ലണ്ടന്‍: ലോകത്തിന് മുന്നില്‍ നമ്മള് ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ല. നാം വളര്‍ന്നുവരുന്ന ഒരു ആഗോള ശക്തിയാണ്. ഇനി ആര്‍ക്കും നമ്മളെ കണ്ണുരുട്ടി പേടിപ്പിച്ച് രക്ഷപ്പെടാന്‍ പറ്റില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയെ അഭിനന്ദിച്ചുകൊണ്ട് ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനം ഉദ്ധരിച്ച് ലണ്ടനില്‍ സംസാരിക്കുകയായിരുന്നു അദേഹം.
‘ഇന്ത്യയിലെ ഭാരത് ആഖ്യാനത്തെക്കുറിച്ച് ഞാന്‍ കാണുന്നത്’ എന്ന തലകെട്ടോടുകൂടി കോളം ഇന്ത്യയെക്കുറിച്ചുള്ള മാറുന്ന ചൈനീസ് വീക്ഷണത്തിന്റെ ശക്തമായ സ്ഥിരീകരണമാണ്. നമ്മുടെ സാമ്പത്തിക, വിദേശ നയങ്ങളും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളും ഭാരതത്തെ ഒരു പ്രധാന ആഗോള സാമ്പത്തികവും തന്ത്രപരവുമായ ശക്തിയായി ഉയര്‍ത്താന്‍ സഹായിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ അംഗീകരിച്ചതായി വേണം കണക്കാകാനെന്നും അദേഹം പറഞ്ഞു.
ഞങ്ങള്‍ ആരെയും ശത്രുവായി കാണുന്നില്ല, പക്ഷേ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നിലവില്‍ വഷളാണെന്ന് ലോകത്തിന് അറിയാം. എന്നല്‍ നമ്മുടെ എല്ലാ അയല്‍ക്കാരുമായും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും നല്ല ബന്ധം വളര്‍ത്തിയെടുക്കാനാണ് ഭാരതം ആഗ്രഹിക്കുന്നതെന്നും ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ കമ്മ്യൂണിറ്റി സ്വീകരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.
നിങ്ങള്‍ക്ക് ഭാരതത്തെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഞങ്ങളുടെ പ്രതിച്ഛായയും ഉയരുന്ന ആഗോള നിലയും അവഗണിക്കപ്പെടാന്‍ സാധിക്കില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിക്കുന്നു. ഗാല്‍വാനില്‍ (അരുണാചല്‍ പ്രദേശിലെ താഴ്വര) ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നമ്മുടെ ജവാന്മാര് കാണിച്ച ധൈര്യം ഭാരതത്തെക്കുറിച്ചുള്ള ബീജിംഗിന്റെ വീക്ഷണം മാറ്റാന്‍ സഹായിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: