മലപ്പുറം: ദാനമായി ലഭിച്ച ഭൂമി തിരികെ ആവശ്യപ്പെടുന്നതായി പരാതി. ആലപ്പുഴ മാന്നാര്‍ കുരട്ടിശേരി കലാഭവനില്‍ കലാധരന്‍ എന്ന മുസ്തഫയ്ക്ക് ദാനമായി ലഭിച്ച ഭൂമിയാണ് തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. കുരട്ടിശ്ശേരി തുണ്ടിയില്‍ മുഹമ്മദ് ഇസ്മായില്‍ കുഞ്ഞാണ് ഭൂമി തിരികെ കിട്ടാന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കലാധരന്‍ പൊന്നാനി മഊനത്തുല്‍ ഇസ്ലാം അസോസിയേഷന് വഴി ഇസ്ലാം മതവും മുസ്തഫ എന്ന പേരും സ്വീകരിച്ചു. സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം 2014ല്‍ വിവാഹം കഴിച്ച കലാധരനും സിജിയും മതം മാറി മൂന്ന് വര്‍ഷത്തിന് ശേഷം 2017ല്‍ ആലപ്പുഴ അല്‍ഹുദ മഹല്‍ ജമാഅത്തില്‍ മുസ്ലിം ആചാരപ്രകാരം വീണ്ടും വിവാഹിതരായി. മതം മാറിയതിന് പിന്നാലെ പാണക്കാട് സെയിദ് ഹൈദരാലി ഷിഹാബ് തങ്ങളുടെ കൈയില്‍ നിന്നും സഹായിക്കാന്‍ ആവശ്യപ്പെട്ടുള്ള കത്തും വാങ്ങി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാല് സെന്റ് സ്ഥലം ദാനമായി മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ് കലാധരന്‍ നല്‍കിയത്.
മതംമാറ്റ രേഖകള്‍ പലതവണ മുഹമ്മദ് ഇസ്മായില്‍ കുഞ്ഞ് ആവശ്യപ്പെട്ടെങ്കിലും ദുരുപയോഗം ചെയ്തേക്കാമെന്ന ഭയത്തില്‍ കലാധരന്‍ നല്‍കിയില്ല. അവിടെ വീടുനിര്മിക്കുകയും ചെയ്തു. എന്നാല്‍ കണിശമായ ഇസ്ലാം മതവിശ്വാസം പിന്തുടരുന്നില്ലെന്നും മതംമാറ്റ രേഖകള്‍ നല്‍കുന്നില്ലെന്നും കാണിച്ചാണ് ഭൂമി തിരികെ ആവശ്യപ്പെടുന്നത്. ആയുഷ്കാലം അധ്വാനിച്ച പണം മുഴുവന്‍ ചെലവഴിച്ചും പരസഹായത്താലുമാണ് ഭിന്നശേഷിക്കാരനായ കലാധരന്‍ വീട് പണിയുന്നത്. ഇതിനിടെയാണ് ഇസ്മായില്‍ കുഞ്ഞ് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: