ശ്രീരാമജന്മഭൂമി വിമോചന പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൊന്നിന് വേദിയായത് മഹാരാഷ്‌ട്രയായിരുന്നു. ഛത്രപതി ശിവജിയുടെ അതേ മറാഠയുടെ മണ്ണില്‍ രാമഭക്തര്‍ വേട്ടയാടപ്പെട്ടു. ശിലാപൂജയുടെയും കര്‍സേവയുടെയും ഭക്തിസാന്ദ്രമായ ശോഭായാത്രകളില്‍ വിറളി പിടിച്ച രാഷ്‌ട്രവിധ്വംസക ശക്തികള്‍ കലാപത്തിന് കോപ്പുകൂട്ടി. മതവികാരങ്ങള്‍ക്ക് മേല്‍ കനല്‍ വാരിയെറിഞ്ഞു.
രാജ്യത്തിന്റെ സാംസ്‌കാരികസ്വാതന്ത്ര്യത്തിനായി ദേശഭക്തരൊന്നടങ്കം സമരഭൂമിയിലിറങ്ങിയ കര്‍സേവക്കാലത്ത് മതഭീകരരുടെ അക്രമത്തെ ചെറുക്കാന്‍ ഒരു ജനതയിലാകെ ആത്മവിശ്വാസം ജ്വലിപ്പിക്കുകയാരുന്നു ബാല്‍കേശവ് ഠാക്കറെ എന്ന ബാല്‍ഠാക്കറെ. പേര് കേട്ട മറാഠാവീര്യത്തെ ഓരോ ചുവടുവയ്പിലും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭയന്നോടരുത്, നിങ്ങള്‍ സിംഹക്കുട്ടികളാണെന്ന് സ്വന്തം നാട്ടുകാരോട് വിളിച്ചുപറഞ്ഞു. അയോദ്ധ്യയിലല്ലെങ്കില്‍ നമ്മള്‍ പിന്നെവിടെ രാമന് ക്ഷേത്രം നിര്‍മ്മിക്കുമെന്ന് ജനങ്ങളെ പ്രചോദിപ്പിച്ചു. ഹിന്ദുസ്ഥാനം വിട്ട് ഹിന്ദുക്കള്‍ മറ്റെവിടേക്ക് പോകും എന്ന് അവരെ പ്രകോപിപ്പിച്ചു. ഈ മണ്ണിന്റെ പവിത്രതയെയും ശൗര്യത്തെയും കുറിച്ച് എഴുത്തിലും വരയിലും വാക്കിലും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു.
എണ്‍പതുകളിലെ ശിലാപൂജയില്‍, ശിലാന്യാസവേളയില്‍, തൊണ്ണൂറിലെ ഐതിഹാസികമായ കര്‍സേവയില്‍, 92ലെ നിര്‍ണായകമായ മുന്നേറ്റത്തില്‍ മറാഠാജനതയുടെയാകെ ആത്മവീര്യമുണര്‍ത്തി അവരെ പങ്കാളികളാക്കിയതില്‍ ബാല്‍ഠാക്കറെ എന്ന കൂസലില്ലായ്മ വഹിച്ച പങ്ക് എഴുതിത്തള്ളാനാവാത്തതാണ്. 1966 ജൂണ്‍ 19ന് മണ്ണിന്റെ മക്കള്‍ മുദ്രാവാക്യവുമായി ശിവസേനയ്‌ക്ക് രൂപം കൊടുക്കുമ്പോള്‍ ഠാക്കറെ സംഘടനയുടെ അടയാളമായി സ്വീകരിച്ചത് ലക്ഷ്യം തെറ്റാത്ത രാമചാപവും ബാണവുമായിരുന്നു. ഇത് രാമരാജ്യമാണെന്ന മഹാത്മജിയുടെ വാക്കുകളെ ഠാക്കറെ ആവര്‍ത്തിച്ചു. സത്യപാലനത്തിന് അധികാരമുപേക്ഷിച്ച രാമനും കടല്‍ കടന്ന് രാവണനെ വധിച്ച രാമനും ഒരേ ഭാരതത്തിന്റെ പൈതൃകമാണെന്ന് ഉദ്‌ഘോഷിച്ചു.
രാജ്യത്തിനും ഹിന്ദുധര്‍മ്മത്തിനുമെതിരായ എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍ നേരിട്ടു. വാക്കുകളിലത്രയും ചങ്കൂറ്റം നിറച്ചു. സമരതീക്ഷ്ണതയില്‍ സംഭവിച്ച സംഘര്‍ഷങ്ങളെയും രക്തച്ചൊരിച്ചിലിനെയും ന്യായീകരിച്ചു. ദേവീദേവന്മാര്‍ ആയുധങ്ങള്‍ ധരിച്ചത് ഉപവാസമിരിക്കാനല്ലെന്ന് ആരുടെ മുഖത്തുനോക്കിയും വിളിച്ചുപറഞ്ഞു. 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം കര്‍സേവകര്‍ നീക്കിയപ്പോള്‍ ‘ഞാനതില്‍ അഭിമാനിക്കുന്നുവെന്ന്, അവരെ ആയിരം വട്ടം അഭിനന്ദിക്കുന്നു’വെന്ന് ആദ്യം പ്രതികരിച്ച നേതാവ് ബാല്‍ ഠാക്കറെ ആയിരുന്നു.
തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച മുതലെടുത്ത് തക്കം പാര്‍ത്തിരുന്ന മതമൗലികവാദികളും ഭീകരരും മുംബൈയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അഴിഞ്ഞാടിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ബാല്‍ ഠാക്കറെ ആഹ്വാനം ചെയ്തു. ശിവസേനക്കാര്‍ നിയമം കൈയിലെടുക്കുന്നുവെന്ന് ആക്ഷേപം വ്യാപകമായപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ അതും ചെയ്യുമെന്ന് ഠാക്കറെ തിരിച്ചടിച്ചു. മുംബൈ നഗരത്തിന്റെ തെരുവുകള്‍ ചോരയുടെ നിറം കൊണ്ട് ചുവന്നപ്പോള്‍ ഠാക്കറെ പ്രതികരിച്ചത് ധര്‍മ്മവിജയത്തിനായുള്ള ഏത് യുദ്ധത്തിലും രക്തച്ചൊരിച്ചിലുണ്ടാകും എന്നായിരുന്നു.
ഭരണകൂടവും അധികാര ശക്തികളും ഠാക്കറെയെ പലകുറി വേട്ടയാടി. കലാപം അഴിച്ചുവിട്ട ഭീകരരെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാരുകള്‍ ഠാക്കറെയ്‌ക്കെതിരെ ജാമ്യമില്ലാത്ത കേസുകള്‍ ചുമത്തി. ഒന്നിനുമുന്നിലും അദ്ദേഹം പതറിയില്ല. ഒരിക്കല്‍ പോലും ചെയ്തതൊന്നും തിരുത്തിയില്ല. 2012ല്‍ എണ്‍പത്തഞ്ചാം വയസില്‍ രോഗബാധിതനായി മരണത്തിലേക്ക് നടക്കുമ്പോഴും ബാല്‍ഠാക്കറെ അടങ്ങാത്ത ധീരതയുടെയും ഇളക്കമില്ലാത്ത നിലപാടുകളുടെയും അടയാളമായി നിലകൊണ്ടു. മുംബൈ ബാദ്ഷാ, മറാഠാ ഷേര്‍, ഹിന്ദുഹൃദയസമ്രാട്ട് എത്രയോ വിളിപ്പേരുകളിലൂടെ അമരത്വം നേടി ആ പോരാളി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: