സോണിയാ കോണ്‍ഗ്രസ് ഒടുവില്‍ തീരുമാനം അറിയിച്ചിരിക്കുന്നു. ധര്‍മത്തിന്റെ വിഗ്രഹവും, ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യത്തിന്റെ ആത്മാവുമായ സാക്ഷാല്‍ ശ്രീരാമചന്ദ്രന് അയോദ്ധ്യയില്‍ ഉയര്‍ന്നിട്ടുള്ള ഭവ്യമായ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ജാതിമത ഭേദമില്ലാതെ, രാഷ്ട്രീയമായ വേര്‍തിരിവില്ലാതെ വിവിധരംഗങ്ങളിലെ പ്രമുഖരെയെല്ലാം പ്രാണപ്രതിഷ്ഠ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. സോണിയ നേരിട്ടുപോവുകയോ പ്രതിനിധികളെ അയയ്ക്കുകയോ ചെയ്യും, പോകാതിരിക്കേണ്ട ആവശ്യമെന്താണ് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നവര്‍ സമയമെത്തിയപ്പോള്‍ തനിനിറം കാണിച്ചിരിക്കുകയാണ്. അതുവരെ ഇല്ലാതിരുന്ന കാരണങ്ങള്‍ പറഞ്ഞാണിത്. ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാതെയാണ് പ്രതിഷ്ഠ നടത്തുന്നത്, ആര്‍എസ്എസും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെണിയാണ് എന്നൊക്കെ പറഞ്ഞ് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുകയാണ്. ഇപ്പോള്‍ ഇങ്ങനെയെല്ലാം പറയുന്നവര്‍ തന്നെയാണ് 2018 ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലം മുതല്‍ രാമന്റെയും രാമക്ഷേത്രത്തിന്റെയും വക്താക്കളായി വേഷംകെട്ടി നടന്നത്. ഇക്കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും കമല്‍നാഥിനെയും പ്രിയങ്ക വാദ്രയെയും പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ രാമജന്മഭൂമിയുടെ വക്താക്കളായി പ്രത്യക്ഷപ്പെട്ടു. ഒരു പടികൂടി കടന്ന് രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത് തങ്ങളുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും, അതിനാല്‍ ഇപ്പോഴത്തെ ക്ഷേത്രം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുവരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുകയുണ്ടായി. കോണ്‍ഗ്രസ് എന്നതിനര്‍ത്ഥം കാപട്യം എന്നാണെന്ന് അറിയുന്നവര്‍ ഇതൊന്നും ചെവിക്കൊണ്ടില്ലെന്നു മാത്രം. തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ലഭിക്കുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കില്ലന്ന് കോണ്‍ഗ്രസ് പറയാന്‍ കാരണം? കോണ്‍ഗ്രസ്സിന് ഇതിനുള്ള ക്ഷണം ലഭിച്ചപ്പോള്‍തന്നെ പാര്‍ട്ടിയുടെ കേരള ഘടകം അതിനെ എതിര്‍ക്കുകയുണ്ടായി. അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്നു കോണ്‍ഗ്രസ്സിന് തീരുമാനിക്കാമെന്ന് ഘടകകക്ഷിയായ മുസ്ലിംലീഗും, മറ്റ് ചില മുസ്ലിം സംഘടനകളും വലിയൊരു സൗമനസ്യമെന്നോണം പറയുകയുണ്ടായി. ഇതിനിടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെത്തി ലീഗിന്റെ മനസ്സറിഞ്ഞു. ഈ വിവരം ഹൈക്കമാന്റിനെ ധരിപ്പിച്ചുകാണണം. ഇതിനെ തുടര്‍ന്നാണ് പ്രാണപ്രതിഷ്ഠയ്ക്ക് പോകേണ്ടെന്ന് ഹൈക്കമാന്റു തീരുമാനിച്ചത്. ബംഗാളും ത്രിപുരയുമൊക്കെ ഭരിച്ച് ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെ തന്നെ നിയന്ത്രിച്ചിരുന്ന സിപിഎം കേരളത്തിലൊതുങ്ങിയതുപോലെയായിരിക്കുന്നു കോണ്‍ഗ്രസ്സിന്റെയും സ്ഥിതി. കേരളത്തില്‍ മാത്രമാണ് ആത്മവിശ്വാസത്തോടെ മത്സരിക്കാന്‍ സാധിക്കുന്നത്. നെഹ്രു കുടുംബത്തിന്റെ തട്ടകത്തിലടക്കം രാജ്യമെമ്പാടും ദയനീയമായി തോല്‍വിയടഞ്ഞപ്പോള്‍ കേരളമാണ് നാണക്കേട് കുറച്ചെങ്കിലും മാറ്റിയത്. മുസ്ലിംലീഗിന്റെ കാരുണ്യത്തില്‍ കൂടുതല്‍ സീറ്റു നേടാന്‍ കഴിഞ്ഞെന്നു മാത്രമല്ല, പരാജയഭീതി പൂണ്ട് അമേഠിയില്‍നിന്ന് ഓടിപ്പോന്ന് വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച പാര്‍ട്ടിയുടെ യുവരാജാവ് ജയിക്കുകയും ചെയ്തു. ഈ അവസ്ഥയ്ക്ക് രാജ്യത്ത് ഇപ്പോഴും വലിയമാറ്റമൊന്നും വന്നിട്ടില്ലെന്ന് കോണ്‍ഗ്രസ്സിനറിയാം. അയോദ്ധ്യയില്‍ പോയില്ലെങ്കില്‍ ഉത്തരഭാരതത്തില്‍ പാര്‍ട്ടി കൂടുതല്‍ ഒറ്റപ്പെടും. പോയാല്‍ വയനാട്ടില്‍ യുവരാജാവ് തോല്‍ക്കും. പാര്‍ട്ടി തോല്ക്കണോ നേതാവ് ജയിക്കണോ എന്ന പ്രശ്നം വന്നപ്പോള്‍ രണ്ടാമത്തേത് തെരഞ്ഞെടുക്കുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. രാജ്യമില്ലാത്ത രാജാക്കന്മാര് എന്നൊരു വിഭാഗം ലോകത്തുണ്ടല്ലോ.
അയോദ്ധ്യയിലെ ബാബറി മസ്ജിദിനുവേണ്ടി നിലകൊണ്ടവര്‍ അവിടെ രാമക്ഷേത്രമാണ് വേണ്ടതെന്ന സുപ്രീംകോടതി വിധി വന്നിട്ടും മനസ്സുമാറ്റിയില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി പുലരുന്ന ഒരു സംസ്കാരത്തിന്റെ അക്ഷയ സ്രോതസ്സും, കോടാനുകോടി ജനങ്ങളുടെ ആരാധ്യദേവനുമായ രാമനെ തിരസ്കരിക്കുന്നവര്‍ ബാബറെ സ്തുതിക്കുകയാണ്! ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാഹുലും വരെ നെഹ്രുകുടുംബത്തിലെ എല്ലാവരും കസാഖിസ്ഥാനിലെ ബാബറിന്റെ ശവകുടീരത്തില്‍പ്പോയി പ്രാര്‍ത്ഥിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പു വേളകളില്മാത്രം ഹിന്ദുവായി ചമയുകയും, ശിവഭക്തനാവുകയുമൊക്കെ ചെയ്യുന്നവരുടെ തനിനിറം ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. രാമാനന്ദ സമ്പ്രദായം അനുസരിച്ച് രാംലല്ലയുടെ നേത്രോന്മീലനം പ്രധാനമന്ത്രി മോദി നടത്തുന്നതിനെതിരെ ചിലര്‍ ശങ്കരാചാര്യന്മാരുടെ പേരില്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിനു പിന്നിലും കോണ്‍ഗ്രസ്സിന്റെ ‘കൈ’തന്നെയാണുള്ളത്. പ്രാണപ്രതിഷ്ഠ ആഘോഷമാക്കാന്‍ ശൃംഗേരി ശങ്കരാചാര്യ ഭാരതിതീര്ത്ഥയും ദ്വാരകാ ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ സരസ്വതിയും ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്സ് ആ ചടങ്ങിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അയോദ്ധ്യയിലെ ക്ഷേത്രത്തില്‍ രാമനില്ല, രാമന് ബിജെപിയുടെ കൂടെയില്ല എന്നൊക്കെയുള്ള കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവനകള്‍ ഇതിനു തെളിവാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ ഒരു ജനതമുഴുവന്‍ ആഹ്ലാദത്തിലാണ്. ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഇതിനു പുറംതിരിഞ്ഞുനില്ക്കുന്നവര് ഭീകരമായി ഒറ്റപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: