പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ നിര്‍ണായക തെളിവായ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് അച്ചന്‍കോവില്‍ ആറ്റില്‍ കണ്ടെത്തി. വ്യാപാരിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതികള്‍ ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോയി. ഇത് കണ്ടെത്താനുളള ശ്രമത്തിലായിരുന്നു പൊലീസ്. വലഞ്ചുഴി ഭാഗത്ത് ആറ്റില്‍ എറിഞ്ഞെന്ന സംശയത്തില്‍ മൂന്നു ദിവസം ആയി തിരച്ചില്‍ നടത്തുകയായിരുന്നു.
ഡിസംബര്‍ 30 ന് വൈകിട്ടാണ് വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി ശ്വാസം മുട്ടിച്ച് പ്രതികള്‍ കൊലപ്പെടുത്തിയത്. കൊടുംകുറ്റവാളികളായ മദ്രാസ് മുരുകന്, സുബ്രമണ്യന്‍, മുത്തുകുമാര്‍, വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരാണ് കൊലപാതകത്തിലെ പ്രതികള്‍.
ഇതില്‍ മുത്തുകുമാറിനെ പിടികൂടാനായിട്ടില്ല.ജോര്‍ജ്ജ് ഉണ്ണൂണ്ണി അണിഞ്ഞിരുന്ന ഒമ്പത് പവന് മാലയും പണവും പ്രതികള്‍ കവര്‍ന്നിരുന്നു.
കടയിലെ സി സി ടി വി ഹാര്‍ഡ് ഡിസ്കും പ്രതികള്‍ എടുത്തുമാറ്റിയിരുന്നു.
കൊലപാതകത്തില്‍ ഏറെ പ്രയാസപ്പെട്ടാണ് തെങ്കാശിയില്‍ നിന്ന് പ്രതികളെ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: