കോണ്‍ഗ്രസിലായിരിക്കുമ്പോഴും ഹിന്ദു സംസ്കാരത്തിനായി ജീവിച്ച് വാദിച്ച് വിജയിച്ച ശക്തനായ ഹിന്ദു നേതാവായിരുന്നു കെ.എം. മുന്‍ഷി എന്നറിയപ്പെട്ടിരുന്ന കനയ്യലാല്‍ മാണിക്ലാല് മുന്‍ഷി. കുലപതി മുന്‍ഷി എന്ന് പ്രസിദ്ധനായ ഇദ്ദേഹം അഭിഭാഷകനും വിഖ്യാതനായ എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. ഭവന്‍സ് വിദ്യാഭ്യാസ ശൃംഖലയുടെ സ്ഥാപകന്‍ കൂടിയായിരുന്ന കെ.എം. മുന്‍ഷി, നെഹ്റു മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് ഉത്തര്‍പ്രദേശ് ഗവര്‍ണറായി.
മുംബൈയില്‍ വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു മുന്‍ഷി. ഹിന്ദുത്വ ദര്‍ശനത്തെ ലോകമെങ്ങും അവതരിപ്പിക്കുന്നതിലും അതിന് അനുഗുണമായി സാഹിത്യസപര്യ നടത്തുന്നതിലും അദ്ദേഹം പ്രശസ്തനായിരുന്നു. ഇതിഹാസങ്ങളെ അധികരിച്ചുള്ള അദ്ദേഹത്തിന്റെ നോവലുകള്‍ അതിപ്രശസ്തമാണ്. 1941ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ഹിന്ദു മഹാസഭയുമായി അടുത്തു. 1946ല്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലുമായി ഏറെ അടുപ്പമുള്ള ആളായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം പട്ടേലിനൊപ്പം മുന്‍ഷിയും സോമനാഥ ക്ഷേത്രത്തിന്റെ നവീകരണത്തില്‍ ഏര്‍പ്പെട്ടു. രാമജന്മഭൂമി പ്രസ്ഥാനത്തോട് അദ്ദേഹത്തിന് ഏറെ അടുപ്പമുണ്ടായിരുന്നു. ഇക്കാരണത്താല്‍ നെഹ്റു അദ്ദേഹത്തെ ഹിന്ദു നവോത്ഥാനവാദി എന്ന് വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: