസ്ഥന് ദൈവമായാല് ക്ഷേത്ര കവര്‍ച്ച ജനകീയമാകും. നാസ്തികരും, ആസ്തിക വേഷം കെട്ടിയ കോവിലിലെ നോക്കുകൂലിക്കാരും, അവരുടെ രാഷ്ട്രീയ യജമാനന്മാരും ചേര്‍ന്ന് നടത്തുന്ന കൂട്ടായ്മക്കവര്ച്ചയുടെ സംസ്കൃതമാണ് ദേവസ്വം. ഇങ്ങനെയല്ല ക്ഷേത്രം നടത്തിപ്പ് എന്ന് കാണിച്ചുകൊടുക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.
അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍, നിശ്ചിതകാലത്തേക്ക് സൗജന്യ സേവ ചെയ്യാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി വിശ്വാസികള്‍ എത്താറുണ്ട്. പെരുമാറ്റത്തില്‍ മാന്യന്മാരും ക്ഷേത്രപരിപാലനത്തില്‍ പരിശീലനം സിദ്ധിച്ചവരുമാണ് ഇവര്‍. ഈശ്വരന്റെ പ്രസാദത്തിന് അവിടെ വിലവിവരപ്പട്ടിക എഴുതിവച്ചതായി കണ്ടിട്ടില്ല. ഉച്ചനീച ഭേദമില്ലാതെ വിശക്കുന്നവര്‍ക്ക് വിനയത്തോടെ ഭക്ഷണം വിളമ്പുന്ന ലംഗയും ഗുരുദ്വാരകളിലുണ്ട്. ഇതോടൊപ്പം ഭക്തന്മാര്ക്ക് തല ചായ്ക്കാന്‍ മുന്തിയ ധര്മസത്രവും കൂടിയുണ്ടെങ്കില്‍ രാമക്ഷേത്രം ഭാരതത്തിലെ മറ്റനേകം ക്ഷേത്രങ്ങള്‍ക്ക് ഒരു മാതൃകയായി മാറും. ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന ഭീമമായ വഴിപാട് തുകയിലെ ഒരു രൂപപോലും ഹിന്ദുധര്‍മത്തിന്റെ ഉല്ക്കര്ഷത്തിനുവേണ്ടിയാവാതെ വിനിയോഗിക്കപ്പെടരുത് എന്ന് ഉറപ്പുവരുത്താന്‍ കഴിയുമോ?
ഒരു ക്ഷേത്രവും വിദ്വേഷത്തിലോ നിഷേധത്തിലോ വളരില്ല. അതുകൊണ്ടുതന്നെ അയോദ്ധ്യയിലെ ഭവ്യക്ഷേത്രം രാമനുവേണ്ടി മാത്രമുള്ളതാണ്. ബാബര്‍ക്കോ മുഗളവംശത്തിന്റെ പിന്‍തലമുറയ്ക്കോ എതിരെയുള്ള പ്രതിഷേധമല്ല അവിടെ ഉയരുന്നത്.
എന്നാല്‍, കര്‍മവിമുഖരായി, രാപ്പകല്‍ ഉറങ്ങിക്കിടന്ന ഈ നാട്ടിലെ കുംഭകര്ണ്ണന്മാരെയും, ചതിയും വഞ്ചനയും സ്വാര്‍ത്ഥതയും ഉപജീവനമാര്‍ഗ്ഗമാക്കിയ മാരീച മന്ഥരാദികളെയും, എണ്ണമറ്റ സ്വധര്മദ്രോഹികളെയും ഈ ക്ഷേത്രം സദാ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. ഉദയത്തിനു മുന്‍പ് കൂരിരുട്ട് പരത്തിയവരെ അത്ര എളുപ്പത്തില്‍ മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: