കണ്ണൂര്‍: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞ കേസിലെ മുഖ്യപ്രതി സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടാന്‍ എന്‍ ഐ എയെ സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം. കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ പ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നേതാക്കളെ എന്‍ ഐ എ പിടികൂടിയിരുന്നു..
പിടിയിലായ ചിലരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ചാണ് എന്‍ ഐ എ സവാദിലേക്കെത്തിയത്. ഇയാള്‍ കേരളത്തില്‍ തന്നെയുണ്ടെന്നറിഞ്ഞതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് സവാദ് കുടുങ്ങിയത്.
മട്ടന്നൂരില്‍ ഷാജഹാനെന്ന പേരില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിച്ച് വരവെയാണ് എന്‍ ഐ എ സംഘം ഇയാളെ പിടികൂടിയത്.
ഇളയകുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാന് എന്ന് പേര് മാറ്റിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നായിരുന്നു. എന്നാല്‍ സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ഇവരുടെ പിതാവും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുളളതെങ്കിലും എന്‍ ഐ എ വിശ്വസിച്ചിട്ടില്ല.കാസര്‍കോട് സ്വദേശിനിയാണ് സവാദിന്റെ ഭാര്യ. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍ ഐ എ സംഘം മഞ്ചേശ്വരത്തെത്തി. കൊച്ചിയില്‍ നിന്നുളള സംഘമാണ് മഞ്ചേശ്വരത്തെത്തിയിട്ടുളളത്.
സവാദ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഒളിവില്‍ കഴിഞ്ഞത് എട്ട് വര്‍ഷമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ വാടകവീടുകള്‍ തരപ്പെടുത്താന്‍ എസ്ഡിപിഐ സഹായമുണ്ടായിരുന്നു. മട്ടന്നൂരിലെ വാടകവീട്ടില്‍ നിന്ന് താമസം മാറാനിരിക്കെയാണ് പിടിയിലായത്. സവാദിന്റെ ഭാര്യയും സഹായിച്ചവരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്.
സവാദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് കരുതലോടെയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. തുടര്‍ച്ചയായി സിംകാര്‍ഡുകള്‍ മാറ്റി. ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചും ആശയവിനിമയം നടത്തിയെങ്കിലും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒളിവു ജീവിതത്തിനിടയില്‍ വിളിച്ചിട്ടില്ല. കൂട്ടു പ്രതികളുമായും ബന്ധമില്ലായിരുന്നു.
സവാദിന് വിവാഹം കഴിക്കാനും ജോലി തരപ്പെടുത്താനും സഹായിച്ചത് എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ്. ഈ സാഹചര്യത്തില്‍ സവാദിനെ സഹായിച്ചരിലേക്കും അന്വേഷണം നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: