പാലക്കാട്: ജില്ലയിലെ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ പ്രധാന സംഭരണശാലയായ പുതുപ്പരിയാരത്തെ എഫ്സിഐ ഗോഡൗണില്‍ ഇടക്കിടെയുണ്ടാവുന്ന തൊഴിലാളി സമരവും ലോറിയുടമകളുടെ സമരവും ഭക്ഷ്യധാന്യ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നു. ജില്ലാ സപ്ലൈ ഓഫീസറുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ലോറിയുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതായതോടെ എഫ്സിഐയിലെ ചരക്കുനീക്കം നിലച്ചു. ഇതോടെ റേഷന്‍ വിതരണവും പ്രതിസന്ധിയിലായി.
സംഭരണശാലയില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ കയറ്റാതെ പിന്മാറിയ ലോറിയുടമകള്‍ സമരം തുടരാന്‍ തീരുമാനിച്ചതോടെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള റേഷന്‍ വിതരണവും താളംതെറ്റും. ലോറി വാടകയിനത്തില്‍ 25 ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. ഇത് പൂര്‍ണമായും ലഭിച്ച ശേഷമെ ലോഡ് കയറ്റൂ എന്ന നിലപാടിലാണ് ലോറി ഉടമകള്‍. ബുധനാഴ്ചത്തെ ചര്‍ച്ചയില്‍ സപ്ലൈകോ ഉദ്യാഗസ്ഥര്‍, സംഘടനാ നേതാക്കള്‍, ലോറിയുടമകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തിരുന്നെങ്കിലും 3 മാസത്തെ വാടക കുടിശ്ശിക സംബന്ധിച്ച് ധാരണയിലെത്താനായില്ല. കുടിശ്ശിക തീര്ക്കാത്തിടത്തോളം ഇതര മാര്‍ഗ്ഗത്തിലൂടെ ലോഡെടുക്കാനും അനുവദിക്കില്ലെന്ന നിലപാടിലാണ് ലോറിയുടമകള്‍.
റേഷന്‍ ധാന്യ വിതരണത്തിലൂടെ സപ്ലൈകോയില്‍ നിന്നും അരക്കോടിയിലധികം രൂപ വരെ ലഭിക്കാനുള്ള കരാറാണ് നിലവിലുള്ളത്. അതിനാല്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. നിലവിലുളള സ്റ്റോക്കുപയോഗിച്ച് റേഷന്‍ കടകളിലേക്കുള്ള ധാന്യ വിതരണം നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പലയിടത്തും കിട്ടാനില്ലെന്നതാണ് യാഥാര്‍ഥ്യം. എഫ്സിഐയിലെ ലോറിയുടമകളുടെ പ്രശ്നം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മാസത്തെ ബാക്കി റേഷന്‍ വിതരണവും നടക്കില്ല. പല സംഭരണശാലകളിലും ഗോതമ്പുമില്ല. കഴിഞ്ഞവര്‍ഷം ഇവിടെ അട്ടിക്കാശിന്റെ പേരിലായിരുന്നു സമരം. ചുരുക്കത്തില്‍ പുതുപ്പരിയാരത്തെ ഗോഡൗണിലെ സമരം റേഷന്‍കടകളെയും അതോടൊപ്പം സാധാരണക്കാരെയുമാണ് ദുരിതത്തിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: