കണ്ണൂര്‍ : സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ ബുധനാഴ്ചയും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാല്‍ടെക്സ് ദേശീയപാത ഉപരോധിച്ചു.
ഉപരോധം 10 മിനിറ്റ് നീണ്ടതോടെ നേതാക്കന്മാരെയെല്ലാം പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. ബലപ്രയോഗത്തിനിടെ പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരുടെ മുണ്ട് പിടിച്ചുവലിച്ച് അഴിച്ചെന്നും ആരോപണമുണ്ട്്. പ്രതിഷേധ സമരം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും, പോലീസിന്റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിനെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലെ കേസില്‍ നാലാം പ്രതിയാണ് രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: