തമ്പി ആന്റണി
കാലിഫോര്‍ണിയില്‍വെച്ചാണ് ഞാന്‍ ആദ്യമായി ശ്രീമാന്‍ മുതുകാടിനെ കാണുന്നത്. ഇവിടെയുള്ള മലയാളി സംഘടനകളില്‍നിന്നും സംഭാവനകള്‍ പ്രതീഷിച്ചുതന്നെയാണ് അദ്ദേഹം വന്നത്. അങ്ങനെ പല രാജ്യങ്ങളിലും പോകാറുണ്ട.് അതൊന്നും രഹസ്യമല്ല. ഞങ്ങളുടെ മലയാളി സംഘടന വളരെ സന്തോഷപൂര്‍വം പണം സ്വരൂപിക്കാന്‍ സഹകരിക്കുകയും ചെയിതു.
സംഭാവനകളെല്ലാം ഓണ്‍ലൈനില്‍ ആയതുകൊണ്ട്, ആര്‍ക്കും പരിശോധിക്കാവുന്നതുമാണ്. ഒരു ദിവസം ഞങ്ങളുടെ അതിഥിയുമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും കഴിഞ്ഞു.
സ്വന്തം ജീവതം മുഴുവനായും ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുക എന്നു പറയുന്നത് ശരിയാണെങ്കില്‍, അത്ര എളുപ്പമുള്ള കാര്യമാണെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. പണം വേണം പക്ഷേ അതു ചെയ്യാനുള്ള മനസ്സ്, അതാണ് ആദ്യം ഉണ്ടാകേണ്ടത്. അദ്ദേഹവും ഭാര്യയും സ്വന്തം വീടും സ്ഥലവും വിറ്റാണ് തുടക്കത്തില്‍ മാജിക് പ്ലാനറ്റില്‍ കുട്ടികള്‍ക്കുവേണ്ട പാര്‍പ്പിടം ഉണ്ടാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാത്രമല്ല ഇത്രയധികം സമയം അവര്‍ക്കുവേണ്ടി ചിലവഴിക്കുകയും നല്ല ഒരു സ്ഥാപനം പണികഴിപ്പിക്കുകയും ചെയ്തു എന്നത് ഒരു വസ്തുതയാണ്. ഇതൊന്നും പണംകൊണ്ടുമാത്രം ചെയ്യാവുന്ന കാര്യമൊന്നുമല്ലന്നറിയാമെല്ലോ. ചാരിറ്റിക്കുവേണ്ടിയുള്ള നോണ്‍ പ്രോഫിറ്റ് സ്ഥാപനങ്ങള്‍ക്ക് പലരീതിയിലും പണം വന്നെന്നിരിക്കും. അതൊക്കെ ആ സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്കും അതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കണം എന്നാണ് നിബന്ധന. അതൊക്കെ പരിശോധിക്കാന്‍ സര്‍ക്കാറിന് കമ്മറ്റികളെ വയ്‌ക്കാവുന്നതാണ്. അതുപോലെതന്നെ അവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ശമ്പളം എടുക്കുക. കൂടാതെ അതിന്റെ സ്ഥാപകനും മാന്യമായ ശമ്പളവും, കൂടാതെ കാറുപയോഗിക്കാനും മറ്റു ചിലവുകള്‍ക്കും അര്‍ഹമായ രീതിയില്‍ എഴുതിയെടുക്കുന്നതില്‍ ഒരപാകതയുമില്ല. കേരളത്തിലുള്ള പല ചാരിറ്റി ഗ്രൂപ്പുകളുടെ സാരഥികളും ഇതാണ് അറിഞ്ഞിരിക്കേണ്ടത്.
അല്ലാതെ ഞാനൊന്നും എടുക്കുന്നില്ല എന്റെ സംഘടനക്കുവേണ്ടി ത്യാഗം സഹിക്കുകയാണെന്നും പറയുന്നിടത്താണ് സംശയം ഉടലെടുക്കുന്നത്. അങ്ങനെ ത്യാഗം സഹിക്കുന്ന മനോഭാവം നല്ലതുതന്നെ. പക്ഷെ മറ്റൊരു ജോലിയും ചെയ്യാത്തതുകൊണ്ട് ചിലവിനും യാത്രക്കുമുള്ള പണം പിന്നെ എവിടുന്നുണ്ടാകും. അതുകൊണ്ട് അതെഴുതിയെടുക്കുകതന്നെ വേണം എന്നാണ് എനിക്കു പറയാനുള്ളത് .
അങ്ങനെ എടുക്കുന്ന ശമ്പളക്കത്തിനും ചിലവുകള്‍ക്കും വ്യക്തമായ കണക്കുകള്‍ ഉണ്ടെങ്കില്‍ എന്തിനാണ് പേടിക്കുന്നത്. ശ്രീ മുതുകാടിന് എല്ലാ ചിലവുകള്‍ക്കും വ്യക്തമായ കണക്കുകള്‍ ഉണ്ട് എന്നും, അത് ആര്‍ക്കും പരിശോധിക്കാവുന്നതാണ് എന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറയുന്നുണ്ട്. അപ്പോള്‍പിന്നെ കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കാതെ, അദ്ദേഹത്തെ കരിവാരിതേക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് വിമര്‍ശകരോടു ചോദിക്കാനുള്ളത്. പിന്നെയുള്ള പരാതി ഭിന്നശേഷിക്കാര്‍ക്കു വേണ്ട രീതിയില്‍ സംരക്ഷണം കിട്ടുന്നുണ്ടോ എന്നതാണ്. അത് നൂറു ശതമാനം കുറ്റമറ്റതായി നടത്തുക എന്നത് ഒട്ടും പ്രായോഗികമല്ല. കാരണം അവിടെ ചേരുന്നവരുടെ ബൗദ്ധികനിലവാരത്തിലുള്ള വ്യത്യസ്ഥതതന്നെ. അവിടെ പോയി കണ്ടിട്ടുള്ളവര്‍ പറയുന്നത് അവിടെ ജോലിചെയ്യുന്നവര്‍ നൂറു ശതമാനം അര്‍പ്പണമനോഭാവത്തോടെ ജോലി ചെയ്യുന്നു എന്നതാണ്. അവിടെ സ്വന്തം മക്കളെയുംകൊണ്ടു പോയിട്ടുള്ള ഒന്നിലധികം അമ്മമാര്‍ക്കു ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നതും കേട്ടിരുന്നു. അങ്ങനെയുള്ള കുട്ടികള്‍ക്ക്, അവരുടെ മാനസികമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാനസികാരോഗ്യവിദക്തരുടെ സേവനവും അത്യന്താപേഷികമാണ്.
ആരോപണങ്ങള്‍ മനസ്സിലാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്ര ശ്രമിച്ചാലും അങ്ങനെയുള്ള കുട്ടികളുടെ കൂടെ ജോലി ചെയ്യാത്തവര്‍ക്കോ, അങ്ങനെയുള്ള കുട്ടികള്‍ ഇല്ലാത്തവര്‍ക്കോ അതിന്റെയൊന്നും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമെന്നില്ല. മുതുകാടിന് അങ്ങനെയുള്ള ഒരു കൂട്ടിയില്ല എന്നദ്ദേഹം പല അഭിമുഖങ്ങളിലും പറയുന്നുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനു പരിചയക്കുറവുണ്ടാകും . അങ്ങനെയെങ്കില്‍ പ്രത്യേകം പരിശീലനം കിട്ടിയ ജീവനക്കാരെ വയ്‌ക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ പറ്റില്ല.
മുതുകാടിനെപ്പോലെ ആരെങ്കിലും സ്വന്തം ജീവിതം ഭിന്നശേഷിക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുന്നവരെ വിമര്‍ശിക്കുകയല്ല, കൂടുതല്‍ പ്രോത്സാഹിക്കുകയും അഭിനന്ദിക്കുകയുമാണ് വേണ്ടത്. കാരണം അതിനുള്ള ഒരു മനസ്ഥിതി എല്ലാവര്‍ക്കും എല്ലാകാലത്തും ഉണ്ടാകണമെന്നില്ല. എല്ലാത്തിനുപരി ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് നല്ലരീതിയില്‍ തുടങ്ങിവെച്ച ഭിന്നശേഷിക്കാരുടെ ഈ സ്ഥാപനം അടച്ചുപൂട്ടാതിരിക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍തന്നെ, വേണ്ട നടപടികള്‍ സ്വീകരിക്കുക. മുതുകാടിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്‌ച്ച പറ്റിയിട്ടുണ്ടെങ്കില്‍ കുറ്റമേറ്റുപറഞ്ഞു ക്ഷമചോദിക്കുക. പ്രത്യേകിച്ചും ‘ഞാന്‍ നിങ്ങള്‍ക്കു തരുന്ന ഔദാര്യമാണ് ‘ എന്ന് ഭിന്നശേഷി കുട്ടികളുടെ അമ്മമാരോട് ശ്രീമാന്‍ മുതുകാട് പറഞ്ഞിട്ടുണ്ടെങ്കില്‍!
നിര്‍ദ്ദേശ്ശങ്ങള്‍
1. എല്ലാ വര്‍ഷവും കണക്കില്‍ ഓഡിറ്റ് ചെയ്യാനായി,
ഒരു സി എ ക്കാരനെ ഉപദേശകനായി വെക്കുക.
2. എല്ലാ വരവുകള്‍ക്കും ചിലവുകള്‍ക്കും വ്യകതമായ കണക്കുകള്‍ സൂക്ഷിക്കുക
3. നടത്തിപ്പുകാരനും മറ്റ് എല്ലാ ജീവനക്കാര്‍ക്കും അര്‍ഹമായ വേതനം കൊടുക്കുക
4. ഭിന്നശേഷിക്കാരെ നോക്കാന്‍ നല്ല പരിശീലനം കിട്ടിയ ജീവനക്കാരെ നിയമിക്കുക.
5. അവിടുത്തെ അന്തരീക്ഷവും പ്രവര്‍ത്തനരീതികളും പരമാവധി ജനങ്ങളില്‍ എത്തിക്കുക.
6. ഇപ്പോളുള്ളതില്‍ കൂടുതല്‍ കുട്ടികളെ എടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യുക .
7. ദിവസേനയുള്ള ആക്ടിവിറ്റിയുടെയും ആഹാരത്തിന്റെയും വിവരങ്ങള്‍ പബ്ലിക് നോട്ടീസ് ബോര്‍ഡില്‍ ആഴ്ചയി ലൊരിക്കലെങ്കിലും പോസ്റ്റു ചെയ്യുക.
8. കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും അവരുടെ അനുവാദമില്ലാതെ മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കാതിരിക്കുക.
(Given their mental and physical challenges, obtaining consent might not be meaningful)
അങ്ങനെ മുതുകാടിന്റെയും, അതുപോലെ ആതുരസേവനം നടത്തുന്ന മറ്റു സംഘടനകളുടെയും പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ എല്ലാവരും പരമാവധി ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: