തൃശ്ശൂര്‍: പ്രധാനമന്ത്രിയെത്തുന്നത് വികസന വഴിയില്‍ മുഖം മിനുക്കുന്ന ഗുരുവായൂരില്‍. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിന്റെ വികസനത്തിന് മോദി സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്.
തീര്‍ത്ഥാടന നഗരങ്ങളുടെ വികസനത്തിനായി രാജ്യത്ത് 2015 ല്‍ ആരംഭിച്ച പ്രസാദ് പദ്ധതിയില്‍ ഗുരുവായൂരിനെ ഉള്‍പ്പെടുത്തിയതോടെയാണ് വികസനത്തിന് വഴി തുറന്നത്. പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനമാണ് പ്രസാദ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
പ്രസാദ്, അമൃത് പദ്ധതികളിലായി ഇതിനകം 350 കോടിയോളം ഗുരുവായൂരിന് ലഭിച്ചു. ബഹുനില പാര്‍ക്കിങ് സമുച്ചയം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, നഗരം മുഴുവന്‍ സിസിടിവി ക്യാമറ എന്നിവയെല്ലാം പ്രസാദ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയായി. ഇവയുടെ നൂറ് ശതമാനം തുകയും കേന്ദ്രമാണ് നല്‍കിയത്.
ഏറെക്കാലമായി ഉയരുന്ന റെയില്‍വേ മേല്‍പ്പാലം എന്ന ആവശ്യവും യാഥാര്‍ത്ഥ്യമായി. ഇതിന്റെ പകുതി ചെലവ് കേന്ദ്രം നല്‍കും. മാലിന്യ സംസ്കരണ പദ്ധതിയുള്‍പ്പെടെ നിരവധി പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നു. റെയില്‍വേ വികസനമാണ് ഗുരുവായൂരിന്റെ അടിയന്തിര പ്രാധാന്യമുള്ള മറ്റൊരാവശ്യം. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി അമൃത് ഭാരത് സ്റ്റേഷന് സ്കീമില്‍ തുക നീക്കിവച്ചിട്ടുണ്ട്.
കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് റയില്‍വേ ഡിവിഷനുകള്‍ക്ക് 303.54 കോടിയാണ് ഈ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്. ഗുരുവായൂരില്‍ ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചതായി റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൃശൂര്‍ – ഗുരുവായൂര്‍ രണ്ടാം ലൈനും, ഗുരുവായൂര്‍-തിരുനാവായ ലൈനും യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്ത് എവിടെ നിന്നും തീര്‍ത്ഥാടകര്‍ക്ക് ട്രെയിന്‍ മാര്‍ഗം ക്ഷേത്രനഗരിയിലെത്താം. പ്രസാദ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനം ഗുരുവായൂരിലുണ്ടാകുമെന്നാണ് പ്രതീക്ഷ .
രാജ്യവ്യാപകമായി തീര്‍ത്ഥാടന നഗരങ്ങളുടെ വികസനത്തിനുള്ള പദ്ധതിയാണിത്. ബുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബോധ് ഗയ, അജന്ത – എല്ലോറ, ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി, മുസ്ലിം ആരാധനാ കേന്ദ്രമായ അജ്മീര്‍, സിക്ക് കേന്ദ്രമായ അമൃത്സര്‍, ദ്വാരക, പുരി തുടങ്ങിയ നഗരങ്ങളും പ്രസാദ് പദ്ധതിയുടെ ഭാഗമായി വലിയ വികസനത്തിന്റെ പാതയിലാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് പ്രസാദ് പദ്ധതിയില്‍ ആദ്യം ഉള്‍പ്പെട്ട നഗരമാണ് ഗുരുവായൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യവും ഇതിന് പിന്നിലുണ്ട്.
രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം 2019 ജൂണ്‍ ഏഴിന് നരേന്ദ്രമോദി ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 13 നും മോദി ഗുരുവായൂരിലെത്തി.
17 ന് രാവിലെ 6.45 ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങുന്ന മോദിയെ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളും എന്‍ഡിഎ നേതൃത്വവും സ്വീകരിക്കും. ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികളും പ്രധാനമന്ത്രിയെ സ്വീകരിക്കും. വന്‍വരവേല്‍പ്പാണ് പ്രധാനമന്ത്രിക്ക് ഗുരുവായൂരില്‍ ബിജെപി നേതൃത്വം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: