തിരുവനന്തപുരം: രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായതിലുമധികം ധാന്യങ്ങളും പച്ചക്കറികളും നമ്മുടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും, അധിക ധാന്യം അന്താരാഷ്ട്ര വിപണി വരെ എത്തിക്കണമെന്നും കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കിഴക്കേക്കോട്ട പുത്തരിക്കണ്ടം ഇ.കെ. നായനാര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും കൈത്താങ്ങാകുന്ന നിരവധി പദ്ധതികള്‍ കേന്ദ്രം ലഭ്യമാക്കുന്നുണ്ട്. അവ ഏറ്റവും അവസാനത്തെയാളില്‍പ്പോലും എത്തിക്കാനാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര വിഭാവനം ചെയ്തിരിക്കുന്നതെന്നും, അതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2047 ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ രാജ്യത്തെ ഓരോരുത്തരും ചെയ്യേണ്ട ജോലികളുണ്ട്. ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുക എന്നതാണ് കര്‍ഷകര്‍ ചെയ്യേണ്ടതെങ്കില്‍, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് വീട്ടമ്മമാര്‍ ഇതിനായി ചെയ്യേണ്ടതെന്നും ശോഭ കരന്തലജെ പറഞ്ഞു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പവര്‍ഹൗസ് റോഡ് ശാഖ സംഘടിപ്പിച്ച ചടങ്ങില്‍, ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ 5 ഗുണഭോക്താക്കള്‍ക്ക് പുതിയ പാചക വാതക കണക്ഷനുകള്‍ മന്ത്രി നേരിട്ട് വിതരണം ചെയ്തു. സങ്കല്‍പ്പ് പ്രതിജ്ഞയും എടുത്തു. വിവിധ പദ്ധതികളുടെ ലോണ്‍ അനുമതി പത്രവും ഗുണഭോക്താക്കള്‍ക്ക് കൈമാറി.
പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ & സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐഐഎസ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തിരുവനന്തപുരം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാജീവ് കുമാര്‍, ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജര്‍ ജയമോഹന്, ഐഒബി റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സുജ ബി., കെവികെ പ്രതിനിധി ബിന്ദു കെ. ജോര്‍ജ്ജ്, തിരുവനന്തപുരം ഐസിഎആര്‍ കെവികെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ബിനു സാം ജോണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: