കൊച്ചി: കരുവന്നൂരില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം നല്‍കാനുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ കൂടുതല്‍ പണം എത്തിക്കാന്‍ സര്‍ക്കാരിന്റെ വളഞ്ഞ വഴി. സഹകരണ വകുപ്പിനു കീഴിലുള്ള കേരള ബാങ്ക്, ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സൊസൈറ്റികള്‍ എന്നിവയിലെ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ കുത്തനെ കൂട്ടുകയാണ് ചെയ്തത്. ഒന്‍പതു ശതമാനം വരെ പലിശ നല്‍കാനാണ് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ്. ഇതുവരെ പരമാവധി എട്ടേകാല്‍ ശതമാനം പലിശ വരെയാണ് സംഘങ്ങള്‍ നിക്ഷേപര്‍ക്ക് നല്‍കിയിരുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 9.50 ശതമാനം പലിശ ലഭിക്കും.
പലിശ കുത്തനെ വര്‍ദ്ധിപ്പിച്ചതോടെ ഇതര ബാങ്കുകളിലും ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള അര്‍ബന്‍ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ പേരും പിന്‍വലിച്ച്, കേരള ബാങ്കിലും ഇതര വകുപ്പിന്റെ കീഴിലുള്ള ഇതര ബാങ്കുകളിലും സൊസൈറ്റികളിലും നിക്ഷേപിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍.
ഇങ്ങനെ കൂടുതല്‍ നിക്ഷേപം എത്തുന്നതോടെ കൂടുതല്‍ തുക ബലമായും നിര്‍ബന്ധിച്ചും കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. കൂടുതല്‍ സഹ സംഘങ്ങളും ഇടതു പക്ഷമാണ് ഭരിക്കുന്നത്. അതിനാല്‍ വലിയ പ്രശ്നങ്ങളില്ലാതെ പണം കണ്‍സോര്‍ഷ്യത്തില്‍ എത്തിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഇങ്ങനെ ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപ സമാഹരണ യജ്ഞവും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പലിശ ലഭിക്കുമെന്നു കണ്ട് തങ്ങള്‍ കേരള ബാങ്കിലും സഹകരണ സൊസൈറ്റികളിലും ഇടുന്ന പണം കരുവന്നൂര്‍ കണ്‍സോര്‍ഷ്യത്തിലേക്കാണ് പോകുന്നതെന്ന് നിക്ഷേപകര്‍ അറിയുന്നില്ല. ഇതാണ് സര്‍ക്കാരിന്റെ പദ്ധതിയെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ കൂടുതല്‍ പലിശയെന്ന തന്ത്രത്തില്‍ വീഴുകയുമില്ല. അതിനാണ് സഹകരണ നിക്ഷേപസമാഹരണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
സഹകരണ സംഘങ്ങളും വകുപ്പിന്റെ കീഴിലുള്ള ബാങ്കുകളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും നല്കാവുന്ന പരമാവധി പലിശ പുതുക്കി നിശ്ചയിച്ചാണ് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. പുതിയ പലിശ ഇന്നലെ നിലവില്‍ വന്നു. 91 മുതല്‍ 179 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴര ശതമാനവും(നിലവില്‍ 7 ശതമാനം) 180 മുതല്‍ 364 ദിവസം വരെ 7.75 ശതമാനവും (7.25 ) ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ 8.25 ആയിരുന്നത് 9 ശതമാനമാക്കി. രണ്ടു വര്‍ഷവും അതിനു മുകളിലും എട്ടു ശതമാനമായിരുന്നത് 8.75 ശതമാനമാക്കി.
ഇതിനു പുറമേ മുതിര്‍ന്ന പൗരന്മാരുടെ എല്ലാ സ്ഥിര നിക്ഷേപങ്ങള്‍ക്കും അര ശതമാനം കൂടുതല്‍ പലിശ നല്‍കും. നിലവില്‍ കണ്‍സോര്‍ഷ്യത്തില്‍ കാര്യമായി പണം എത്തുന്നില്ല. വന്നതില്‍ കുറേ ഇരകള്‍ക്ക് നല്കി. അതുകൊണ്ടൊന്നും എങ്ങും എത്തിയിട്ടില്ല. പല ബാങ്കുകളും ഈ പണം എങ്ങനെ തിരിച്ചു കിട്ടുമെന്ന ഭയത്തിലാണ്. അതിനാലാണ് പലരും കണ്‍സോര്‍ഷ്യത്തിലേക്ക് പണം നല്‍കാത്തത്. പലിശ കൂട്ടിയതോടെ ബാങ്കുകളിലേക്ക് കൂടുതല്‍ പണം എത്തുമെന്നും അത് കൈവശപ്പെടുത്താമെന്നുമാണ് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് സഹകരണ വകുപ്പിന്റെ കണക്കു കൂട്ടല്‍. നിക്ഷേപകര്‍ ഇതറിഞ്ഞാല്‍ സര്‍ക്കാര്‍ നീക്കം പാളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: