കോഴിക്കോട്: ഏലംകുളം മനയില്‍ ഇ.എം.എസിനു കിട്ടിയ ഭൂസ്വത്ത് വിറ്റ് വാങ്ങിയ കോഴിക്കോട് ബീച്ച് റോഡിലെ ദേശാഭിമാനി ഓഫിസ് കെട്ടിടം ഉള്‍പ്പെട്ട 58 സെന്റ് വിറ്റ് സി പി എം നേതാക്കള്‍ കമ്മിഷന് തരപ്പെടുത്തിയതായി ആരോപണം. സി പി എം അഭിമാനപൂര്‍വം ഓര്‍മിപ്പിക്കുന്ന കണ്ണൂരിലെ പാലോറ മാതയുടെ പശുക്കുട്ടിയെ വിറ്റു കിട്ടിയ സംഭാവന ഉള്‍പ്പെടുത്തിയാണ് കോഴിക്കോട് ദേശാഭിമാനിയില്‍ റോട്ടറി പ്രസ് സ്ഥാപിച്ചത്.മാത ദേശാഭിമാനിക്ക് പശുക്കുട്ടിയെ സംഭാവന നല്‍കിയതിനെ പ്രകീര്‍ത്തിക്കുന്ന നാടോടിപ്പാട്ടുകള്‍ പോലുമുണ്ടായി.
ഇ.എം.എസിന്റെയും പാലോറ മാതയുടെയും സ്മരണകള്‍ ഉറങ്ങുന്ന കോഴിക്കോട് ദേശാഭിമാനി കെട്ടിടം സ്മാരകമായി സംരക്ഷിക്കണമെന്ന വാദം തള്ളിയാണ് 22 കോടി രൂപയുടെ കച്ചവടം. കോഴിക്കോട്ടെ സ്വകാര്യ ഫ്ലാറ്റ് നിര്‍മാതാക്കളാണ് ഭൂമി വാങ്ങിയത്. ഓഫിസ് ഒഴിയാന്‍ ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
രാമനാട്ടുകരയില്‍ ജനുവരി 11 നു മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിടുന്ന കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ ദേശാഭിമാനി ഓഫിസും പ്രസും അങ്ങോട്ടു മാറ്റും.
ഫ്ലാറ്റ് ഇടപാടിനു കമ്മിഷനായി സിപിഎം നേതാക്കളുടെ ബിനാമികള്‍ക്ക് മൂന്നു ഫ്ലാറ്റ് നല്കുമെന്നു നിര്‍മാതാക്കളുമായി രഹസ്യ ധാരണയുണ്ടാക്കിയതായും ആരോപണമുണ്ട്.
ഇ.പി.ജയരാജന് ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് കോഴിക്കോട് ദേശാഭിമാനി കെട്ടിടം വില്ക്കാന് നടത്തിയ ശ്രമം ചീഫ് എഡിറ്ററായിരുന്ന വി.വി.ദക്ഷിണാമൂര്‍ത്തിയുടെ കടുത്ത എതിര്‍പ്പു കാരണം നടന്നില്ല. ദേശാഭിമാനിക്ക് തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലുണ്ടായിരുന്ന ഓഫിസ് കെട്ടിടം ജയരാജന് മുന്‍കയ്യെടുത്ത് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനു വിറ്റിരുന്നു.
ഇത്തവണ സിപിഎം കോഴികോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ എതിര്‍പ്പ് അവഗണിച്ചാണ് വില്പന കരാറാക്കിയത്. ദേശാഭിമാനി സ്ഥലം വില്‍ക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ലെന്നും ഇ.എം.എസിന്റെ സ്മാരകമാക്കി കെട്ടിടം നിലനിര്‍ത്തണമെന്നും മോഹനന് ശക്തമായ വാദമുന്നയിച്ചിട്ടും ഫലമുണ്ടായില്ല.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ഇടപാടിന് അനുമതി നല്കി.
ഇ എം എസിന്റെ കുടുംബ സ്വത്ത് വിറ്റ് അന്നു കിട്ടിയ 75,000 രൂപയാണ് ഇപ്പോള്‍ 22 കോടിയും കമ്മിഷനുമായി മാറ്റിയെടുക്കുന്നത്. ദേശാഭിമാനിക്ക് വാരികയുടെ രൂപത്തില്‍ തുടക്കമിട്ട ചരിത്ര സ്മാരകമാണ് അന്യമാകുന്നതെന്ന വ്യഥയിലാണ് കോഴിക്കോട്ടെ പഴയ തലമുറയിലെ സി പി എം നേതാക്കളും അണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: