ആധുനിക ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അശ്വമേധം തന്നെയായിരുന്നു ബിജെപി നേതാവ് എല്‍.കെ അദ്വാനി നയിച്ച രഥയാത്ര. 1990 സപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥില്‍ നിന്ന് ആരംഭിച്ച രഥയാത്ര 10,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഒക്ടോബര്‍ 30ന് അയോദ്ധ്യയില്‍ സമാപിക്കും വിധമാണ് ആസൂത്രണം ചെയ്തിരുന്നത്.
നഷ്ടാവശിഷ്ടങ്ങളില്‍നിന്ന് സോമനാഥ ക്ഷേത്രം പടുത്തുയര്ത്തിയതുപോലെ അയോദ്ധ്യയിലും രാമക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന ലക്ഷ്യമാണ് രഥയാത്ര മുന്നോട്ടുവച്ചത്. ന്യൂനപക്ഷപ്രീണത്തിനെതിരെ ഐക്യത്തിന്റെയും സാംസ്കാരിക ഏകതയുടെയുമൊക്കെ പ്രസക്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള യാത്ര വലിയൊരു ജനമുന്നേറ്റമായി മാറി. അന്ന് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ അധികാരശക്തിയും ജനശക്തിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ദൃശ്യമാണ് പിന്നീട് ലോകം കണ്ടത്.
രഥയാത്ര ഉയര്‍ത്തിവിട്ട തരംഗം കപടമതേതരവാദികളെ വിറകൊള്ളിച്ചു. ജയ് ശ്രീറാം എന്ന മുദ്രാവാക്യം വീഥികളെ പ്രകമ്പനം കൊള്ളിച്ചു. മതേതരത്വം എന്നത് സാംസ്കാരിക പാരമ്പര്യത്തെ നിഷേധിക്കലല്ലെന്ന കാഴ്ചപ്പാട് പരക്കെ ചര്‍ച്ചചെയ്യപ്പെട്ടു. വിഭാഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായ യുപി മുഖ്യമന്ത്രി മുലായം സിങ് യാദവും ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കൈകോര്‍ത്തു. രാമരഥയാത്ര തടയാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ബീഹാറിലെ സമസ്തിപ്പൂരില്‍ വച്ച് പുലര്‍ച്ചെ യാത്രാനായകനായ എല്‍.കെ. അദ്വാനിയെ അറസ്റ്റു ചെയ്തു. ഇതോടൊപ്പം ഉത്തര്‍പ്രദേശില്‍ വലിയ അടിച്ചമര്‍ത്തലിനും തുടക്കമിട്ടു. രാഷ്ട്രീയത്തിലെ വര്‍ഗീയ പ്രീണനത്തെ തുറന്നുകാട്ടുന്നതിലും, അയോദ്ധ്യാ പ്രക്ഷോഭത്തെ ജനകീയമാക്കുന്നതിലും ചരിത്രപരമായ പങ്കാണ് അദ്വാനി നയിച്ച രാമരഥയാത്ര വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: