സിഡ്‌നി: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്‌ക്കായി സ്റ്റീവ് സ്മിത്ത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. വിരമിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരമായാണ് സ്മിത്തിന് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലി ആണ് ഇക്കാര്യം അറിയിച്ചത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന വെസ്റ്റിന്‍ഡീസിനെതിരെ അഡ്‌ലെയ്ഡില്‍ 17നാണ് ആദ്യ ടെസ്റ്റ്. ഈ മത്സരത്തില്‍ ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം സ്മിത്ത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ബെയ്‌ലി അറിയിച്ചു. 16 വര്‍ഷത്തെ കരിയറില്‍ ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും ഓപ്പണിങ് സ്ഥാനത്ത് കളിച്ചിട്ടില്ലാത്ത താരമാണ് സ്മിത്ത്. വലിയൊരു പരീക്ഷണത്തിനാണ് ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ മുതിരുന്നത്. കരിയറില്‍ 105 ടെസ്റ്റുകളടക്കം 167 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സ്മിത്ത് കളിച്ചിട്ടുണ്ട്. യാതൊരു പരിചയ സമ്പത്തില്ലെങ്കിലും വാര്‍ണര്‍ ഒഴിവാകുന്ന മുറയ്‌ക്ക് തനിക്ക് സ്ഥാനക്കയറ്റം വേണമെന്ന് സ്മിത്ത് ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്തകളുണ്ട്. ഇക്കാല്യം ഇന്നലെ ജോര്‍ജ് ബെയ്‌ലിയും സ്ഥിരീകരിച്ചു. നാലാം നമ്പറിലും മൂന്നാം നമ്പറിലും മാത്രമാണ് സ്റ്റീവ് സ്മിത്ത് ഇതുവരെ ബാറ്റ് ചെയ്തുവന്നത്. വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ താരം ഇങ്ങോട് ആവശ്യപ്പെട്ടുവരികാണ് സ്ഥാനക്കയറ്റം വേണമെന്ന്. അതിന്റെ കൂടി പിന്‍ബലത്തിലാണ് പുതിയ നീക്കമെന്നും ബെയ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ണര്‍ ഒഴിവാകുന്ന മുറയ്‌ക്ക് ബാറ്റിങ് ഓര്‍ഡറിലേക്ക് വരുന്നയാള്‍ കാമറൂണ്‍ ഗ്രീന്‍ ആയിരിക്കും. ഓപ്പണറായി ആദ്യം കരുതിവച്ചിരുന്നത് മാറ്റ് റെന്‍ഷോയെ ആണ്. റെന്‍ഷോ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ റിസര്‍വ് ഓപ്പണറായി വയ്‌ക്കാനാണ് തീരുമാനം.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിന്‍ഡീസ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് കളിക്കുക. 17ന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് അഡ്‌ലെയ്ഡിലും 25ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റ് ഗബ്ബയിലുമാണ്. ഓസ്‌ട്രേലിയ ഇലവനെതിരായ വാംഅപ്പ് മാച്ച് ഇന്നലെ തുടങ്ങിക്കഴിഞ്ഞു. ടെസ്റ്റ് പരമ്പര കൂടാതെ മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ട്വന്റി20 പരമ്പരകളും വിന്‍ഡീസിന്റെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: