Categories: Health

ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനം; സാന്ത്വന പരിചരണത്തില്‍ മാതൃകയായി ‘ഞാനുമുണ്ട് പരിചരണത്തിന്’

Published by

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന് ‘ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികള്‍ക്ക് വേണ്ടി അവരാല്‍ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി വിവിധ പരിപാടികള്‍ നടന്നു വരുന്നു. നവകേരളം കമ്മപദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലെ 10 പ്രധാന പദ്ധതികളിലൊന്നാണ് സാന്ത്വന പരിചണം. ആര്‍ദ്രം ജീവിതശൈലീ കാമ്പയിന്റെ ഭാഗമായി വയോജനങ്ങളുടേയും കിടപ്പ് രോഗികളുടേയും വിവരങ്ങള്‍ ശേഖരിക്കുകയും പരിചരണം ഉറപ്പാക്കുന്നു.

സന്നദ്ധ സേന ഡയറക്ടറേറ്റുമായി സഹകരിച്ച് സാന്ത്വന പരിചരണത്തില്‍ സന്നദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൂടെ’ എന്ന പേരില്‍ ഒരു ക്യാമ്പയിനും സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നു. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കാന്‍ തയ്യാറുള്ള ആര്‍ക്കും സന്നദ്ധ സേന ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സര്‍ക്കാര്‍/എന്‍.ജി.ഒ/സി.ബി.ഒ മേഖലയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ പിന്തുണയോടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള പാലിയേറ്റീവ് കെയര്‍ പരിശീലനം നല്‍കും. പരിശീലനത്തിന് ശേഷം വോളണ്ടിയര്‍മാര്‍ക്ക് അവരുടെ കഴിവും ലഭ്യമായ സമയവും അനുസരിച്ച് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കുന്നതാണ്.

സര്‍ക്കാര്‍ മേഖലയില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഉള്‍പ്പെട്ട 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്ററി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കല്‍ കോളേജുകളിലും ആര്‍.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. ഇതുകൂടാതെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ 44 സെക്കന്ററി ലെവല്‍ യൂണിറ്റുകളും ഹോമിയോ വകുപ്പിന് കീഴില്‍ 18 സെക്കന്ററി യൂണിറ്റുകളുമുണ്ട്. എന്‍.ജി.ഒ/സി.ബി.ഒ മേഖലയില്‍ 500-ലധികം യൂണിറ്റുകള്‍ വീടുകളിലെത്തി മെഡിക്കല്‍ കെയറും, നഴ്സിംഗ് പരിചരണവും നല്‍കുന്നുണ്ട്. കേരളത്തിലുടനീളം പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്ന നിരവധി ചാരിറ്റി, സോഷ്യല്‍ ഓര്‍ഗനൈസേഷനുകളുമുണ്ട്.

വാരാചരണത്തിന്റെ ഭാഗമായി ജനുവരി 15 മുതല്‍ ജനുവരി 21 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രോഗികളുടെയും ബന്ധുക്കളുടെയും ഒത്തുചേരല്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, സന്നദ്ധ പരിശീലന പരിപാടികള്‍, കുടുംബശ്രീ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടം എന്നിവ സംഘടിപ്പിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികളും പ്രത്യേക അസംബ്ലിയും സംഘടിപ്പിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാര്‍ക്കും (ബാച്ചുകളായി) ഒരു മണിക്കൂര്‍ ബോധവല്‍ക്കരണം നല്‍കും. കെയര്‍ ഹോമുകളില്‍/ഡേ കെയര്‍ സെന്ററുകളില്‍ സാംസ്‌കാരിക പരിപാടികള്‍, വാര്‍ഡ് തല വോളണ്ടിയര്‍ ടീം രൂപീകരണവും കിടപ്പ് രോഗികളെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധിപ്പിക്കലും, കിടപ്പ് രോഗികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക, രോഗികള്‍ക്കുള്ള വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ പരിശീലനം, മെഡിക്കല്‍, നഴ്‌സിംഗ് സ്‌കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികളുടെ പ്രത്യേക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by