Categories: Kerala

കൈവെട്ട് കേസ് പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരും സംഘടനകളും നിരീക്ഷണത്തില്‍; അറസ്റ്റിന് സാധ്യത

Published by

കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ പ്രതിയായ സവാദ് ഇന്നലെ മട്ടന്നൂരില്‍വെച്ച് പിടിയിലായ സംഭവത്തില്‍ സവാദിന് സഹായം നല്‍കിയ വ്യക്തികളും സംഘടനകളും എന്‍ഐഎ നിരീക്ഷണത്തില്‍. സഹായം നല്‍കിയവരെ കുറിച്ച് ഇതിനകം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ചില തീവ്രസ്വഭാവമുളള ഇസ്ലാമിക സംഘടനകളും എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

കണ്ണൂരുമായി യാതൊരു ബന്ധവുമില്ലാത്ത ഏറണാകുളം സ്വദേശിയായ ഒരാള്‍ കണ്ണൂരിലെത്തി വിവിധയിടങ്ങളില്‍ വാടകയ്‌ക്ക് വീടെടുത്ത് വര്‍ഷങ്ങളോളം താമസിക്കണമെങ്കില്‍ മറ്റ് പലരുടേയും സഹായം ഇയാള്‍ക്ക് ലഭിച്ചിരിക്കുമെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സഹായിച്ചവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്‌ക്ക് ഇവരിലേക്ക് അന്വേഷണം നീങ്ങുകയും അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന.

സവാദിനെ കുടുക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദിവസങ്ങള്‍ക്ക് മുമ്പേ കണ്ണൂര്‍ വിമാനത്താവളം വഴി മട്ടന്നൂരിലെത്തി ക്യാമ്പ് ചെയ്തിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മട്ടന്നൂര്‍ പരിയാരം ബേരത്തിനടുത്ത് വാടകവീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം ഇയാളെ അറസ്റ്റു ചെയ്തത്.

പരിയാരത്ത് ആശാരിപ്പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സ്വാധീന മേഖലയിലാണ് ഇയാള്‍ താമസിച്ചുവന്നത്. കേസില്‍ വിവിധ ഘട്ടത്തില്‍ മറ്റുപ്രതികള്‍ പിടിക്കപ്പെട്ടപ്പോഴും ഒന്നാം പ്രതി ഒളിവിലായിരുന്നു. ആഴ്ചകളായി എന്‍ഐഎ സംഘം മട്ടന്നൂരിലും പരിസരത്തും രഹസ്യാന്വേഷണം നടത്തിവരികയായിരുന്നു.

2010 മാര്‍ച്ച് 23നായിരുന്നു കേസിനാസ്പദമായ സംഭവം. പേര് ഷാജഹാന്‍ എന്നാണെന്നും ജോലി ആശാരിപ്പണിയാണെന്നുമാണ് സവാദ് പരിചയപ്പെടുത്തിയിരുന്നതെന്ന് അയല്‍വാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സവാദിന് ഭാര്യയും രണ്ടു ചെറിയ മക്കളുമുണ്ട്. തൊട്ടടുത്ത വീട്ടില്‍ സവാദ് ആശാരിപ്പണി ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയും അവിടെവെച്ച് സംസാരിച്ചിരുന്നു. രാവിലെയാണ് വിവരം അറിഞ്ഞതെന്നും അയല്‍വാസി പറഞ്ഞു.
ജനുവരി അവസാനത്തോടെ വീടിന്റെ എഗ്രിമെന്റ് അവസാനിക്കുന്നതിനാല്‍ സവാദ് പുതിയ വീട്ടിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നതായ വിവരവും പുറത്ത് വന്നിട്ടുണ്ട്. ഇവിടുത്തെ ഒളിവുജീവിതം മതിയാക്കി മറ്റൊരു സ്ഥലത്തേക്ക് ചേക്കേറാനിരിക്കെയാണ് എന്‍ഐഎ പിടികൂടിയതെന്നാണ് വിവരം.

മുമ്പ് വിളക്കോടാണ് താമസിച്ചിരുന്നുവെന്നതെന്നും അറിയുന്നു. കാസര്‍കോട് നിന്നാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ട് കേസിലെ പ്രതി ഒളിത്താവളം സംബന്ധിച്ച് സംസ്ഥാന പോലീസിന് ഒരു വിവരവും കണ്ടെത്താനാകാത്തതും സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതിനാല്‍ തന്നെ അറസ്റ്റിനുശേഷം പ്രതിയുടെ ഒളിത്താവളം സംബന്ധിച്ചും പോയ വര്‍ഷങ്ങളിലെ പ്രവര്‍ത്തികള്‍ സംബന്ധിച്ചും സഹായിച്ചവിരെ കുറിച്ചും കേരള പോലീസും അന്വേഷണം ശക്തമാക്കിയതായറിയുന്നു. പതിമൂന്ന് വര്‍ഷമായി ഒളിവില്‍ കഴിയവേയാണ് കൈവെട്ട് കേസിലെ ഒന്നാം പ്രതിയായ സവാദ് കണ്ണൂരില്‍ അറസ്റ്റിലായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by