(കൃഷ്ണാര്‍ജുന സംവാദം)
അര്ജുനന് പറഞ്ഞു: ജനാര്‍ദ്ദനാ, കര്‍മ്മത്തെക്കാള്‍ ശ്രേഷ്ഠം ജ്ഞാനമാണെന്നാണ് അങ്ങു കരുതുന്നതെങ്കില്‍, കേശവാ, ഈ ഘോരകര്മത്തിലേക്ക് എന്നെ നിയോഗിക്കുന്നതെന്തിന്? ഇടയ്ക്ക് അങ്ങ് പറയുന്നു കര്‍മ്മം ചെയ്യാന്‍, ഇടയ്ക്ക് ജ്ഞാനത്തെ ആശ്രയിക്കാന്‍, ഇങ്ങനെ പലതും കൂട്ടിക്കുഴച്ചു പറഞ്ഞ് അങ്ങ് എന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്നതുപോലെ തോന്നുന്നു. എനിക്കു നന്മ കൈവരുന്നത് ഏതൊന്നിലൂടെയാണെന്നു നിശ്ചയിച്ച്, ആ ഒന്നിനെമാത്രം പറഞ്ഞുതന്നാലും.
ശ്രീഭഗവാന്‍ അരുളിച്ചെയ്തു: ഹേ പാപരഹിതനായ അര്‍ജുനാ! ഈ ലോകത്തുള്ള രണ്ടുതരം നിഷ്ഠയെ, സാധനാമാര്‍ഗങ്ങളെ പറ്റി ഞാന്‍ മുമ്പു പറഞ്ഞു. അതില്‍ സാംഖ്യന്മാരുടെ സാധനജ്ഞാനയോഗത്തിലൂടെയും യോഗികളുടേത് കര്മയോഗത്തിലൂടെയുമാകുന്നു. അതായത് ജ്ഞാനയോഗത്തിലൂടെയും കര്‍മ്മ യോഗത്തിലൂടെയും ഒരേ സദ്ബുദ്ധിയുടെ പ്രാപ്തിയുണ്ടാകുന്നു.
ആ സമത്വ പ്രാപ്തിക്കായി കര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണോ ?
അതെ, അത്യാവശ്യമാണ്. കാരണം, കര്‍മ്മങ്ങള്‍ ആരംഭിക്കാതെ മനുഷ്യന് നിഷ്കര്മതയെ, അതായത് യോഗനിഷ്ഠയെ, പ്രാപിക്കുന്നില്ല. കര്‍മ്മങ്ങളെ ത്യജിച്ചു എന്നതു മാത്രംകൊണ്ട് അവന് സിദ്ധിയെ, അതായത് സാംഖ്യനിഷ്ഠയെ, പ്രാപിക്കുന്നില്ല.
ഈ സമത്വ പ്രാപ്തി കര്‍മ്മ ത്യാഗത്താല്‍ എന്തുകൊണ്ട് സാധിക്കില്ല?
ഏതു സാഹചര്യത്തിലും ഒരു മനുഷ്യനും ഒരു നിമിഷം പോലും കര്‍മ്മം ചെയ്യാതെ ജീവിക്കാന്‍ കഴിയില്ല; കാരണം പ്രകൃതിജന്യ ഗുണ സ്വഭാവത്തിന്റെ സ്വാധീനത്താല്‍ ജീവജാലങ്ങള്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്നു, പിന്നെ എങ്ങനെ ജീവജാലങ്ങള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ ത്യജിക്കാനാകും.
മനുഷ്യന് ഒന്നും ചെയ്യാതെ നിശ്ശബ്ദനായി ഇരുന്നുവെങ്കില്‍, ഇത് കര്‍മ്മ ത്യാഗമല്ലേ?
അല്ല, മിണ്ടാതെ ഇരിക്കുന്നവര്‍, അതായത്, ഇന്ദ്രിയങ്ങളെ പുറത്ത് നിന്ന് മാത്രം നിയന്ത്രിച്ച് മനസ്സില്‍ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്നവര്‍, കര്‍മ്മങ്ങളെ ത്യജിച്ചവരല്ല, മറിച്ച്, അവര്‍ മിഥ്യാചാരന്മാരാണ്.
അങ്ങ് പറഞ്ഞ സമബുദ്ധി കര്‍മ്മങ്ങള്‍ ചെയ്യാതെയോ, കര്‍മ്മങ്ങള്‍ ത്യജിക്കാതെയോ, പുറത്ത് നിന്ന് നിശബ്ദമായി ഇരുന്നുകൊണ്ട് വിഷയങ്ങളെ മനസ്സുകൊണ്ട് ചിന്തിച്ചതുകൊണ്ടോ ലഭിക്കുകയില്ല, അപ്പോള്‍ അത് എങ്ങനെ ലഭിക്കും?
ഹേ അര്‍ജുനാ! ഇന്ദ്രിയങ്ങളെയെല്ലാം സ്വന്തം ഇച്ഛാശക്തിയാല്‍ നിയന്ത്രിച്ച്, നിസ്സംഗനായി, അതേ ഇന്ദ്രിയങ്ങള്‍ കൊണ്ടുതന്നെ കര്മ്മയോഗത്തിലേര്പ്പെടുന്നവന് വിശിഷ്ടനാകുന്നു. അതുകൊണ്ട്, നീ വിഹിതകര്‍മ്മങ്ങളെല്ലാം അനുഷ്ഠിക്കുക. കര്‍മ്മം ചെയ്യാതിരിക്കുന്നതിനെക്കാള്‍ ഉത്തമമാകുന്നു കര്‍മ്മാനുഷ്ഠാനം എന്നതു തന്നെ കാരണം. കര്‍മ്മം ചെയ്യാതെ നിനക്ക് സ്വന്തം ശരീരപാലനം പോലും സാധ്യമല്ലല്ലോ.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: