അമ്പലപ്പുഴ: നെല്‍ വില ലഭിക്കാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. എന്തു ചെയ്യണമെന്നറിയാതെ ഭാര്യയും മക്കളും. തകഴി കുന്നുമ്മ കാട്ടില്‍ പറമ്പില്‍ പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് ജപ്തി നോട്ടീസ് വന്നത്. 2023 നവംബര്‍ 11നാണ് പ്രസാദ് ജീവനൊടുക്കിയത്. കൃഷി നടത്തുന്നതിനായി പല ബാങ്കുകളും കയറിയിറങ്ങിയിട്ടും വായ്പ ലഭിക്കാതെ വന്നതോടെയാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ഈ കര്‍ഷകന്റെ വീടും അഞ്ചുസെന്റ് സ്ഥലവുമാണ് ഇപ്പോള്‍ ജപ്തി ഭീഷണിയിലായിരിക്കുന്നത്.
പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി, പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത വായ്പ കുടിശികയായതിന്റെ പേരിലാണ് ഇപ്പോള്‍ കോര്‍പ്പറേഷനില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. 2022 ആഗസ്ത് 27 നാണ് 60,000 രൂപ സ്വയം തൊഴില്‍ വായ്പയായി എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷന് ആലപ്പുഴ ജില്ലാ ഓഫീസില്‍ നിന്ന് ഓമനക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്.
എന്നാല്‍ പ്രസാദ് മരണമടഞ്ഞ് മൂന്നാം ദിവസമായ നവംബര്‍ 14 ന് കോര്‍പ്പറേഷനിറക്കിയ ഈ നോട്ടിസ് കുടുംബത്തിന് ലഭിക്കുന്നത് രണ്ടു ദിവസം മുന്‍പാണ്. പാട്ടത്തിനെടുത്ത മൂന്നര ഏക്കറില്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രസാദ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്. ഭര്‍ത്താവ് മരിച്ച ശേഷം താന്‍ ഇതുവരെ ഒരു ജോലിക്കും പോയിട്ടില്ലെന്നും ഓമന പറയുന്നു.പ്രസാദിന്റെ മരണത്തിനു മുമ്പ് ഓമന തൊഴിലുറപ്പിന് പോയിരുന്നു.
ഭര്‍ത്തൃവീട്ടില്‍ നിന്നെത്തിയ മകള്‍ അദീന അന്നു മുതല്‍ അമ്മയ്ക്കൊപ്പമുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് കുടുംബം കഴിയുന്നതെന്ന് ഇവര്‍ പറയുന്നു. കൃഷി മന്ത്രി പി. പ്രസാദ്, കര്‍ഷകന്റെ മരണത്തിന് ശേഷം വീട് സന്ദര്‍ശിച്ച് ധനസഹായം അടക്കം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഒരു സഹായവും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: