ഭോപാല്‍: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനെതിരെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മണ്‍ സിങ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുചിതമാണെന്ന് ലക്ഷ്ണ്‍ സിങ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിങ്ങുമായി രാമക്ഷേത്രം പണിയുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ വീര്‍ ബഹാദൂര്‍ സിങ് സ്ഥാനം രാജിവച്ചു. രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ പ്രശ്നം തീര്‍പ്പ് കല്‍പ്പിക്കാതെ തുടരുകയായിരുന്നുവെന്ന് ലക്ഷ്മണ്‍ സിങ് പറഞ്ഞു. തുടര്‍ന്ന് ഒരു പ്രസ്ഥാനം ലക്ഷ്യവുമായി മുന്നോട്ടുപോയി. രാജ്യത്തുടനീളമുള്ളവര്‍ അതിന്റെ ഭാഗമായി. അതിന് വേണ്ടി പോരാടിയവര്‍ തീരുമാനമെടുക്കും, അവര്‍ തീരുമാനമെടുക്കുകയും ചെയ്തു. ക്ഷണത്തെ സംബന്ധിച്ചിടത്തോളം, അത് നിരസിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. എന്ത് സന്ദേശമാണ് നമ്മള്‍ നല്കുന്നത്. അത്തരത്തിലുള്ള ഉപദേശം നേതൃത്വം സ്വീകരിച്ചാല്‍ വലിയ നഷ്ടം വരുത്തും. ഫലം ഇതുവരെ വന്നതിന് തുല്യമായിരിക്കും. തെരഞ്ഞെടുപ്പില്‍ അത് ദ്യശ്യമാകുമെന്നും ലക്ഷ്മണ്‍ സിങ് പറഞ്ഞു.
അയോധ്യയുടെ കാര്യത്തില്‍ ദിഗ്വിജയ് സിങ്ങിന്റെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോള്‍, വളരെ അറിവുള്ള വ്യക്തിയാണ് അദ്ദേഹമെന്നായിരുന്നു ലക്ഷ്മണ്‍ സിങ്ങിന്റെ മറുപടി. എന്നേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. എല്ലാവരും അയോദ്ധ്യയില്‍ പോകണം. ഞങ്ങള്‍ എല്ലാ വര്‍ഷവും അവിടെ പോകും. ഞങ്ങളുടെ ഭക്തി ശ്രീരാമനിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: