കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാദാത്തുക്കളെയും വെറുപ്പിച്ചാലും പ്രയാസപ്പെടുത്തിയാലും അവരുടെ കൈവെട്ടുമെന്ന എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിന്റെ കൊലവിളി പ്രസംഗം വിവാദമാകുന്നു.
മലപ്പുറത്ത് എസ്‌കെഎസ്എസ്എഫ് മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് നേതാവിന്റെ കൊലവിളി പ്രസംഗം. പ്രസ്ഥാനത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായിട്ടുള്ളവരുടെ മുന്നറിയിപ്പാണിതെന്നും സമസ്തയോടല്ലാതെ ഒരു പ്രസ്ഥാനത്തോടും വിട്ടുവീഴ്ചയ്‌ക്കില്ലെന്നുമാണ് അദ്ദേഹം തുടര്‍ന്നത്. ആവേശത്തോടെയുള്ള നേതാവിന്റെ പ്രസംഗത്തെ അല്ലാഹു അക്ബര്‍ വിളികളോടെയാണ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എതിരേറ്റത്.
ഇതിനെ അപമര്യാദയായി ആരും കാണേണ്ടതില്ലെന്നും ഇതൊരു ഭാഷാപ്രയോഗമല്ലെന്നും കൃത്യമായ അജണ്ടയും നിലപാടുമുള്ള പ്രസ്ഥാനമാണിതെന്നും അദ്ദേഹം തുടര്‍ന്നു.
സമസ്തയെ കൊച്ചാക്കുന്ന, നിഷ്പ്രഭമാക്കാന്‍ ശ്രമിക്കുന്ന ആര് മുന്നോട്ട് വന്നാലും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ എസ്‌കെഎസ്എസ്എഫിന് ശക്തിയുണ്ട്. എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകരെ വേട്ടയാടിയാല്‍ അവരെ തിരിച്ചും വേട്ടയാടും. എന്നിങ്ങനെയായിരുന്നു സത്താറിന്റെ പ്രകോപന പ്രസംഗം. സമസ്ത, സിഐസി തര്‍ക്കത്തില്‍ മുസ്ലിം ലീഗിന്റെ നിലപാടിനെതിരെയുള്ള വിമര്‍ശനം കൂടിയായിരുന്നു സത്താറിന്റെ പ്രസംഗം.
പ്രസംഗത്തിനിടയില്‍ സാദിഖലി തങ്ങളെ പരോക്ഷമായി വിമര്‍ശിച്ച സത്താര്‍ എസ്എകെഎസ്എസ്എഫുകാര്‍ക്ക് വികാരം കൂടുതലാണെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചു. തലയിരിക്കുമ്പോള്‍ വാലാടേണ്ടയെന്ന സമസ്തക്കെതിരെയുള്ള സാദിഖലി തങ്ങളുടെ വിമര്‍ശനത്തിനെതിരെയായിരുന്നു സത്താറിന്റെ ഒളിയമ്പ്. പ്രസംഗം വിവാദമായതോടെ സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി മൊയ്തീന്‍ ഫൈസി സത്താറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞെങ്കിലും കൊലവിളി പ്രസംഗം നടത്തിയ സത്താറിനെതിരെ നേതൃത്വം നടപടിയൊന്നും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: