അയോദ്ധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രത്തിന് മുന്നിലാണ് എന്റെ അച്ഛന് വെടിയേറ്റുവീണത്. രണ്ട് വയസായിരുന്നു എനിക്ക്. അനുജത്തി കൃതിക അമ്മയുടെ വയറ്റിലും… ഭഗവാന് രാമന് വേണ്ടിയാണ് അച്ഛന് ജീവന് വെടിഞ്ഞത്. അച്ഛന്റെ സ്വപ്നപൂര്ത്തിക്കുവേണ്ടി ഓര്‍മ്മയായ കാലം മുതല്‍ പ്രാര്‍ത്ഥിക്കുന്നു.. ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ക്ഷണപ്പത്രം നല്കി… അതുനോക്കിനില്ക്കെ ഹൃദയം വിതുമ്പിപ്പോയി… 1990ലെ കര്‍സേവയ്ക്ക് പോയി ബലിദാനിയായ രാജസ്ഥാന് സ്വദേശി സഞ്ജയ്കുമാറിന്റെ മകള്‍ സ്മൃതി ചൗധരിക്ക് കണ്ണീരടക്കാനാവുന്നുണ്ടായിരുന്നില്ല….
ഞാന്‍ കരയുന്നത് എന്റെ അച്ഛന് നഷ്ടമായതിന്റെ വേദനയിലല്ല, ഈ ആവേശകരമായ മുഹൂര്‍ത്തം കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ലല്ലോ എന്ന് ഓര്‍ത്താണ്… ഞാന്‍ പോകും… ബാലകരാമനെ കാണും… പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തത്തില്‍ ഞാന്‍ അവിടെ ഉണ്ടാകണമെന്നത് അച്ഛന്റെയും ആഗ്രഹമാണ്, ബന്‍സാരയിലെ വീട്ടിലിരുന്ന് സ്മൃതി പറഞ്ഞു.
രാമജന്മഭൂമിതീര്ത്ഥ ക്ഷേത്രട്രസ്റ്റിന്റെ ക്ഷണപത്രവുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. അതില്‍ അവര്‍ എന്റെ പേരാണ് എഴുതിയിരുന്നത്… സഞ്ജയ്കുമാറിന്റെ മകള്‍… ആ അച്ഛന്റെ പേരില്‍ ഒരു കത്ത്… ഇത് ഭഗവാന്റെ അനുഗ്രഹമാണ്, സ്മൃതി പറഞ്ഞു.
മുസാഫര്‍ പൂരിലാണ് സഞ്ജയ്കുമാറും കുടുംബവും കഴിഞ്ഞത്. ബന്‍സ്വാരയിലെ ഡോ. ഹിതേഷ് ചൗധരിയെ വിവാഹം കഴിച്ചതിന് ശേഷമാണ് സ്മൃതി ഇവിടേക്ക് മാറിയത്…. കര്‍സേവയുടെ കഥകള്‍ അമ്മയില്‍ നിന്നാണ് കേട്ടത്. അച്ഛനൊപ്പം അയ്യായിരത്തോളം പേരുണ്ടായിരുന്നു. അവര്‍ കര്‍സേവയ്ക്ക് പോയതിന് ശേഷം അമ്മ വിളക്ക് തെളിച്ച് പ്രാര്‍ത്ഥനയിലായിരുന്നു. ഉപവാസമനുഷ്ഠിച്ചു. ‘ശ്രീരാം ജയരാം ജയജയരാം’ എന്ന വിജയമന്ത്രം ഉരുവിട്ടുകൊണ്ടാണ് ഇരുപത്തിനാല് മണിക്കൂറും ചെലവിട്ടത്. എനിക്ക് ആഹാരം തരുമ്പോഴും കുളിപ്പിക്കുമ്പോഴും ഉറക്കുമ്പോഴുമെല്ലാം അമ്മ അതേ മന്ത്രം ഉരുവിട്ടു. അച്ഛന് പോയപ്പോള്‍ അമ്മ കുങ്കുമം ചാര്‍ത്തിയാണ് യാത്രയാക്കിയത്. സീതാദേവിയെ വീണ്ടെടുക്കാന്‍ പോയ രാമസേനയെക്കുറിച്ച് ഓര്‍ക്കണമെന്ന് അച്ഛന് അമ്മയോട് പറഞ്ഞിരുന്നു. ധര്‍മ്മം വിജയിക്കും, എല്ലാവരും ജീവിച്ചിരിക്കണമെന്നില്ല…
അച്ഛന് വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോഴും അമ്മ അതേ വിജയമന്ത്രമാണ് ഉരുവിട്ടത്… എങ്ങനെ ഈ ബലം എന്ന് പിന്നീട് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് രാമമന്ത്രം മൃതസഞ്ജീവനിയാണെന്നാണ്…. ജീവിതത്തിലേക്കും മരണത്തിനപ്പുറത്തേക്കും സഞ്ചരിക്കാനുള്ള മനോബലം അത് തരും… ജീവിതം പിന്നെത്ര കഠിനമായിരുന്നു. ഞങ്ങളെ വളര്‍ത്താന്‍ അമ്മ കൂലിവേല ചെയ്തു. പഠിപ്പിച്ചു… വിവാഹം നടത്തി… ജീവിതം തന്നു…
അമ്മ ഇന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഇതെത്ര സന്തോഷത്തോടെ അവര്‍ സ്വീകരിക്കുമായിരുന്നു… എനിക്കറിയാം അതിന് അതിരുകളുണ്ടാവില്ലെന്ന്.
തലമുറകളുടെ സ്വപ്നസാക്ഷാത്കാരത്തിനാണ് 22ന് രാജ്യം സാക്ഷിയാകുന്നത്. 18ന് ഹിതേഷിനൊപ്പം അയോദ്ധ്യയിലേക്ക് പോകും. ലോകത്തോടൊപ്പം ആ മുഹൂര്‍ത്തത്തിന് ഞാനും സാക്ഷിയാകും…
സഞ്ജയ്കുമാറിന്റെ മകളായതുകൊണ്ടുമാത്രം എനിക്ക് ഭഗവാന് നല്കുന്ന പുണ്യമാണിത്, ആ അച്ഛന്റെ, രാമജയം മന്ത്രമാക്കിയ അമ്മയുടെ മകളായതിന്റെ പുണ്യം…. സ്മൃതി പറയുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: